|    Oct 26 Wed, 2016 5:02 pm

കപ്പലണ്ടിയും കമ്മ്യൂണിസവും: ഒരു ഫഌഷ്ബാക്ക്

Published : 6th September 2016 | Posted By: SMR

slug-nattukaryamകപ്പലണ്ടിയും കമ്മ്യൂണിസവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? ഉണ്ടെന്നാണ് സിപിഐയുടെ മുഖപത്രം ജനയുഗം പറയുന്നത്. സിപിഎം സാമാജികനായ എം സ്വരാജ് കപ്പലണ്ടി കമ്മ്യൂണിസ്റ്റാണെന്നാണ് പത്രം കണ്ടുപിടിച്ചിരിക്കുന്നത്. സ്വരാജ് കപ്പലണ്ടി വിറ്റ് വിറ്റ് കമ്മ്യൂണിസ്റ്റായി വളര്‍ന്നതാണോ? അതോ അണ്ടി കയറ്റിയ കപ്പലില്‍ അദ്ദേഹം സഞ്ചരിച്ച് കമ്മ്യൂണിസ്റ്റായതാണോ?
മാര്‍ക്‌സിസ്റ്റ് പണ്ഡിതനായ കോരന്‍ ഇതുസംബന്ധിച്ചു നല്‍കുന്ന വ്യാഖ്യാനമാണു ശ്രദ്ധേയം. പണ്ട് വ്യാഖ്യാനങ്ങളെല്ലാം ഇഎംഎസിന്റെ സംഭാവനയും സമ്മാനവുമായിരുന്നു. ‘ചൈന അവരുടേതെന്നും നാം നമ്മുടേതെന്നും പറയുന്ന ഭൂവിഭാഗങ്ങള്‍’ എന്ന വ്യാഖ്യാനമായിരുന്നു ഇഎംഎസിന്റെ മാസ്റ്റര്‍പീസ്. എന്നാല്‍. ഇഎം ഈ ലോകം വിട്ടതോടെ വ്യാഖ്യാനങ്ങളുടെ മുനയൊടിഞ്ഞു.
സിപിഐ-സ്വരാജ് സംവാദം ആഗോള മാര്‍ക്‌സിസ്റ്റ് വര്‍ഗസമരത്തിന്റെ ഭാഗമാണെന്നാണ് കോരന്‍ കണ്ടുപിടിച്ചിരിക്കുന്നത്. വര്‍ഗസമരത്തിന്റെ നിര്‍ണായക ഘട്ടത്തിലാണല്ലോ 1964ല്‍ പാര്‍ട്ടി പിളര്‍ന്നത്. വലതുപക്ഷ മൂരാച്ചികളെ ഉപേക്ഷിച്ച് യഥാര്‍ഥ ഇടതുപക്ഷം ഇറങ്ങിപ്പോന്നു. എന്നാല്‍, പാര്‍ട്ടി പിളര്‍ന്നാലും വര്‍ഗസമരം തുടരുമല്ലോ!
‘ഇടതും വലതും തമ്മിലടി ഇഎംഎസിന്റെ പള്ളക്കിടി’ എന്നായിരുന്നു അക്കാലത്ത് കോണ്‍ഗ്രസ് ഏമാന്‍മാര്‍ പാടിനടന്നിരുന്നത്. കുറ്റം പറയരുതല്ലോ. അടി ജോറായിരുന്നു. ചൈനാ ചാരന്‍മാര്‍ എന്ന മുദ്രചാര്‍ത്തി ഇടതന്‍മാരെ കാംഗ്രസ് കൂട്ടിലടച്ചപ്പോള്‍ സിപിഐക്കാര്‍ കൈയടിച്ചു. ജയിലിലടച്ചതോടെ വല്യേട്ടന്റെ ഗമ വന്ന സിപിഎമ്മുകാരെ ജനം തോളിലേറ്റിനടന്നു. വലതന്‍മാര്‍ കാംഗ്രസ്സിന്റെ കൂടാരത്തിലും ചേര്‍ന്നു. അതുകൊണ്ടൊരു ഗുണമുണ്ടായി. അച്ചുമേനോന് മുഖ്യമന്ത്രിയാവാനായി. അടിയന്തരാവസ്ഥയില്‍ നടന്ന ഗുണ്ടാപ്പണിയിലൊന്നും മേനോന് പങ്കില്ല കേട്ടോ.
അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ ഇടതന്‍മാര്‍ ഒക്കെ വാരിവലിച്ചിട്ടു. സംഗതി കിണാപ്പിലാവുമെന്നായപ്പോള്‍ ഇടതുപക്ഷ ഐക്യം മഹാദ്ഭുതം എന്ന മുദ്രാവാക്യം ഉയര്‍ന്നു. അങ്ങനെ ഇടതുമുന്നണി വന്നു. സിപിഐയും സിപിഎമ്മും കെട്ടിപ്പിടിച്ചു. എന്നാല്‍, എല്ലാം ശരിയായില്ല. സിപിഐയുടെ കോണ്‍ഗ്രസ് ബന്ധമെന്ന പശു ചത്തിട്ടും മോരിലെ പുളി പോയില്ല. അടിയും കത്തിക്കുത്തും കര്‍മബന്ധംപോലെ ഇപ്പോഴും തുടരുന്നു.
കാസര്‍കോട്ട് ചില സിപിഎമ്മുകാര്‍ സിപിഐയില്‍ ചേര്‍ന്നതോടെയാണ് വര്‍ഗസമരത്തിന് തീവ്രത കൈവന്നത്. കുലംകുത്തികള്‍ കോണ്‍ഗ്രസ്സിലോ ബിജെപിയിലോ ചേര്‍ന്നാല്‍ സിപിഎമ്മിന് പരാതിയില്ല. സിപിഐയില്‍ ചേരുന്നതിലാണ് പാര്‍ട്ടിക്ക് ദുഃഖം. കാരണം, സിപിഐയുടെ കുലം മുടിയാന്‍ സിപിഎം ആഗ്രഹിക്കുന്നില്ല എന്നതുതന്നെ. സിപിഐ കുലം മുടിഞ്ഞാല്‍ വല്യേട്ടനെ അനുസരിക്കാന്‍ ആരുണ്ടാവും? വര്‍ഗസമരത്തിന് ഇടമെവിടെ?
താന്‍ പ്രീഡിഗ്രിയിലെത്തുന്നതുവരെ ഒരു മുയ്മന്‍ സിപിഐക്കാരനെ കണ്ടിട്ടില്ല എന്ന നഗ്ന-ദുഃഖസത്യം പറഞ്ഞുപോയതാണ് സ്വരാജിന് പറ്റിയ അബദ്ധം. കൊച്ചി വിട്ടാല്‍ കോയമ്പത്തൂരിലേ സിപിഐക്കാരനെ കാണാനാവൂ. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ സിപിഐ സഹിക്കുമെന്ന് കരുതിക്കാണും. എന്നാല്‍ മാണി, ലീഗ് തുടങ്ങിയ അസ്പൃശ്യരെ ആശ്ലേഷിക്കാനുള്ള വല്യേട്ടന്റെ പൂതിയില്‍ രോഷംപൂണ്ടുനിന്ന ചെറിയേട്ടന്‍ പൊട്ടിത്തെറിക്കുക തന്നെ ചെയ്തു. സിപിഐ പൊട്ടിത്തെറിച്ചാലും ചിലത് പറഞ്ഞേ അടങ്ങൂ എന്നാണ് സ്വരാജിന്റെ നിലപാട്. കപ്പലണ്ടി തിന്നുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധമാണോ മൂരാച്ച്യേ!
കാസര്‍കോട്ടും കൊച്ചിയിലും തീവ്രവര്‍ഗസമരം നിര്‍ത്തുന്നതിന് സിആര്‍പിഎഫിന്റെ സഹായം വേണോ എന്ന് മോദി പിണറായിയോട് ആരാഞ്ഞിട്ടുണ്ടത്രേ. എന്നാല്‍, കോടിയേരി ബാലകൃഷ്ണന്‍ ഇതൊന്നും സമ്മതിച്ചുതരില്ല. മാധ്യമങ്ങളുടെ ഊതിപ്പറത്തലില്‍ കാര്യമില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇനിയും ഇല്ലാവചനം പറഞ്ഞാല്‍ കൂലി വരമ്പത്തുതന്നെ കിട്ടുമെന്നും ഇടയ്ക്കിടെ ഉരിയാടുന്നുണ്ടത്രേ.
അങ്ങനെയിരിക്കെ എറണാകുളം ജങ്ഷനില്‍ വെറുതെ ചുരമാന്തിനിന്ന കോരന്‍ ഉണങ്ങിയ തക്കാളിയുമായി അരിവാള്‍ക്കതിര്‍ പതാക(കീറത്തുണിയല്ല)യുമായി പോവുന്ന ചിലരോട് ഇപ്രകാരം ചോദിച്ചു: ”ഉണങ്ങിയ തക്കാളി കറിവച്ചാല്‍ ശരിയാവുമോ?”
”ഇത് സ്വരാജിന്റെ തലയില്‍ കൃഷിചെയ്യാനുള്ളതാണ്.”

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 2 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day