|    Dec 3 Sat, 2016 10:05 am
FLASH NEWS

കനാല്‍ നവീകരണം: പഠനത്തിനായി ഡച്ച് സംഘം ആലപ്പുഴയില്‍

Published : 22nd November 2016 | Posted By: SMR

ആലപ്പുഴ: നഗരത്തിലെ കനാലുകളും പൊഴികളും നവീകരിച്ച് സംരക്ഷിക്കാനുള്ള പദ്ധതികളെക്കുറിച്ച് പഠിച്ച് റിപോര്‍ട്ട് നല്‍കുന്നതിനായി നെതര്‍ലന്‍ഡ് (ഡച്ച്) സംഘം ജില്ലയിലെത്തി. ധനമന്ത്രി ഡോ. ടി എം തോമസ് ഐസകുമായി സംഘം കലക്ടറേറ്റില്‍ കൂടിക്കാഴ്ച നടത്തി. നെതര്‍ലന്‍ഡ് എംബസിയിലെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് സെക്രട്ടറി പെട്ര ജെ എം സ്മള്‍ഡേഴ്‌സ്, വിസ—ദാക്, ടിമോവോം, വാള്‍ക്കന്‍ബര്‍ഗ്, ഡോ. ബല്ല എന്നിവരാണ് സംഘത്തിലുള്ളത്.
നഗരത്തിലെ വലുതും ചെറുതുമായ കനാലുകളുടെയും മുതലപ്പൊഴി, തുമ്പോളിപ്പൊഴി, അയ്യപ്പപ്പൊഴി എന്നിവയുടെ ശുചീകരണത്തിനും നവീകരണത്തിനുമായി വിവിധ ഏജന്‍സികള്‍ തയ്യാറാക്കിയ പദ്ധതികള്‍ സംഘം വിലയിരുത്തും. കനാലുകള്‍ സന്ദര്‍ശിച്ച് പഠിച്ച് മാറ്റം അവശ്യമെങ്കില്‍ നിര്‍ദേശിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ സംഘം റിപോര്‍ട്ട് നല്‍കും. ഇതനുസരിച്ച് വേനല്‍ക്കാലത്ത് ആദ്യഘട്ട പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.
150 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പരിസ്ഥിതി പുനഃസ്ഥാപനമടക്കമുള്ള പദ്ധതികളാണ് നാലു ഘട്ടമായി നടപ്പാക്കുക. പദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ട് 24നു ജലവിഭവമന്ത്രി പങ്കെടുക്കുന്ന യോഗം ചേരും. ഡച്ച് മാതൃകയിലുള്ള കനാലുകളാണ് ആലപ്പുഴയിലേതെന്ന് മുമ്പു നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കനാലുകളുടെ സംരക്ഷണത്തില്‍ ശ്രദ്ധയൂന്നുന്ന പദ്ധതികള്‍ നടപ്പാക്കിയവരെന്ന നിലയിലാണ് ഡച്ച് സംഘത്തിന്റെ സേവനം ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് ഡച്ച് എംബസിയുമായി ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ചര്‍ച്ച നടത്തിയിരുന്നു.
ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍, ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ എ ജോഷി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day