|    Oct 26 Wed, 2016 7:53 am
FLASH NEWS

കണ്ണൂരിന് ഇക്കുറി ആശ്വാസ ബജറ്റ്

Published : 9th July 2016 | Posted By: SMR

കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസഭയിലെന്ന പോലെ ആദ്യബജറ്റിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയായ കണ്ണൂരിനു പ്രത്യേക പരിഗണന. വിവിധ പദ്ധതികള്‍ക്ക് തുക വകയിരുത്തുകയും പ്രധാന പദ്ധതികള്‍ ദ്രുതഗതിയിലാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ പ്രധാനം കണ്ണൂര്‍ വിമാനത്താവളവും അഴീക്കല്‍ തുറമുഖവും തന്നെയാണ്. മേജര്‍ തുറമുഖമായി വികസിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ള അഴീക്കല്‍ തുറമുഖ നിര്‍മാണം ദ്രുതഗതിയിലാക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് 500 കോടിയാണ് ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ അനുവദിച്ചത്.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പുകള്‍ക്കൊടുവിലും പൂര്‍ണാര്‍ഥത്തില്‍ തുറമുഖമെന്ന പദവിയിലേക്കെത്താത്ത അഴീക്കലിന് തുക വകയിരുത്തിയത് മുതല്‍ക്കൂട്ടാവും. യുഡിഎഫ് സര്‍ക്കാരിന്റെ ഒടുവിലത്തെ ബജറ്റിലും തുക അനുവദിച്ചിരുന്നു. ചരക്കു ഗതാഗതം പ്രോല്‍സാഹിപ്പിക്കുകയെന്നതാണ് സര്‍്ക്കാര്‍ ഇതുവഴി ലക്ഷ്യമിടുന്നത്. ഇതോടൊപ്പം തലശ്ശേരിയിലെ തലായ് ഹാര്‍ബറിനെ യാത്രക്കാര്‍ക്കു വേണ്ടി സജ്ജമാക്കാനും ലക്ഷ്യമിടുന്നുണ്ട്. മറ്റൊരു പ്രധാന പദ്ധതിയാണ് മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ചുള്ള റോഡ് വികസനം ഒറ്റ പാക്കേജായി നടപ്പാക്കുമെന്ന പ്രഖ്യാപനം. പരീക്ഷണ പറക്കല്‍ വിവാദത്തിനു വേദിയായ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ക്ക് ഇത്തവണ മുന്തിയ പരിഗണനയാണു നല്‍കിയിട്ടുള്ളത്.
കൊടുവള്ളി-പിണറായി-അഞ്ചരക്കണ്ടി-കണ്ണൂര്‍ വിമാനത്താവളം നാലുവരി പാതയ്ക്കു 50 കോടി, കാട്ടാമ്പള്ളി-മയ്യില്‍-കൊളോളം റോഡിനു 15 കോടി, മട്ടന്നൂര്‍-ഇരിക്കൂര്‍ റോഡിനു 10 കോടി, ഇരിക്കൂര്‍-ബ്ലാത്തൂര്‍ റോഡിനു 10 കോടി, ചൊവ്വ-അഞ്ചരക്കണ്ടി-മട്ടന്നൂര്‍ റോഡിനു 20 കോടി എന്നിങ്ങനെയാണ് വകയിരുത്തിയത്. വന്‍കിട പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോവാനുള്ള മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് പ്രൊജക്റ്റ്‌സിലാണ് കണ്ണൂര്‍ വിമാനത്താവളത്തെയും മലയോര ഹൈവേയെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കണ്ണൂരിന്റെ കുരുക്കഴിക്കാന്‍ മേലെചൊവ്വ, തെക്കീ ബസാര്‍ ജങ്ഷനികളില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കാന്‍ 30 കോടിയാണ് വകയിരുത്തിയത്.
അടിസ്ഥാന വികസനത്തിനു ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി മൂലക്കീല്‍ കടവ് പാലത്തിന് 25 കോടി, ബാവലി പുഴയ്ക്കു കുറുകെ ഓടന്തോട് പാലവും അപ്രോച്ച് റോഡും നിര്‍മിക്കാന്‍ 15 കോടി, ആലക്കോട്-കാപ്പിമല റോഡിനു 15 കോടി, മയ്യില്‍-കാഞ്ഞിരോട് റോഡിനു 15 കോടി, പുന്നക്കാട്-പുതിയ പുഴക്കര-ഏഴിമല റെയില്‍വേ സ്റ്റേഷന്‍ റോഡിനു 10 കോടി, തളിപ്പറമ്പ്-പട്ടുവം-ചെറുകുന്ന് റോഡിനു 10 കോടി, ചന്തപ്പുര-പരിയാരം-ഒഴക്രോം റോഡിനു 25 കോടി, മേലെ ചൊവ്വ-മട്ടന്നൂര്‍ റോഡിനു 15 കോടി, ചൂളക്കടവ് പാലത്തിനു 20 കോടി, കാങ്കോല്‍-ചീമേനി റോഡിനു 10 കോടി, ചെറുപുഴ-മുതുവം റോഡിനു 10 കോടി എന്നിവ അനുവദിച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയില്‍ കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിനു മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പെടുത്തി 29 കോടി വകയിരുത്തി. ഇതിനു പുറമെ തലശ്ശേരിയില്‍ വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രി സ്ഥാപിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്‍മനാടായ പിണറായിയില്‍ പേുതിയ പോലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സ്ഥിരം സംഘര്‍ഷം നടക്കുന്ന മേഖലയില്‍ ഒരു പുതിയ പോലിസ് സ്‌റ്റേഷന്‍ കൂടി സ്ഥാപിക്കുന്നത് ക്രമസമാധാനപാലനത്തിനു മുതല്‍ക്കൂട്ടാവുമെന്നാണു പ്രതീക്ഷ.
കേരളത്തെ അറിവിന്റെ കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസരംഗത്ത് ബൃഹത് പദ്ധതികളാണു നടപ്പാക്കുക. ഇതില്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് 23.7 കോടി നല്‍കും. മറ്റു സര്‍വകലാശാലകളെ അപേക്ഷിച്ച് കണ്ണൂരിനും എംജിക്കുമാണ ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്. മാത്രമല്ല, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പഠനം നടത്തി ആവശ്യമെങ്കില്‍ അധികസഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്.
ശതോത്തര ജൂബിലി ആഘോഷിക്കുന്ന തലശ്ശേരി ബ്രണ്ണന്‍ കോളജിനെ ഡിജിറ്റല്‍ കോളജാക്കും. ഇതിനായി പ്രത്യേക നിക്ഷേപനിധിയില്‍ നിന്ന് തുക അനുവദിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. എന്‍ജിനീയറിങ് കോളജുകളുടെ വികസനത്തിനുള്ള പ്രത്യേക സ്‌കീമില്‍ ഉള്‍പെടുത്തി കണ്ണൂര്‍ എന്‍ജിനീയറിങ് കോളജില്‍ അസാപിനു കീഴില്‍ പരിശീലനം നല്‍കുന്ന യുവാക്കള്‍ക്ക് അപ്രന്‍ിസ്ഷിപ്പ് കാലത്ത് പോളി മോഡലില്‍ സ്‌കീം ആവിഷ്‌കരിക്കാനും പദ്ധതിയുണ്ട്. വ്യവസായ വികസനത്തിനു 11 പദ്ധതികള്‍ക്കായി 87 കോടി വകയിരുത്തിയതില്‍ കണ്ണൂരിലെ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററിനെ ഉള്‍പെടുത്തിയതും മട്ടന്നൂരിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിനു അധികസഹായം നല്‍കുമെന്നതും ആശ്വാസത്തിനു വകനല്‍കുന്നുണ്ട്.
കുടിവെള്ള വിതരണ മേഖലയില്‍ പൈപ്പുകളില്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന ഒമ്പത് പദ്ധതികള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതില്‍ ജില്ലയിലെ കൊഴിഞ്ഞാംപാറ, ധര്‍മടം പദ്ധതികള്‍ ഉള്‍പ്പെടുത്തിയത് ആശ്വാസമാവും. സമഗ്ര പദ്ധതി നടപ്പാക്കുന്ന പ്രത്യേക നിക്ഷേപക പദ്ധതിയില്‍ മട്ടന്നൂര്‍ നഗരസഭയെ ഉള്‍പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും നവോഥാന സാംസ്‌കാരിക സമുച്ഛയങ്ങള്‍ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചത് കലാ-സാംസ്‌കാരിക രംഗത്ത് ഉണര്‍വേകും. കണ്ണൂരില്‍ വാഗ്ഭടാനന്ദന്റെ പേരിലാണ് സമുഛയം പണിയുക. പയ്യന്നൂര്‍ പൂരക്കളി അക്കാദമിക്ക് 25 ലക്ഷം, കുഞ്ഞിമംഗലം മുഷേരി കാവിനു 25 ലക്ഷം, സംഗീതജ്ഞന്‍ രാഘവന്‍ മാഷുടെ പ്രതിമ സ്ഥാപിക്കാന്‍ 10 ലക്ഷം എന്നിവയും സാംസ്‌കാരിക മേഖലയ്ക്ക് അനുവദിച്ചിട്ടുണ്ട്. കെല്‍ട്രോള്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ കെപിപി നമ്പ്യാരുടെ സ്മാരക മ്യൂസിയം നിര്‍മിക്കാന്‍ ഒരു കോടിയാണ് വകയിരുത്തിയത്.
കായികമന്ത്രിയെന്ന നിലയില്‍ കായിക വികസനത്തിനും അര്‍മായ പരിഗണന നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇന്‍ഡോര്‍ സ്‌റ്റേഡിയം പണിയുമെന്ന വാഗ്ദാനത്തില്‍ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയമാണ് ജില്ലയ്ക്കു നല്‍കിയ വാഗ്ദാനം. ഇതിനു പുറമെ ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ അടിസ്ഥാന സൗകര്യത്തിനു 15 കോടി പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് വകയിരുത്തിയിട്ടുമുണ്ട്. എല്ലാ പഞ്ചായത്തുകളിലം ഒരു കളിക്കളം എന്ന പദ്ധതിക്കു വേണ്ടി വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കി ഘട്ടംഘട്ടമായി മിനി സ്‌റ്റേഡിയം നിര്‍മിക്കാന്‍ തീരുമാനമുണ്ട്. ആദ്യഘട്ടത്തില്‍ ഇതിനു അഞ്ചു കോടിയാണ് വകയിരുത്തിയിട്ടുള്ളതെങ്കിലും 135 കോടി കണ്ടെത്തുമെന്ന് ഉറപ്പുനല്‍കുന്നു. പദ്ധതി പ്രകാരം കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിനു 10 കോടി വകയിരുത്തിയതിനു പുറമെ ധര്‍മടത്ത് അബു-ചാത്തുക്കുട്ടി സ്റ്റേഡിയം, കൂത്തുപറമ്പില്‍ മുനിസിപ്പല്‍ സ്റ്റേഡിയം, മട്ടന്നൂര്‍ സ്റ്റേഡിയം എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.
ടൂറിസം വികസനത്തിനു ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ സ്വകാര്യ നിക്ഷേപവും അടിസ്ഥാന വികസനവും ഉറപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിക്കുന്നു. ധര്‍മടം-മുഴപ്പിലങ്ങാട്, കണ്ണൂര്‍ കോട്ട-അറക്കല്‍ എന്നിവയാണ് ജില്ലയില്‍ നിന്നു ഇതിനായി തിരഞ്ഞെടുത്തത്. ഇവിടെ റോഡ്, ജലഗതാഗത സൗകര്യം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയവ കാര്യക്ഷമമാക്കും. തലശ്ശേരിയില്‍ മുസ്‌രിസ് മാതൃകയില്‍ പൈതൃക ഹെറിറ്റേജ് ടൂറിസം പദ്ധതിക്ക് 50 കോടിയാണു വകയിരുത്തിയത്. ചരിത്രസ്മാരകങ്ങളുടെ പുനരുദ്ധാരണം, ചില പ്രദേശങ്ങളെ പഴയ നിലനിര്‍ത്തി സംരക്ഷിക്കല്‍, മ്യൂസിയങ്ങളുടെ ശൃംഖല സൃഷ്ടിക്കല്‍, ജലഗതാഗതം തുടങ്ങിയവയാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. പയ്യന്നൂരിലും കൂത്തുപറമ്പിലും പുതിയ കോടതി കെട്ടിടം, പൈതൃക ടൂറിസം ഗ്രാമമായി പയ്യന്നൂരിനെ വികസിപ്പിക്കല്‍ എന്നിവയെല്ലാം ജില്ലയ്ക്കു ആശ്വാസമേകുന്ന പദ്ധതികളാണ്. അതേസമയം, അഴീക്കോട്ടെ കൈത്തറി ഗ്രാമത്തെ കുറിച്ചു പരാമര്‍ശം പോലുമില്ലെന്നത് കിതക്കുന്ന കൈത്തറിക്കു തിരിച്ചടിയാവും.
ഏതായാലും പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ ജില്ലയ്ക്ക് ആശ്വസിക്കാന്‍ ഏറെയുണ്ടെങ്കിലും മുന്‍കാലങ്ങളിലേതു പോലെ പ്രഖ്യാപനം മാത്രമായി ഒതുങ്ങുമോയെന്ന ആശങ്കയുമുണ്ട്. അതേസമയം, യുഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ഏറ്റെടുക്കാതിരുന്ന പരിയാരം മെഡിക്കല്‍ കോളജ് വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ ബജറ്റില്‍ പരാമര്‍ശിച്ചില്ല. സര്‍ക്കാര്‍ തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് നേരത്തേ അറിയിച്ചതിനാലാണ് പരാമര്‍ശിക്കാതിരുന്നതെന്നത് ശ്രദ്ധേയമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day