|    Dec 11 Sun, 2016 3:51 am

ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചു

Published : 30th November 2016 | Posted By: SMR

സോള്‍: ഇംപീച്ച്‌മെന്റ് ഭീഷണി നേരിടുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്വെന്‍ ഹ്യെ രാജിസന്നദ്ധത അറിയിച്ചു. പ്രസിഡന്റ്സ്ഥാനത്തുനിന്നു പടിയിറങ്ങുന്നതു സംബന്ധിച്ച് ഹ്യെ പാര്‍ലമെന്റിനോടു നിര്‍ദേശം തേടി. ഒരു സുഹൃത്തിന് ഔദ്യോഗിക വിവരങ്ങള്‍ വ്യക്തിപരമായ ലാഭത്തിനു വേണ്ടി കൈമാറിയെന്ന ആരോപണങ്ങളെത്തുടര്‍ന്നുള്ള അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ക് ഗ്വെന്‍ ഹ്യെ രാജിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
തന്റെ പ്രസിഡന്റ് കാലാവധി വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും പാര്‍ലമെന്റിനെ ഏല്‍പ്പിക്കുകയാണെന്ന് ഹ്യെ വ്യക്തമാക്കി. രാജ്യത്ത് ഭരണമില്ലായ്മ അനുഭവിക്കാത്ത വിധത്തില്‍ അധികാര കൈമാറ്റത്തിനു സാഹചര്യമൊരുക്കാന്‍ കഴിഞ്ഞാല്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണ്. രാജ്യത്ത് ഭരണമില്ലായ്മ നിലവില്‍ വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഹ്യെ കുറ്റവിചാരണാ നടപടികള്‍ നേരിടണോ എന്ന കാര്യം പാര്‍ലമെന്റ് വെള്ളിയാഴ്ച ചര്‍ച്ചചെയ്യാനിരിക്കെയാണു പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചത്. രാജിവയ്ക്കാന്‍ നിര്‍ബന്ധിതയാവുന്നതിനു മുമ്പുതന്നെ പ്രസിഡന്റ് സ്വയം ഒഴിഞ്ഞുപോവണമെന്നു ഭരണകക്ഷിയിലെ ചില നേതാക്കള്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ കുറ്റവിചാരണാ നടപടികളില്‍ നിന്ന് ഒഴിവാകുന്നതിനുള്ള ശ്രമങ്ങളാണ് പ്രസിഡന്റ് നടത്തിക്കൊണ്ടിരിക്കുന്നതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. നേരത്തേ രണ്ടു തവണ പ്രസിഡന്റ് ക്ഷമാപണം നടത്തിയിരുന്നെങ്കിലും രാജിസന്നദ്ധത അറിയിക്കുന്നത് ഇതാദ്യമായാണ്. പാര്‍ക്കിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചാഴ്ചയായി ആയിരങ്ങളാണ് സോളില്‍ തെരുവിലിറങ്ങുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക