കലാഭവന്‍മണിയുടെ പേരില്‍ തൃശൂരില്‍ ക്ഷേത്രം വരുന്നു; പ്രതിഷ്ഠയുടെ നിര്‍മാണം ആരംഭിച്ചു

തൃശൂര്‍: കലാഭവന്‍ മണിയുടെ പേരില്‍ ക്ഷേത്രം പണിയുന്നു. ശ്രീ കലാഭവന്‍ മണി ദേവസ്ഥാനം എന്ന പേരിലാണു ക്ഷേത്രമുയരുന്നത്. തൃശൂര്‍ വരന്തരപ്പിള്ളിയിലാണ് അദ്ദേഹത്തിന്റെ ആരാധകരായ ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ക്ഷേത്രം പണിയുന്നത്. ജൂലൈ പകുതിയോടെ നിര്‍മാണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീ കലാഭവന്‍ മണി ദേവസ്ഥാന ട്രസ്റ്റ് പ്രവര്‍ത്തകര്‍.
മണിയുടെ അടുപ്പക്കാരനായ രേവത് ബാബുവിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം പേരാണ് ഇതിന് മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ കുറഞ്ഞ വിലയ്ക്ക് നാല് സെന്റ് സ്ഥലം വാങ്ങിയാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്രത്തിന് ഏഴ് ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. അഞ്ചടി ഉയരമുള്ള കരികല്ലില്‍ തീര്‍ത്ത പ്രതിമയാണ് ഇവിടെ പ്രതിഷ്ഠിക്കുക. പ്രതിമയുടെ നിര്‍മാണം തൃശൂരില്‍ ആരംഭിച്ചു. നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉല്‍സവത്തോടെ ക്ഷേത്രം തുറക്കും.
തന്നെ ജീവനു തുല്യം സ്‌നേഹിക്കുകയും തന്നെയും കുടുംബത്തെയും സഹായിക്കുകയും ചെയ്ത കലാഭവന്‍ മണിയോടുള്ള സ്‌നേഹമാണ് മണിയുടെ പേരില്‍ ക്ഷേത്രമായി ഉയരുന്നതെന്ന് രേവത് ബാബു പറഞ്ഞു. വര്‍ഷങ്ങളുടെ സ്‌നേഹബന്ധമാണ് മണിയുമായി രേവതിനുള്ളത്. അച്ഛന്‍ മരിച്ചതു കാരണം പഠനത്തോടൊപ്പം ലോട്ടറി വിറ്റും മണിയുടെ പാട്ട് കാസറ്റ് വിറ്റുമാണ് രേവത് ജീവിച്ചത്. രേവതിന്റെ സഹോദരിയെ പഠിപ്പിച്ചതും നഴ്‌സിങിനു വിട്ടതുമെല്ലാം മണിയായിരുന്നു.
ശ്രീ കലാഭവന്‍ മണി ദേവസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മണിയെ സ്‌നേഹിക്കുന്ന നിരവധി പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തയ്യാറായി വരുന്നുണ്ട്. മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനായിരിക്കും ക്ഷേത്രത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുക. മൂന്നു മാസത്തിനുള്ളില്‍ ക്ഷേത്രംപണി പൂര്‍ത്തിയാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണു പ്രവര്‍ത്തകര്‍.
Next Story

RELATED STORIES

Share it