|    Dec 6 Tue, 2016 2:09 am
FLASH NEWS

കറന്‍സി പരിഷ്‌കാരം: സംസ്ഥാനത്തെ സഹകരണ ആശുപത്രികള്‍ അനിശ്ചിതത്വത്തില്‍

Published : 19th November 2016 | Posted By: SMR

കെ പി റയീസ്

വടകര: കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി പരിഷ്‌കാരത്തില്‍ സംസ്ഥാനത്തെ നൂറോളം സഹകരണ ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും കടുത്ത അനിശ്ചിതത്വത്തില്‍. സാമ്പത്തികപ്രതിസന്ധി ഗുരുതരമായതിനാല്‍ ഈ സ്ഥാപനങ്ങള്‍ സമീപനാളുകള്‍ക്കുള്ളില്‍ അടച്ചുപൂട്ടേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് സഹകരണ ഹോസ്പിറ്റല്‍ ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ മുയ്യാറത്ത് പത്മനാഭന്‍ തേജസിനോട് പറഞ്ഞു.
സംസ്ഥാനത്ത് എല്ലാ സഹകരണ ആശുപത്രികളുടെയും പ്രവര്‍ത്തനം തീര്‍ത്തും സ്തംഭനാവസ്ഥയിലാണ്. സാമ്പത്തിക ഇടപാടുകള്‍ മരവിച്ച നിലയിലാണ്. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുമ്പോട്ടു കൊണ്ടുപോവണമെന്നതിനെക്കുറിച്ച് യാതൊരു രൂപരേഖയും സംസ്ഥാന സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടില്ല. പഴയ നോട്ടുകളുടെ ക്രയവിക്രയത്തില്‍ നിന്ന് സഹകരണസ്ഥാപനങ്ങളെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് ഇരുട്ടടിയായത്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സഹകരണമേഖലയില്‍ സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏറക്കുറേ നിലച്ച അവസ്ഥയാണ്. ഈ സ്ഥാപനങ്ങളില്‍ മൊത്തം 15,000ലേറെ ജീവനക്കാരുണ്ട്. ഈ മാസത്തെ ശമ്പളവിതരണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍പോലും വ്യക്തമായ ധാരണ ഉണ്ടായിട്ടില്ല. ആശുപത്രികളിലേക്കു വരുന്ന രോഗികളുടെ എണ്ണത്തിലും വന്‍തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഗികള്‍ വന്നാല്‍ തന്നെ പണമിടപാട് നടത്തുമ്പോ ള്‍ വലിയ ആശയക്കുഴപ്പങ്ങളും വാക്തര്‍ക്കങ്ങളുമാണ്.
നിലവില്‍ ആശുപത്രികളില്‍ ലഭിച്ച പഴയ കറന്‍സികള്‍ ജില്ലാ ബാങ്കുകളിലാണ് അടച്ചിരുന്നത്. എന്നാല്‍, സഹകരണ ബാങ്കുകള്‍ക്ക് പണം ക്രയവിക്രയം ചെയ്യാനുള്ള അനുമതിയില്ലാത്തതിനാല്‍ അതും മുടങ്ങിയിരിക്കുന്ന അവസ്ഥയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയതോതിലുള്ള വായ്പകള്‍ സ്വീകരിച്ചാണ് പലയിടങ്ങളിലും ആശുപത്രികള്‍ ആരംഭിച്ചത്. എന്നാല്‍, ഈ പണം തിരിച്ചടയ്ക്കുന്നതിലും വലിയ പ്രതിസന്ധി നേരിടുകയാണെന്നും സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ മുഖ്യ പങ്ക് വഹിക്കുന്ന സഹകരണ ആശുപത്രികളുടെ പ്രവര്‍ത്തനം നിലയ്ക്കുംവിധമുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരേ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day