|    Dec 8 Thu, 2016 7:36 am
FLASH NEWS

കണ്ണൂര്‍, കരുണ കോളജുകള്‍ സ്‌പോട്ട് അഡ്മിഷന്‍ അട്ടിമറിച്ചു

Published : 9th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം വീണ്ടും കോടതി കയറുന്നു. സര്‍ക്കാരുമായി കരാറൊപ്പിടാതെ സ്വന്തം നിലയില്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോയ പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകള്‍ സ്‌പോട്ട് അഡ്മിഷനും അട്ടിമറിച്ചെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കണ്ടെത്തല്‍. സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിയതിന്റെ വിവരങ്ങള്‍ സ്‌പോട്ട് അഡ്മിഷനില്‍ ഹാജരാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍, അവസാനഘട്ട സ്‌പോട്ട് അഡ്മിഷനില്‍ പ്രവേശനം സംബന്ധിച്ച യാതൊരു രേഖകളും സമര്‍പ്പിക്കാന്‍ കോളജ് അധികൃതര്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ കോളജുകള്‍ക്കെതിരേ ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ ബി എസ് മാവോജി അറിയിച്ചു.
സ്‌പോട്ട് അഡ്മിഷനുമായി ബന്ധപ്പെട്ട ഹൈക്കോടതി നിര്‍ദേശം നടപ്പാക്കാനായില്ലെന്ന് ഈമാസം 13ന് സമര്‍പ്പിക്കുന്ന റിപോര്‍ട്ടില്‍ അദ്ദേഹം ചൂണ്ടിക്കാട്ടും. രേഖവാങ്ങല്‍ മാത്രമാണ് നടന്നതെന്നും സ്‌പോട്ട് അഡ്മിഷന് മാനേജ്‌മെന്റ് പ്രതിനിധികളെത്തിയില്ലെന്നും കോടതിയെ അറിയിക്കും.
കണ്ണൂര്‍ മെഡിക്കല്‍ കോളജ് നീറ്റ് റാങ്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തിയെന്ന് തെളിയിക്കുന്ന യാതൊരു രേഖ—യും നല്‍കിയില്ല. അതുകൊണ്ടുതന്നെ ഇതുവരെ നടത്തിയ പ്രവേശനം ക്രമവിരുദ്ധമാണെന്നാണ് കമ്മീഷണറുടെ നിഗമനം. കരുണ മെഡിക്കല്‍ കോളജ് നല്‍കിയ രേഖകള്‍ അപൂര്‍ണമായിരുന്നു.
കമ്മീഷണര്‍ നടത്തിയ സ്‌പോട്ട് അഡ്മിഷനില്‍, ആകെ 543 സീറ്റുകളില്‍ 400 എണ്ണം കണ്ണൂര്‍, കരുണ, കെഎംസിടി മെഡിക്കല്‍ കോളജുകളിലായിരുന്നു. സ്‌പോട്ട് അഡ്മിഷന്‍ നടപടികളുമായി സഹകരിക്കാത്തതിനാല്‍ കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ 250 സീറ്റുകളിലേക്കുള്ള പ്രവേശനം നടത്താനായില്ല. അതേസമയം, കെഎംസിടി കോളജിലെ 100 സീറ്റുകളും പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ അപേക്ഷ സ്വീകരിച്ചു നേരിട്ടുനികത്തി. കെഎംസിടി കോളജില്‍ ഏതാനും എന്‍ആര്‍ഐ സീറ്റില്‍ വിദ്യാര്‍ഥികളെ ലഭിക്കാത്തതിനാല്‍ മാനേജ്‌മെന്റ് സീറ്റിന്റെ ഫീസീടാക്കി നികത്തുകയായിരുന്നു.
എന്നാല്‍, സ്‌പോട്ട് അഡ്മിഷനുശേഷവും 30 ബിഡിഎസ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ സ്വന്തംനിലയ്ക്ക് നടത്തിയ പ്രവേശനം റദ്ദാക്കിയശേഷം പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഏകീകൃത അലോട്ട്‌മെന്റ് നടത്താന്‍ ജെയിംസ് കമ്മിറ്റിയാണ് നേരത്തേ ഉത്തരവിട്ടത്. എന്നാല്‍, ഇതിനെതിരേ കോളജുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ജെയിംസ് കമ്മിറ്റിയുടെ ഉത്തരവ് അംഗീകരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നീറ്റ് അടിസ്ഥാനമാക്കി സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്‌പോട്ട് അഡ്മിഷനില്‍ ജെയിംസ് കമ്മിറ്റിക്ക് പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് പരിഗണന നല്‍കണമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു. ഹൈക്കോടതിയുടെ നിലപാട് അറിഞ്ഞശേഷവും കൂടുതല്‍ നിയമോപദേശം തേടിയശേഷവുമാവും ഈ കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ റദ്ദാക്കുന്നകാര്യത്തില്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ തീരുമാനമെടുക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day