|    Oct 25 Tue, 2016 9:13 pm

കണ്ണൂര്‍: വിപ്ലവമണ്ണില്‍ ഒരുമുഴം മുമ്പേയെത്താന്‍ മുന്നണികള്‍

Published : 20th April 2016 | Posted By: SMR

ഹനീഫ എടക്കാട്

കണ്ണൂര്‍: സംഘടനാ രംഗത്ത് നിന്ന് പാര്‍ലമെന്ററി രംഗത്തേക്കുള്ള പിണറായി വിജയന്റെ രണ്ടാമൂഴം, എട്ടാംതവണയും സ്ഥാനാര്‍ഥിയാവാനുള്ള കെ സി ജോസഫിന്റെ നീക്കത്തിനെതിരേ ഉയര്‍ന്ന വിമതശബ്ദം, ന്യൂസ് റൂമിലെ വേഷത്തില്‍ നിന്ന് പരമ്പരാഗത രാഷ്ട്രീയ നേതാക്കളുടെ വേഷത്തിലേക്കുള്ള എം വി നികേഷ്‌കുമാറിന്റെ പകര്‍ന്നാട്ടം – എന്നിവകൊണ്ട് ഏറെ ശ്രദ്ധനേടിയിരിക്കുകയാണ് കണ്ണൂരിലെ പ്രചാരണ രംഗം. 11മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയില്‍ 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 11ല്‍ അഞ്ചും നേടിഎല്‍ഡിഎഫിനൊപ്പമെത്തി. എന്നാല്‍,ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല.
ഈ നേട്ടത്തിന്റെ തുടര്‍ച്ചയാണ് എല്‍ഡിഎഫ് ആഗ്രഹിക്കുന്നത്. വിമത ശബ്ദത്തിന്റെ അലയൊലിയും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ആശയക്കുഴപ്പവും കാരണം പ്രചാരണ രംഗത്തെത്താന്‍ വൈകിയ യുഡിഎഫ് ഇതൊക്കെ മറികടക്കാന്‍ ഉമ്മന്‍ചാണ്ടിയെയാണ് ആദ്യഘട്ടത്തില്‍ തന്നെ രംഗത്തിറക്കിയത്. ജില്ലയില്‍ ശക്തി തെളിയിക്കാന്‍ ബിജെപിയുടെ എന്‍ഡിഎ മുന്നണിയും 11 മണ്ഡലങ്ങളിലും മല്‍സരിക്കുന്നുണ്ട്. ക്രമാനുഗതമായ വളര്‍ച്ചകൊണ്ട് കൃത്യമായി തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തിയ എസ്ഡിപിഐയും സജീവമാണ്. മാധ്യമ പ്രവര്‍ത്തകനായ എം വി നികേഷ്‌കുമാറിന്റെ കടന്നുവരവോടെ സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച അഴീക്കോട്ട് ഇക്കുറി കനത്ത പോരാട്ടമാണ്. സിറ്റിങ് എംഎല്‍എ കെ എം ഷാജിയാണ് നികേഷ് കുമാറിന്റെ എതിരാളി.
കഴിഞ്ഞ തവണ 493ന്റെ വോട്ടിനാണ് ഷാജി സിപിഎമ്മിലെ പ്രകാശന്‍ മാസ്റ്ററെ തോല്‍്പ്പിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ഥി നൗഷാദ് പുന്നക്കല്‍ 2935 വോട്ടും നേടി. നാട്ടുകാരന്‍ കൂടിയായ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ജബ്ബാറാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി. എ വി കേശവന്‍ (ബിജെപി). പേരാവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സിറ്റിങ് എംഎല്‍എ സണ്ണി ജോസഫാണ്. കോണ്‍ഗ്രസില്‍ തര്‍ക്കമില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായ മണ്ഡലമാണിത്. ഡിവൈഎഫ്‌ഐ നേതാവ് ബിനോയ് കൂര്യനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജില്ലാ സെക്രട്ടറി പി കെ ഫാറൂക്ക് (എസ്ഡിപിഐ), പൈലി വാത്യാട്ട്(ബിഡിജെഎസ്സ്). കഴിഞ്ഞ തവണ സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജയെ 3440 വോട്ടുകള്‍ക്കാണ് സണ്ണി പരാജയപ്പെടുത്തിയത്. ഇരിക്കൂറില്‍ കെ സി ജോസഫിന്റെ എട്ടാം പോരാട്ടമാണ് ഇത്തവണ. സിപിഐയിലെ കെ ടി ജോസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഘടകകക്ഷിയായ കേരള വികാസ് പാര്‍ട്ടി നേതാവ് ജോസ് ചെമ്പേരിയെ സ്ഥാനാര്‍ഥിയായി ബിജെപി ആദ്യം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം പിന്തിരിഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിജെപി എ പി ഗംഗാധരന്റെ പേര് പ്രഖ്യാപിച്ചു. കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയും കോണ്‍ഗ്രസ്സിലെ സതീശന്‍ പാച്ചേനിയുമാണ് നേര്‍ക്കുനേര്‍ മല്‍സരം. നഗരസഭാ കൗണ്‍സിലറായിരുന്ന കെ പി സുഫീറ (എസ്ഡിപിഐ) , കെ ജി ബാബു ( ബിജെപി ) എന്നിവരും സജീവ രംഗത്തുണ്ട്.
കൂത്തുപറമ്പില്‍ മന്ത്രി കെ പി മോഹനന്‍ തന്നെയാണ് യുഡിഎഫിനു വേണ്ടി ഇക്കുറിയും കളത്തിലുള്ളത്. സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ എല്‍ഡിഎഫിനും ആര്‍എസ്എസ് പ്രചാരകന്‍ സി സദാനന്ദന്‍ മാസ്റ്റര്‍ ബിജെപിക്കും വേണ്ടി മത്സരിക്കുന്നു. ബിജെപിക്ക് കഴിഞ്ഞ തവണ 11831 വോട്ട് നേടിയ ഒ കെ വാസുമാസ്റ്റര്‍ പാര്‍ട്ടി വിട്ട് സിപിഎം കൂടാരത്തിലാണ്. അതിനാല്‍ ശക്തിതെളിയിക്കേണ്ട ബാധ്യതയിലാണ് ബിജെപി. അഡ്വ കെ സി മുഹമ്മദ് ഷബീറാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. എല്‍ഡിഎഫിന് വിശേഷിച്ച് സിപിഎമ്മിന് കഴിഞ്ഞ തവണ മികച്ച ഭൂരിപക്ഷം നല്‍കിയ പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശ്ശേരി, ധര്‍മടം, തലശ്ശേരി, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ അട്ടിമറി സാധ്യത പോലും യുഡിഎഫ് പരിഗണിക്കുന്നില്ലെന്ന് അവരുടെ സ്ഥാനാര്‍ഥി നിര്‍ണയം തെളിയിക്കുന്നത്.
ഈ മണ്ഡലങ്ങളിലെ ഭൂരിപക്ഷ കുറവ് തന്നെ എല്‍ഡിഎഫിന് രാഷട്രീയ പരാജയമായിരിക്കുമെന്നാണ് വിലയിരുത്തല്‍. കോടിയേരി ബാലകൃഷ്ണന്‍ പ്രതിനിധീകരിക്കുന്ന തലശ്ശേരിയില്‍ ഡിവൈഎഫ്‌ഐ നേതാവ് എ എന്‍ ഷംസീറും (എല്‍ഡിഎഫ്),കണ്ണൂരിലെ സിറ്റിങ് എംഎല്‍എ അബ്ദുല്ലക്കുട്ടി (കോണ്‍. യുഡിഎഫ്) തമ്മിലാണ് മത്സരം. പഴയ ‘സഖാക്കള്‍’ ഏറ്റുമുട്ടുന്നത് പോരാട്ടത്തിന് ചൂടിനൊപ്പം കൗതുകവുമുണര്‍ത്തുന്നു. എ സി ജലാലുദ്ദീന്‍ (എസ്ഡിപിഐ) വി കെ സജീവന്‍ (ബിജെപി )എന്നിവരും മല്‍സരിക്കുന്നു.
തളിപ്പറമ്പ് : സിറ്റിങ് എംഎല്‍എ ജെയിംസ് മാത്യു (എല്‍ഡിഎഫ്)രാജേഷ് നമ്പ്യാര്‍ ( കേരള കോണ്‍. (എം) യുഡിഎഫ്), ഇബ്രാഹിം തിരുവട്ടൂരാണ് (എസ്ഡിപിഐ) പി ബാലകൃഷ്ണന്‍ (ബിജെപി).രാജേഷ് നമ്പ്യാരുടേത് പേയ്‌മെന്റ് സീറ്റാണെന്ന് ആരോപിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് ഇതുവരെ സജീവമായിട്ടില്ല. ധര്‍മടം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ (എല്‍ഡിഎഫ്) കെപിസിസി നിര്‍വാഹക സമിതിയംഗം മമ്പറം ദിവാകരന്‍. ( യുഡിഎഫ് ), തറമ്മല്‍ നിയാസ് (എസ്ഡിപിഐ) മോഹനന്‍ മാനന്തേരി (ബിജെപി)പയ്യന്നൂര്‍: സിറ്റിങ് എംഎല്‍എ സി കൃഷ്ണന്‍ (എല്‍ഡിഎഫ്) സാജിദ് മൗവ്വല്‍ (യുഡിഎഫ്), ആനിയമ്മ രാജേന്ദ്രന്‍(ബിജെപി )
കല്യാശ്ശേരി: സിറ്റിംഗ് എംഎല്‍എ ടി വി രാജേഷാണ് (സിപിഎം, എല്‍ഡിഎഫ്), കോര്‍പറേഷന്‍ കൗണ്‍സിലര്‍ അമൃതാ രാമകൃഷ്ണന്‍ (കോണ്‍. യുഡിഎഫ്) സുബൈര്‍ മടക്കര ( എസ്ഡിപിഐ), കെ പി അരുണ്‍ (ബിജെപി )മട്ടനൂര്‍: സിറ്റിങ് എംഎല്‍എ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ (എല്‍ഡിഎഫ്), പി പ്രശാന്ത് (ജനതാദള്‍ (യു)യുഡിഎഫ്)റഫീഖ് കീച്ചേരി (എസ്ഡിപിഐ), ബിജു എളക്കുഴി (ബിജെപി).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 164 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day