|    Dec 7 Wed, 2016 11:44 pm
FLASH NEWS

കന്റോണ്‍മെന്റിന്റെ അന്യായ ടോള്‍; പ്രതിഷേധം ശക്തമാവുന്നു

Published : 4th November 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂര്‍ സെന്റ് ആഞ്ചലോ കോട്ടയിലേക്കുള്ള വഴിയില്‍ കന്റോണ്‍മെന്റ് ബോര്‍ഡിന്റെ അന്യായ ടോള്‍ പിരിവിനെതിരേ പ്രതിഷേധം വ്യാപകമാവുന്നു. ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ ജനപ്രതിനിധികള്‍ രംഗത്തെത്തി. കന്റോണ്‍മെന്റ് ബോര്‍ഡിന്റെ നടപടി പിന്‍വലിക്കണമെന്നു പി കെ ശ്രീമതി എംപി കന്റോണ്‍മെന്റ് സിഇഒയോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ കോട്ടയിലേക്കും ഫിഷറീസ് വകുപ്പിന്റെ ഓഫിസുകളിലേക്കും വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോവുന്നത്. പ്രദേശവാസികള്‍ക്കും പ്രദേശത്തെ സ്ഥാപനങ്ങളില്‍ എത്തിച്ചേരുന്ന പൊതുജനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും എംപി ആവശ്യപ്പെട്ടു. കോട്ടയിലേക്കുള്ള വഴിയില്‍ ബോര്‍ഡ് സ്ഥാപിച്ചു രണ്ടുപേരെ നിയോഗിച്ചാണു പണം പിരിക്കുന്നത്. വിനോദസഞ്ചാര ബസ്സുകള്‍ക്ക് 80 രൂപയും മിനി ബസ്സിന് 50 രൂപയും കാറിന് 20 രൂപയും ഓട്ടോറിക്ഷയ്ക്കു 10 രൂപയും ടോളായി നല്‍കണമെന്നാണ് നിര്‍ദേശം. റോഡ് കന്റോണ്‍മെന്റിന്റേതാണെങ്കിലും പുരാവസ്തു വകുപ്പിനു കീഴിലുള്ള കണ്ണൂര്‍ കോട്ടയിലേക്കും സംസ്ഥാന സര്‍ക്കാരിന്റെ ഫിഷറീസ് ഓഫിസുകളിലേക്കും സാധാരണക്കാര്‍ക്ക് എത്തണമെങ്കില്‍ ഈ റോഡാണ് ഏക ആശ്രയം. മല്‍സ്യഫെഡ് ഓഫിസിലേക്കും കണ്ണൂര്‍ കോട്ടയിലേക്കും ജില്ലാ ആശുപത്രി പരിസരത്തുനിന്ന് ഓട്ടം പോയാല്‍ 20 രൂപ ലഭിക്കുന്നതില്‍ 10 രൂപ ടോള്‍ നല്‍കേണ്ട അവസ്ഥയിലാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസങ്ങളില്‍  ഓട്ടോത്തൊഴിലാളികളും കന്റോണ്‍മെന്റ് അധികൃതരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് ഓട്ടോ ലേബര്‍ യൂനിയന്‍ (സിഐടിയു) നേതാക്കള്‍ പി കെ ശ്രീമതി എംപിക്ക് നിവേദനം നല്‍കിയതും കന്റോണ്‍മെന്റ് ബോര്‍ഡിന്റെ നിരുത്തരവാദ നടപടി പുറത്തായതും.  പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള കോട്ടയിലേക്ക് ദിനേന നിരവധി പേരാണ് സന്ദര്‍ശകരായി എത്തുന്നത്. പൊതുജനങ്ങളും ഫിഷറീസ് ഓഫീസിലും കോട്ടയിലും എത്തുന്നു. നിലവില്‍ കോട്ടയിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നുണ്ട്. ഇതിനു പുറമെയാണ് കന്റോണ്‍മെന്റ് ബോര്‍ഡിന്റെ അന്യായ ടോള്‍.  ഇതിനകം പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പല തീരുമാനങ്ങളും കന്റോണ്‍മെന്റ് ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കന്റോണ്‍മെന്റ് ഓഫിസിനും സിഎസ്‌ഐ സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ചര്‍ച്ചിനും ഇടയിലൂടെ ജില്ലാ ആശുപത്രി ബസ്സ്റ്റാന്റ് ഉള്‍പ്പെടുന്ന സമീപ ടൗണിലേക്കു പോവുന്ന പൊതുവഴി മതില്‍കെട്ടി തടസ്സപ്പെടുത്താനുള്ള കന്റോണ്‍മെന്റ് അധികൃതരുടെ നീക്കത്തിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day