|    Oct 28 Fri, 2016 12:19 am
FLASH NEWS

കടലാസ് എന്‍ജിനിയര്‍

Published : 25th August 2015 | Posted By: admin

അഹ്മദാബാദിലെ ‘നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനി’ലെ (എന്‍.ഐ.ഡി.) പഠനത്തിനു ശേഷം ‘വണ്ടര്‍ലാ’, ‘ബ്ലാക് തണ്ടര്‍’ തുടങ്ങിയവ പോലെ ഡല്‍ഹിക്കു സമീപമുള്ള ഒരു തീംപാര്‍ക്കില്‍ കോണ്‍സെപ്റ്റ് ഡവലപ്പറായി ജോലിയില്‍ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കോട്ടയം കാരനായ സച്ചിന്‍ ജോര്‍ജ് സെബാസ്റ്റിയന്‍. ആയിടയ്ക്ക് ബംഗ്‌ളൂരുവിലെ ഒരു പുസ്തകശാലയില്‍ വച്ച് യാദൃച്ഛികമായി പുതിയ ജനപ്രിയ കലാരൂപങ്ങളെപ്പറ്റിയുള്ള ഒരു കൃതി കൈയില്‍ വന്നുചേര്‍ന്നു. അതിലെ പ്രതിപാദ്യം മനസ്സില്‍ ഒരിക്കലും മാഞ്ഞുപോവാത്ത അക്ഷരങ്ങളാല്‍ രേഖപ്പെടുത്തപ്പെട്ടു. ”എനിക്കു താല്‍പ്പര്യമുള്ള സകലതും -രൂപഘടന, അംഗവിധാനം, വിസ്മയിപ്പിക്കല്‍- അതില്‍ കേന്ദ്രീകരിച്ചിരുന്നു…” സച്ചിന്‍ പറയുന്നു. എന്നിട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: ”എന്‍.ഐ.ഡിയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ എന്നെ ആവേശം കൊള്ളിച്ചിരുന്ന രണ്ടു വിഷയങ്ങള്‍ ജ്യോമട്രിയും രൂപഘടനയുമായിരുന്നു. സുലഭ്യമായ വസ്തുക്കളുപയോഗിച്ച് നവ്യമായെന്തെങ്കിലും സൃഷ്ടിക്കുക എന്നത് എന്റെ അതിയായ മോഹമായിരുന്നു. ആ പുസ്തകം അതിനു വളം വച്ചുതന്നു. ഇക്കാലത്തു തന്നെയാണ് ജാപ്പനീസ് കലാരൂപങ്ങളായ ‘ഒറിഗാമി’യും ‘കിറിഗാമി’യും പഠിക്കാന്‍ സച്ചിന്‍ ആരംഭിക്കുന്നതും. രണ്ടിന്റെയും അടിസ്ഥാനഘടകം തുണി അല്ലെങ്കില്‍ കടലാസായിരുന്നു. പുതുമയ്ക്കു വേണ്ടിയുള്ള സുലഭമായ വസ്തുവിന്റെ അന്വേഷണത്തില്‍ സ്വാഭാവികമായും ചെന്നെത്തിയത് കടലാസിലായിരുന്നു. കടലാസുകൊണ്ട് പൂക്കളുണ്ടാക്കാം; എന്നാല്‍, പൂന്തോട്ടമൊരുക്കാന്‍ ചില്ലറ അധ്വാനമൊന്നും പോരാ. അതുപോലെ കടലാസുകൊണ്ട് ഒരു കൊച്ചുവീട് നിര്‍മിക്കാം. എന്നാല്‍, വന്‍ നഗരങ്ങള്‍ സൃഷ്ടിക്കാന്‍ മാസങ്ങള്‍ പോരാ, വര്‍ഷങ്ങള്‍ തന്നെ പണിപ്പെടണം. വെട്ടിയെടുത്ത് ഒട്ടിച്ചുവച്ച്, കൂട്ടിച്ചേര്‍ത്ത്, അങ്ങനെയങ്ങനെ… മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യത്‌നം മാത്രം പോരാ. ആ സൃഷ്ടി സ്വന്തം മനസ്സില്‍ സൃഷ്ടിക്കണം. പിന്നെ, വിഷയം സമകാലികമായിരിക്കണം, സാര്‍വലൗകികത്വവും വേണം. സര്‍വോപരി അതു കാഴ്ചക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായിരിക്കണം. അതായത്, ആര്‍ക്കും സുഗ്രഹ്യമായ ഒരു കഥ അത് ഉള്‍ക്കൊണ്ടിരിക്കണം എന്നു സാരം. അത് തന്നെക്കുറിച്ചാവാം, ഈ ലോകത്തെക്കുറിച്ചാവാം- ഇക്കാര്യങ്ങളിലാണ് സച്ചിന്‍ ശ്രദ്ധയൂന്നുന്നത്. 23ാം വയസ്സില്‍ ഡിസൈനിങില്‍ ഡിഗ്രി കരസ്ഥമാക്കി അധികം താമസിയാതെയാണ് സച്ചിന്‍ തന്റെ കടലാസ്ശില്‍പ്പങ്ങള്‍ക്കു രൂപം കൊടുക്കാന്‍ ആരംഭിക്കുന്നത്. കടലാസ് മടക്കി മുറിച്ചെടുത്ത് വെട്ടിയൊട്ടിച്ച് രൂപങ്ങളുണ്ടാക്കിയായിരുന്നു തുടക്കം. തൃപ്തി തോന്നാതിരുന്നാല്‍ അതുകളയും. പിന്നെയും ആ ജോലികള്‍ ആവര്‍ത്തിക്കും. അങ്ങനെ നിരന്തരമായ ആവര്‍ത്തനങ്ങള്‍. ഒരു വര്‍ഷത്തിനകം സാങ്കേതികമായി പൂര്‍ണത കൈവരിക്കാന്‍ കഴിഞ്ഞു. പിന്നീടാണ് വലിയ ഉദ്യമങ്ങള്‍ക്ക് ശ്രമിക്കാന്‍ ധൈര്യം കൈവന്നത്. ഇക്കാലത്തും ജീവിതം മുന്നോട്ടു കൊണ്ടുപോവാനായി ഇടയ്ക്കിടെ ചില കൊമേഴ്‌സ്യല്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുമായിരുന്നു. തുടര്‍ന്ന്, ഗ്രൂപ്പ് ഷോകളില്‍ പങ്കെടുത്തു തുടങ്ങി. ക്രമേണ ഏകാംഗപ്രദര്‍ശനം നടത്താനുള്ള ധൈര്യം കൈവന്നു.”കാലം ചെല്ലുംതോറും എന്റെ സൃഷ്ടികളില്‍ കലാപ്രേമികള്‍ക്ക് താല്‍പ്പര്യം വര്‍ധിച്ചു വരുന്നതായി ഞാന്‍ മനസ്സിലാക്കി. അത് കൗതുകകരമാണെന്നതു കൊണ്ടു മാത്രമായിരുന്നില്ല അവര്‍ ആസ്വദിച്ചിരുന്നത്”, പുഞ്ചിരിയോടെ സച്ചിന്‍ പറയുന്നു. ”കടലാസില്‍ സൃഷ്ടിച്ച രൂപം കൂടാതെ അതിന്റെ പിന്നിലെ ചിന്തയും വികാരവും കൂടി അവര്‍ ഉള്‍ക്കൊണ്ടു തുടങ്ങി…” മനുഷ്യനും നഗരവും തമ്മിലും തിരിച്ചുമുള്ള സങ്കീര്‍ണമായ ആദാനപ്രദാന പ്രക്രിയകള്‍ മുഖ്യവിഷയമായി ‘കടലാസ് ശില്‍പ്പങ്ങള്‍’ സൃഷ്ടിക്കുന്ന സച്ചിന്‍ കലാലോകത്ത് അറിയപ്പെടുന്നത് ‘പേപ്പര്‍ എന്‍ജിനീയര്‍’ എന്ന പേരില്‍! 2013ലെ കെംപിന്‍സ്‌കി ആര്‍ട്‌സ് പ്രോഗ്രാമിന്റെ ‘യങ് ആര്‍ട്ടിസ്റ്റ്’ അവാര്‍ഡിനും 2014ലെ ‘ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യന്‍ കണ്‍ടംപററി ആര്‍ട്ട്’ അവാര്‍ഡിനും അര്‍ഹനായ 29 വയസ്സുള്ള സച്ചിന്‍ ജോര്‍ജ് സെബാസ്റ്റിയനെ കലാകാരിയും കലാനിരൂപകയുമായ രസിക കജാരിയെ ഇങ്ങനെ വിലയിരുത്തുന്നു: ”ഈ പേപ്പര്‍ എന്‍ജിനീയര്‍ നഗരങ്ങളിലേക്കുള്ള കുടിയേറ്റം, വന്‍ നഗരങ്ങളുടെ വളര്‍ച്ച, സമകാലീന സംസ്‌കാരം സൃഷ്ടിക്കുന്ന നാഗരിക തമസ്സുകള്‍ തുടങ്ങിയവയാണ് തന്റെ ആശ്ചര്യകരമായ ശില്‍പ്പങ്ങളിലൂടെ ആവിഷ്‌കരിക്കുന്നത്.”

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day