|    Dec 7 Wed, 2016 1:21 am
FLASH NEWS

കള്ളപ്പണവേട്ട ശക്തമാക്കുന്നു

Published : 24th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കള്ളപ്പണം കണ്ടെത്താന്‍ ആദായനികുതി വകുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു. കള്ളപ്പണം വെളിപ്പെടുത്താനുള്ള രണ്ടു പദ്ധതികളുടെയും കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണു നടപടി. കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്താത്തവരും ഭാഗികമായി മാത്രം വെളിപ്പെടുത്തിയവരും ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതാണ് പരിശോധന ഊര്‍ജിതമാക്കാന്‍ കാരണം.
കൊല്‍ക്കത്തയില്‍ മൂന്നുകോടി രൂപ മാത്രം അനധികൃത പണം വെളിപ്പെടുത്തിയ സ്ഥാപനത്തില്‍ പിന്നീട് ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 30 കോടിയുടെ കള്ളപ്പണമാണു പിടിച്ചെടുത്തത്. ഇത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. ഈ സ്ഥാപനത്തിന്റെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേപോലെ ഡല്‍ഹിയിലെ ഒരു അഭിഭാഷകനില്‍ നിന്ന് 125 കോടിയുടെ കള്ളപ്പണവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസാന തിയ്യതിയായ സപ്തംബര്‍ 30നു ശേഷം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ നിന്ന് ഇതുപോലുള്ള ഏതാനും കേസുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആഭ്യന്തര കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതിപ്രകാരം രാജ്യത്ത് 65,250 കോടി രൂപയുടെ കള്ളപ്പണമാണു പുറത്തുവന്നത്. ഇതുവഴി ഏതാണ്ട് 30,000 കോടി രൂപയാണു നികുതിയിനത്തില്‍ രാജ്യത്തെ ഖജനാവിലെത്തിയത്.
കഴിഞ്ഞവര്‍ഷം വിദേശ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതിയില്‍ 644 കേസുകളിലായി 2,428 കോടി രൂപ നികുതിയായി ലഭിച്ചു. അതേസമയം, ഇന്ത്യയിലും വിദേശത്തും പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ റിപോര്‍ട്ട് പുറത്തുവിടാന്‍ കഴിയില്ലെന്നു ധനകാര്യമന്ത്രാലയം പറഞ്ഞു. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ചു വര്‍ഷം മുമ്പാണ് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ഡല്‍ഹി ആസ്ഥാനമായ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക്ക് ഫിനാന്‍സ് ആന്റ് പോളിസി, നാഷനല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച്, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നിവ സംയുക്തമായി ഇതുസംബന്ധിച്ച് പഠന റിപോര്‍ട്ട് തയ്യാറാക്കിയത്. മൂന്നു വര്‍ഷം മുമ്പാണ് റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day