|    Dec 10 Sat, 2016 10:02 pm

കരിപ്പൂര്‍ വിമാനത്താവള വികസനം; എതിര്‍പ്പ് വകവയ്ക്കാതെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ രംഗത്ത്

Published : 1st November 2016 | Posted By: SMR

കരിപ്പൂര്‍: പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പുകള്‍ വകവയ്ക്കാതെ കരിപ്പൂര്‍ വിമാനത്താവള വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാന്‍ സര്‍ക്കാന്‍ തീരുമാനം. റണ്‍വേ വികസനമടക്കമുള്ള പ്രവൃത്തികള്‍ക്കായി എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ട 385 ഏക്കറും പുനരധിവസിപ്പിക്കുന്നതിനുള്ള 100 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കുന്നതിനാണു സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സാമൂഹികാഘാത പഠനം നടത്തുന്നതിനായി ഏജന്‍സിയെയും നിയമിച്ചു. ഏറ്റെടുക്കാനുള്ള ഭൂമിയുടെ സര്‍വേ നമ്പറും പ്രസിദ്ധീകരിച്ചു. 2010ല്‍ പള്ളിക്കല്‍ വില്ലേജില്‍ നിന്നായി 137 ഏക്കര്‍ പുതിയ ടെര്‍മിനല്‍ നിര്‍മാണത്തിനും 20 ഏക്കര്‍ പുനരധിവാസത്തിനുമായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. 2013ല്‍ റണ്‍വേയില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ നടത്തുന്നതിനായി റണ്‍വേയുടെ നീളം കൂട്ടുന്നതിനായി ഉടന്‍ ഭൂമിയേറ്റെടുക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. റണ്‍വേ നീളം വര്‍ധിപ്പിക്കുന്നതിന് 213 ഏക്കറും ഐസലേഷന്‍ ബേക്ക് 14.5 ഏക്കറും അപ്രോച്ച് ലൈറ്റ് സിസ്റ്റത്തിന് 20.8 ഏക്കറുമടക്കം 248 ഏക്കര്‍ ഭൂമിയാണ് ആവശ്യപ്പെട്ടത്. ഇത് ഏറ്റെടുക്കുന്നതിനു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഭരണാനുമതി നല്‍കി. കൂടാതെ, പുനരധിവാസത്തിനായി 80 ഏക്കര്‍ ഭൂമിയടക്കം 328.3 ഏക്കര്‍ ഏറ്റെടുക്കുന്നതിനാണ് പുതുതായി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ടെര്‍മിനല്‍ വികസനത്തിന് പള്ളിക്കല്‍ വില്ലേജില്‍ നിന്നും റണ്‍വേക്ക് കൊണ്ടോട്ടി, നെടിയിരുപ്പ് വില്ലേജുകളില്‍ നിന്നുമാണു സ്ഥലം എടുക്കുക. സാമൂഹികാഘാത പഠനം നടത്തുന്നതിനായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസീനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍വേ നമ്പര്‍ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനും തുടര്‍ നടപടികള്‍ക്കും മലപ്പുറം കലക്ടറെയും ചുമതലപ്പെടുത്തി. വിപണി വിലയുടെ അടിസ്ഥാനത്തിലായിരിക്കും വികസനത്തിനായി ഭൂമി ഏറ്റെടുക്കുക. കഴിഞ്ഞ ആഗസ്ത് ഒമ്പതിന് ഭൂമി വിട്ടുനല്‍കുന്നവര്‍ക്കായി മന്ത്രി കെ ടി ജലീല്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നിയമസഭയില്‍ ഇത്രവലിയ തുക പ്രഖ്യാപിച്ചിട്ടില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. നിലവിലുള്ള വിപണി വില മാത്രമാണു ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുക. നാട്ടുകാരുടെ കടുത്ത എതിര്‍പ്പിനിടയിലാണു സര്‍ക്കാര്‍ ഉത്തരവ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക