|    Dec 4 Sun, 2016 7:26 am
FLASH NEWS

കളിവീണയില്‍ മാന്ത്രിക സ്പര്‍ശവുമായി ഹുസയ്ന്‍ യാത്ര തുടരുന്നു

Published : 25th October 2016 | Posted By: SMR

എച്ച്  യഹ്‌യ

പത്തനംതിട്ട: തോളിലെ തുണിസഞ്ചിയില്‍ നിറയെ കളിവീണയുമായി 67ാം വയസ്സിലും സഞ്ചരിക്കുകയാണ് ഹുസയ്ന്‍ എന്ന കളിവീണ വില്‍പനക്കാരന്‍. പിതാവിന്റെ പക്കല്‍നിന്ന് അഭ്യസിച്ചെടുത്ത കളിവീണയുടെ നിര്‍മിതിക്കൊപ്പം സംഗീതവും വശത്താക്കി. ഇന്നു സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ പൂരപ്പറമ്പുകളില്‍ ഹുസയ്‌നെ കാണാന്‍ കഴിയും.
12 വയസ്സിലാണ് പിതാവ് ബാബുല്‍ സാഹിബിന്റെ പക്കല്‍നിന്നു ഹുസയ്ന്‍ കളിവീണ നിര്‍മിക്കാന്‍ പഠിക്കുന്നത്. സഹോദരന്‍ ഷാജഹാനും കളിവീണ വില്‍പനക്കാരനാണ്. ചിരട്ട, ഈറ, ബൈക്കിന്റെ ബ്രേക്ക് കേബിള്‍ പിരിച്ചുണ്ടാക്കിയ കമ്പി, ബോയ്ക്ക് വേണ്ടി വാഴനാര് എന്നിവകൊണ്ടാണ് കളിവീണ നിര്‍മിക്കുന്നത്. രണ്ടു കമ്പി വീണയ്ക്ക് 80 രൂപയും ഒറ്റക്കമ്പി വീണയ്ക്ക് 60 രൂപയുമാണു വില.
സംഗീതത്തോടുള്ള അടങ്ങാത്ത ആവേശത്തില്‍നിന്നാണ് നെയ്ത്ത് ഗ്രാമത്തില്‍നിന്ന് ഈ മേഖലയിലേക്കു കടന്നുവരാന്‍ ഹുസയ്‌നെ പ്രേരിപ്പിച്ചത്. പിന്നീട് ഇത് ജീവിതമാര്‍ഗമായി സ്വീകരിച്ചു. ഇടയ്ക്ക്  കളിവീണ വാങ്ങാന്‍ ആരും ഇല്ലായിരുന്ന കാലമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇതിന് ആവശ്യക്കാര്‍ ഏറെയാണെന്നാണ് ഹുസയ്ന്‍ പറയുന്നത്.
ആവശ്യക്കാര്‍ കൂടുതലും കുട്ടികളാണ്. ക്ലാസിക്, വെസ്റ്റേണ്‍ ഏതുവേണമെങ്കിലും കളിവീണയില്‍ മീട്ടാം. ഇതു പഠിച്ചാല്‍ പിന്നെ വയലിന്‍ വായിക്കാന്‍ എളുപ്പമാണ്. ഇതിനുവേണ്ടിയാണ് ആവശ്യക്കാര്‍ ഏറെയും. കേരളത്തില്‍ എല്ലായിടത്തും പോയിട്ടുണ്ടെങ്കിലും ഇതുവരെയായിട്ടും ഒരു കളിവീണ വില്‍പനക്കാരനെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹുസയ്ന്‍.
ദിവസം 20 മുതല്‍ 30 വരെ വീണകള്‍ വില്‍ക്കും. വീണ നിര്‍മാണത്തിനു പുറമേ കുട്ടികള്‍ക്ക് വയലിന്‍ ക്ലാസുകളും എടുക്കാറുണ്ട്. സംഗീതം കേള്‍വിക്കാരന് ആസ്വാദ്യകരമാണെങ്കിലും മറ്റു ചിലര്‍ക്ക് അത് ഒരുനേരത്തെ അന്നമാണെന്ന് ഹുസയ്ന്‍. കളിവീണയില്‍ ശ്രോതാവിന് ഒരു വസന്തം തന്നെ നല്‍കിയാണ് തിരുവനന്തപുരം ബാലരാമപുരത്തുകാരന്‍ ഹുസയ്ന്‍ ദേശങ്ങള്‍ താണ്ടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day