|    Dec 9 Fri, 2016 10:51 pm
FLASH NEWS

കരിനില മേഖലയിലെ നെല്ലെടുത്തില്ല; പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകര്‍

Published : 3rd November 2016 | Posted By: SMR

അമ്പലപ്പുഴ: കരിനില മേഖലയിലെ നെല്ലെടുക്കാത്തതില്‍ പ്രതിക്ഷേധിച്ച് കര്‍ഷകര്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കര്‍ഷകര്‍ നെല്‍ ചാക്കുകളുമായി കുടുംബസമേതം പുറക്കാട് ദേശീയപാത ഉപരോധിക്കുമെന്ന് പുറക്കാട് കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.ഇല്ലിച്ചിറ, കൃഷിത്തോട്ടം, നാലു ചിറ വടക്ക് തുടങ്ങിയ പാടശേഖരങ്ങളില്‍ കൊയ്ത്ത് പൂര്‍ത്തിയായതോടെ 13500 ഓളം ക്വിന്റല്‍ നെല്ലാണ് സംഭരണം തടസ്സപ്പെട്ടതോടെ പാടത്ത് കെട്ടിക്കിടക്കുന്നത്. തുലാമഴ ശക്തമായാല്‍ ഈ നെല്ലു മുഴുവന്‍ നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇതുകൂടാതെ ഗ്രേസിങ് ബ്ലോക്ക്, കൊച്ചു പുത്തന്‍കരി, മലയില്‍തോട്, തുടങ്ങിയ പാടശേഖരങ്ങളില്‍ കൊയ്ത്താരംഭിച്ചിരിക്കുകയാണ്. ഈ പാടശേഖരങ്ങളിലെ കൊയ്ത്തു കൂടി പൂര്‍ത്തിയാവുന്നതോടെ പതിനായിരത്തോളം ക്വിന്റല്‍ നെല്ല് കൂടി വീണ്ടും പാടശേഖരത്തുണ്ടാവും. കരിനിലമേഖലയിലെ രണ്ടു പാടശേഖരങ്ങളില്‍ ഇലപ്പുള്ളി രോഗം ബാധിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ മില്ലുടമകള്‍ മറ്റു പാടശേഖരങ്ങളില്‍ നിന്നും നെല്ലെടുക്കാത്തത്. കരിനിലകര്‍ഷകരോടുള്ള അവഗണനയുടെ തെളിവാണിതെന്ന് കരിനിലകര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് വി സുരേന്ദ്രന്‍, സെക്രട്ടറി ബിജു ആന്റണി, നൗഷാദ് എന്നിവര്‍ പറഞ്ഞു.ലക്ഷക്കണക്കിനു രൂപയുടെ നെല്ല് പാടത്തു കെട്ടിക്കിടന്നിട്ടും മില്ലുടമകളെ കൊണ്ട് നെല്ലെടുപ്പിക്കുന്നതില്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കലക്ട്രേറ്റില്‍ ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചു ചേര്‍ത്തെങ്കിലും സ്ഥലത്തുണ്ടായിട്ടും കലക്ടര്‍ ഇതില്‍ പങ്കെടുത്തില്ലെന്ന്് ഇവര്‍ ആരോപിച്ചു. 16 മില്ലുടമകള്‍ പങ്കെടുക്കേണ്ട യോഗത്തില്‍ മൂന്നു മില്ലുടമകള്‍ മാത്രമാണ് പങ്കെടുത്തത്. നെല്ലെടുക്കാന്‍ മില്ലുടമകള്‍ക്ക് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ല. നെല്ലുസംഭരണം തുടര്‍ച്ചയായി പരാജയപ്പെട്ട സാഹചര്യത്തില്‍ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് കര്‍ഷകര്‍. അടിയന്തിരമായി സംഭരണം നടന്നില്ലെങ്കില്‍ നെല്ല് മഴയില്‍ നശിക്കും. ഇപ്പോള്‍ പെയ്യുന്ന മഴയില്‍ നെല്ല് കിളിര്‍ക്കാനും തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ നെല്ലു ചാക്കുകളുമായി തിങ്കളാഴ്ച ദേശീയ പാത ഉപരോധസമരം നടത്താന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day