|    Dec 4 Sun, 2016 7:40 pm

കണ്ണൂരിലെ സഹകരണ ബാങ്കുകള്‍ എടിഎം ശൃംഖലയിലേക്ക്

Published : 29th October 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ എല്ലാ സര്‍വീസ് സഹകരണ ബാങ്കുകളിലെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്  ഇടപാടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നാഷനല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ) നെറ്റ് വര്‍ക്കിലുള്ള എടിഎം സൗകര്യം ലഭ്യമാക്കുന്നു. ഇന്ത്യയില്‍ ആദ്യമായാണ് സര്‍വീസ് സഹകരണ ബാങ്കുകളെ എടിഎം ശൃംഖലയുമായി ബന്ധിപ്പിക്കുന്നതെന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എ കെ ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നബാര്‍ഡിന്റെ മാര്‍ഗനിര്‍ദേശത്തോടെ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് വീര്‍മതി ഐടി കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് കെസിസി-റുപയ് ഡെബിറ്റ് കാര്‍ഡ് മുഖേന ഇന്ത്യയിലെ എല്ലാ എടിഎം വഴിയും ഇടപാട് നടത്താം. കതിരൂര്‍, അഴീക്കോട്, ചെറുതാഴം, ആനപ്പന്തി, കൊളച്ചേരി സഹകരണ ബാങ്കുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഘട്ടം ഘട്ടമായി ജില്ലയിലെ മുഴുവന്‍ സഹകരണ ബാങ്കുകളെയും നെറ്റ്‌വര്‍ക്കില്‍ കൊണ്ടുവരും. പദ്ധതിയുടെ ഉദ്ഘാടനം 29ന് രാവിലെ 10നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും. എടിഎം ലോഞ്ചിങ് കെ എം ഷാജി എംഎല്‍എയും എടിഎം കിറ്റ് വിതരണം മേയര്‍ ഇ പി ലതയും കെസിസി-റുപയ് ഡെബിറ്റ് കാര്‍ഡ് വിതരണം നബാര്‍ഡ് കേരള റീജ്യനല്‍ ജനറല്‍ മാനേജര്‍ പി ബാലചന്ദ്രനും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉപഹാരസമര്‍പണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് വി എന്‍ എരിപുരം, ജെയ്‌സണ്‍ തോമസ്, ജനറല്‍ മാനേജര്‍ എ കെ പുരുഷോത്തമന്‍, ഡിജിഎം പി ശശികുമാര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day