|    Dec 8 Thu, 2016 7:50 pm

കറുപ്പ് ഉല്‍പാദനം: അഫ്ഗാനില്‍ വന്‍ വര്‍ധനവെന്ന് യുഎന്‍

Published : 24th October 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനില്‍ കറുപ്പ് കൃഷി വന്‍തോതില്‍ വര്‍ധിച്ചതായി യുഎന്‍. കഴിഞ്ഞവര്‍ഷം കറുപ്പ് ഉല്‍പാദനം 43 ശതമാനം വര്‍ധിച്ചെന്നാണ് യുഎന്‍ വെളിപ്പെടുത്തല്‍. മയക്കുമരുന്നു നിര്‍മാണത്തിലെ പ്രധാന ചേരുവയായ കറുപ്പ് ഉല്‍പാദനം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് യുഎന്‍ സര്‍വേ വ്യക്തമാക്കുന്നു. കറുപ്പ് കൃഷിയിടങ്ങളുടെ വിസ്തീര്‍ണം കഴിഞ്ഞവര്‍ഷം 10 മുതല്‍ 20 ശതമാനം വര്‍ധിച്ചതായി യുഎന്‍ ഓഫിസ് ഓണ്‍ ഡ്രഗ്‌സ് ആന്റ് ക്രൈം (യുഎന്‍ഒഡിസി) റിപോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് കറുപ്പ് കൃഷി 4,97,000 ഏക്കറിലേക്കു കൂടി വ്യാപിച്ചിട്ടുണ്ട്. കറുപ്പ് നശിപ്പിക്കുന്ന പദ്ധതി 355 ഏക്കറിലേക്കു ചുരുങ്ങുകയും പുതിയ സ്ഥലങ്ങളിലേക്കു കൃഷി വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 2016ലെ കണക്ക് പ്രകാരം 200000 ഹെക്ടര്‍ സ്ഥലത്തുകൂടി കൃഷി തുടങ്ങി.
താലിബാന്‍ മുന്നേറ്റം കറുപ്പിനെതിരെയുള്ള പോരാട്ടത്തെ പിന്നോട്ടടുപ്പിച്ചതായി യുഎന്‍ വൃത്തങ്ങള്‍ പറഞ്ഞു. വടക്കന്‍ മേഖലയിലും ബാഡ്ഗീസ് പ്രവിശ്യയിലുമാണ് കറുപ്പ് കൃഷി വ്യാപകമായത്. പ്രതിരോധസംവിധാനങ്ങളിലെ അപര്യാപ്തതയാണു കറുപ്പ് കൃഷി പടരാനിടയാക്കിയത്. ഇക്കൊല്ലം 30 ശതമാനത്തിന്റെ വര്‍ധന കറുപ്പ് കൃഷിയില്‍ ഉണ്ടായിട്ടുണ്ട്.
പ്രധാന കൃഷിയിടങ്ങളില്‍ സുരക്ഷാ കാരണങ്ങളാല്‍ പൂര്‍ണ തോതില്‍ സര്‍വേ നടത്താന്‍ ആവാത്തത് സര്‍വേയുടെ ന്യൂനതയാണെന്ന് യുഎന്‍ഒഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യുറി ഫെഡോട്ടോവ് ചൂണ്ടിക്കാട്ടുന്നു. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചടക്കിയതോടെ കറുപ്പ് ഉല്‍പാദകര്‍ പത്തിമടക്കിയിരുന്നുവെങ്കിലും
പാശ്ചാത്യ അധിനിവേശത്തോടെ രാജ്യം വീണ്ടും കറുപ്പ് ഉല്‍പ്പാദനത്തില്‍ ഒന്നാംസ്ഥാനത്തേക്കു കുതിക്കുകയായിരുന്നു. അതേസമയം, ലഹരിക്കെതിരേ രാജ്യത്തു നടക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ താലിബാന്റെ സ്വാധീനംമൂലം തിരിച്ചടി നേരിടുകയാണെന്ന് ഫെഡോട്ടോവ് പ്രസ്താവനയില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day