|    Dec 11 Sun, 2016 5:24 pm
FLASH NEWS

കക്കൂസ് ലഭിച്ചില്ല; പഞ്ചായത്ത് ഓഫിസ് പടിക്കല്‍ ആദിവാസി വീട്ടമ്മയുടെ സമരം

Published : 27th October 2016 | Posted By: SMR

ചെറുതോണി: മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് അനുവദിച്ച് ഒഡിഎഫ് പദ്ധതി പൂര്‍ത്തീകരിച്ചതായി പ്രഖ്യാപനം നടത്തിയ കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് ഓഫിസ് പടിക്കല്‍ കക്കൂസ് ലഭിക്കാത്ത ആദിവാസി വീട്ടമ്മയുടെ സത്യഗ്രഹ സമരം. കഞ്ഞിക്കുഴി പന്ത്രണ്ടാംവാര്‍ഡില്‍ താമസക്കാരിയായ ഇലവുങ്കല്‍ ജാന്‍സിയാണ് പഞ്ചായത്ത് ഓഫിസ് പടിക്കല്‍ സമരം നടത്തിയത്.  വാര്‍ഡ് മെംബര്‍ വ്യക്തിവൈരാഗ്യം മൂലം കക്കൂസ് അനുവദിക്കുന്നതിന് തടസ്സം നില്‍ക്കുകയാണെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും മറ്റ് പഞ്ചായത്ത് അംഗങ്ങള്‍  ശുപാര്‍ശ ചെയ്തിട്ടും കക്കൂസ് അനുവദിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും  ജാന്‍സി ആരോപിച്ചു. പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍കുട്ടികളുമായി സുരക്ഷിതമല്ലാത്ത വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. മാനുഷിക പരിഗണന കണക്കിലെടുത്ത് കക്കൂസ് അനുവദിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ദലിത് വനിതാ വേദി സംസ്ഥാന സെക്രട്ടറി സാറാമ്മ ജോസഫ്  ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി മാത്രമാണ് ഇവര്‍ ഇവിടെ താമസിച്ചുവരുന്നതെന്നും വീട്ടുനമ്പര്‍ ഉള്‍പ്പെടെ പഞ്ചായത്ത് രേഖകളൊന്നും  ഇവരുടെ പേരിലില്ലെന്നും രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് കക്കൂസ് നല്‍കാന്‍ തയ്യാറാണെന്നും വാര്‍ഡ് മെംബര്‍ ബിന്ദു അഭയന്‍ പറഞ്ഞു. വ്യക്തിവൈരാഗ്യം എന്നുള്ള ആക്ഷേപം തികച്ചും അടിസ്ഥാന രഹിതമാണെന്നും ഇവര്‍ വിശദീകരിച്ചു. താമസിക്കുന്ന വീടിന്റെയും വസ്തുവിന്റെയും ഉടമസ്ഥ ജാന്‍സിയുടെ സഹോദരിയാണെങ്കിലും ഈ വസ്തുവില്‍ യാതൊരുവിധ  നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലെന്ന് പഞ്ചായത്ത് ഓഫിസിലേക്ക് വീട്ടുടമയായ ജ്യേഷ്ഠ സഹോദരി രേഖാമൂലം എഴുതി അറിയിച്ചിട്ടുണ്ടെന്നും ബിന്ദു അഭയന്‍ പറഞ്ഞു. എന്നാല്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത അധികാരികളെ  സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തുമെന്നും അധികൃതരില്‍ നിന്ന് പ്രത്യേക അനുമതി നേടിക്കൊണ്ട് കക്കൂസ് അനുവദിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഷീബാ ജയന്‍ പറഞ്ഞു. പ്രസിഡന്റ് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ജാന്‍സി സമരം അവസാനിപ്പിച്ചു. എന്നാല്‍ വിഷയത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ദലിത് വനിതാവേദി സെക്രട്ടറി സാറാമ്മ ജോസഫ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക