|    Oct 21 Fri, 2016 1:11 am
FLASH NEWS

കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ അപകടങ്ങള്‍ പതിവായി

Published : 27th July 2016 | Posted By: SMR

കല്‍പ്പറ്റ: കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി റൂട്ടിലെ അമിതവേഗം തടയാന്‍ ആര്‍ടിഒ മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുള്‍പ്പെടെ പരിശോധന തുടങ്ങിയെങ്കിലും ജീവന്‍ പൊലിയുന്നതു തുടരുന്നു. സ്വകാര്യബസ്സുകളുടെ മല്‍സരയോട്ടത്തെ തുടര്‍ന്ന് മേഖലയില്‍ അപകടം പതിവായതോടെയാണ് പരിശോധന കര്‍ശമാക്കിയത്.
സ്പീഡ് റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ബസ്സുകളുടെ ഫിറ്റ്‌നസ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. പരിശോധന നിലച്ചതോടെ വീണ്ടും അപകടങ്ങള്‍ വര്‍ധിക്കാന്‍ തുടങ്ങി. റൂട്ടില്‍ വാഹനങ്ങളുടെ അമിതവേഗമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം. ഈ മാസം എട്ടിനാണ് കൃഷ്ണഗിരിയില്‍ നിയന്ത്രണംവിട്ട ബസ് മറിഞ്ഞ് നടന്നു പോവുകയായിരുന്ന രണ്ടു പേര്‍ മരിച്ചത്.
ജൂണ്‍ ഏഴിന് വാര്യാട് ബസ്സും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രക്കാരനായ പൊഴുതന സ്വദേശിയായ യുവാവ് സായൂജിന്റെ ജീവനാണ് പൊലിഞ്ഞത്. ടാങ്കറിന് പിന്നില്‍ സ്‌കൂട്ടറിടിച്ചായിരുന്നു അപകടം. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് റൂട്ടില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കല്‍പ്പറ്റയില്‍ നിന്നു സുല്‍ത്താന്‍ ബത്തേരിയിലേക്ക് രണ്ടര മിനിറ്റിന് ഒരു കിലോമീറ്റര്‍ എന്ന തോതിലാണ് ആര്‍ടിഒ സ്പീഡ് അനുവദിച്ചിരിക്കുന്നത്. 25 കിലോമീറ്ററാണ് കല്‍പ്പറ്റയില്‍നിന്നു സുല്‍ത്താന്‍ ബത്തേരിയിലേക്കുള്ളത്. നിശ്ചയിച്ച സ്പീഡില്‍ കല്‍പ്പറ്റയില്‍ നിന്നു സുല്‍ത്താന്‍ ബത്തേരിക്കെത്തണമെങ്കില്‍ 63 മിനിറ്റ് വേണം. എന്നാല്‍, ബസ്സുകളെടുക്കുന്നത് വെറും 50 മിനിറ്റില്‍ താഴെ. യാത്രക്കാരെ കൂടുതല്‍ കിട്ടുന്നതിനായി ചിലയിടങ്ങളില്‍ വേഗത കുറച്ചും ചിലയിടത്ത് കൂട്ടിയുമാണ് ഓടിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് അമ്പലവയല്‍ കവല വരെ അഞ്ചു കിലോമീറ്റര്‍ ഓടുന്നത് 13 മിനിറ്റെടുത്താണ്. ഒച്ചിഴയും വേഗമാണിവിടെ. അമ്പലവയല്‍ ഭാഗത്തുനിന്നു വരുന്ന കല്‍പ്പറ്റ യാത്രക്കാരെ പ്രതീക്ഷിച്ചാണിങ്ങനെ ചെയ്യുന്നത്. എന്നാല്‍, അവിടെ നിന്നു മീനങ്ങാടിയിലേക്കുള്ള ഏഴു കിലോമീറ്റര്‍ ദുരം താണ്ടുന്നത് വെറും 10 മിനിറ്റെടുത്താണ്.
ഇവിടെയാണ് ബസ്സുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത്. കൊളഗപ്പാറയ്ക്കും കൃഷ്ണഗിരിക്കുമിടയിലാണ് ഈ മരണപ്പാച്ചില്‍. പോലിസും ഗതാഗതവകുപ്പും സുരക്ഷാ ബോര്‍ഡുകള്‍ വച്ചിട്ടുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ ഗൗനിക്കാറില്ല. നിരവധി അപകടങ്ങളാണ് ഇവിടെ ദിനംപ്രതിയുണ്ടാവുന്നത്.
സ്ഥിരമായി ഈ റൂട്ടില്‍ ഓടുന്ന ഡ്രൈവര്‍മാരാണ് അപകടമുണ്ടാക്കുന്നത്. റോഡ് പരിചയമില്ലാഞ്ഞിട്ടല്ല. അശ്രദ്ധകൊണ്ടും അമിതവേഗം കൊണ്ടും മാത്രമാണ് അപകടമുണ്ടാവുന്നത്. വേഗനിയന്ത്രണ സംവിധാനവും സിസി ടിവിയും വച്ച് നിരീക്ഷണം നടത്തിയാലേ ഇതിനു പരിഹാരമുണ്ടാവുകയുള്ളൂവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍, പല പരിഹാരങ്ങളും നിര്‍ദേശിക്കപ്പെട്ടെങ്കിലും കാര്യക്ഷമമായി ഒന്നും നടപ്പാക്കാന്‍ ഗതാഗഗത വകുപ്പിന് സാധിച്ചിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day