|    Oct 28 Fri, 2016 6:10 am
FLASH NEWS

ഔട്ട് ഓഫ് അജണ്ടയിലെ അരാഷ്ട്രീയം

Published : 10th April 2016 | Posted By: SMR

slug--rashtreeya-keralamരാഷ്ട്രീയം അതിന്റെ വീര്യം ഒട്ടും ചോരാതെ ചര്‍ച്ചചെയ്യപ്പെടുന്ന സ്ഥലങ്ങളാണ് നാട്ടിന്‍പുറത്തെ ചായക്കടകളും ബാര്‍ബര്‍ ഷോപ്പുകളും. ഒരുപാട് ന്യൂജനറേഷനുകള്‍ കടന്നുപോയിട്ടും ഈ ശീലത്തിന് ഇന്നും നാട്ടില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഉള്ളിലുള്ളത് അതുപോലെ വെട്ടിത്തുറന്നു പറയാന്‍ ഇവിടെയെത്തുന്ന സാധാരണക്കാരന് ഒരു മടിയും ഇല്ല. അടിത്തട്ടിലെ ട്രെന്‍ഡ് അറിയാന്‍ ഒരു എക്‌സിറ്റ്‌പോള്‍, പ്രീപോള്‍ സര്‍വേയുടെയും ആവശ്യമില്ല. നാട്ടിലെ പത്ത് ചായക്കടകളില്‍ രാവിലെയും വൈകുന്നേരവും മര്യാദയ്ക്ക് ഒന്നു കയറിയിറങ്ങിയാല്‍ തന്നെ ധാരാളം. അടവും നയവും അണിയറക്കഥകളുമൊക്കെ ചൂടേറിയ വാഗ്വാദങ്ങള്‍ക്കു വഴിവയ്ക്കുന്ന ചര്‍ച്ചകള്‍ പലപ്പോഴും പര്യവസാനിക്കുന്നത് ആരു ഭരണത്തില്‍ വന്നാലും സാധാരണക്കാരന് ഒരു ഗുണവും ഇല്ലെന്ന വാല്‍ക്കഷണത്തോടെയാണ്. ഏതെങ്കിലും പാര്‍ട്ടിക്കൊടിയുടെ കീഴില്‍ അതിതീവ്രമായി ഉറച്ചുനില്‍ക്കുന്ന ലോക്കല്‍ രാഷ്ട്രീയക്കാരെ ഒഴിച്ചുനിര്‍ത്തിയാല്‍, ബാക്കിയുള്ള മഹാഭൂരിപക്ഷവും പങ്കുവയ്ക്കുന്ന മനോഭാവം ഇതുതന്നെയാണ്. പ്രയോഗത്തിന്റെ ശൈലിയും ഭാഷയുമൊക്കെ പ്രദേശത്തിനനുസരിച്ച് മാറുമെന്നു മാത്രം. ചര്‍ച്ചകളില്‍ പതഞ്ഞുപൊന്തുന്ന ഹരത്തിനപ്പുറം, കണ്‍മുന്നില്‍ കണ്ടും കേട്ടും അനുഭവിച്ചും അറിയുന്ന രാഷ്ട്രീയമാതൃകകളെ സാധാരണക്കാരന്‍ നിഷേധാത്മകമായും അല്‍പ്പം പുച്ഛത്തോടെയും കാണുന്നതിന്റെ പ്രതിഫലനംകൂടിയാണ് ഇത്തരം ചര്‍ച്ചകളുടെ പര്യവസാനം. ആരെ വിശ്വസിക്കണം, ആര്‍ക്കൊപ്പം നില്‍ക്കണം എന്ന ആശയക്കുഴപ്പമാണ് ജനങ്ങള്‍ക്കിടയില്‍ ഇത്തരം മനോഭാവം രൂപപ്പെടുത്തുന്നത്. കാരണം, അധികാരം കൈവിടാതിരിക്കാനും കൈപ്പിടിയിലൊതുക്കാനുമൊക്കെയായി ഭരണപക്ഷത്തും പ്രതിപക്ഷത്തുമിരിക്കുന്നവര്‍ സ്വീകരിക്കുന്ന നിലപാടുകളും സമീപനങ്ങളും സംശുദ്ധരാഷ്ട്രീയത്തെക്കുറിച്ച് സമൂഹത്തിനുള്ള സങ്കല്‍പ്പങ്ങളെ തീര്‍ത്തും തകിടംമറിക്കുന്ന നിലവാരത്തിലേക്ക് പലപ്പോഴും തരംതാഴുന്നുവെന്നതാണ്. നേതാക്കള്‍ മൈക്ക് കെട്ടി പുലമ്പുന്ന രാഷ്ട്രീയമൂല്യങ്ങള്‍, ഒരു സുപ്രഭാതത്തില്‍ ഔട്ട് ഓഫ് അജണ്ടകള്‍ക്ക് വഴിമാറുന്നതാവും പിന്നീട് കാണുക. അങ്ങനെ വരുമ്പോള്‍, മതമേലധ്യക്ഷന്‍മാര്‍ക്കും സമുദായനേതാക്കള്‍ക്കും രാഷ്ട്രീയത്തില്‍ ഇടപെടാം, അഭിപ്രായം പറയാം, വേണ്ടിവന്നാല്‍ സ്ഥാനാര്‍ഥികളെ വരെ നിര്‍ദേശിക്കാം. എതിര്‍ചേരിയിലെ അഴിമതിക്കാരും കളങ്കിതരും കാലുമാറി ഇപ്പുറത്തെത്തുന്നതോടെ സംശുദ്ധരാഷ്ട്രീയക്കാരും ആദര്‍ശധീരരുമാവും, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കേരളത്തിലെ പ്രമുഖ മുന്നണികളെല്ലാം സ്വീകരിച്ച സമീപനം രാഷ്ട്രീയ അജണ്ടകള്‍ക്കു പുറത്തുള്ള ഇത്തരം കളികളെ കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നതാണ്.
നിയമം നിയമത്തിന്റെ വഴിക്ക് പോവണം; അതോടൊപ്പം ധാര്‍മികതയെക്കാള്‍ സ്വന്തം മനസ്സാക്ഷിക്ക് ഊന്നല്‍ നല്‍കണം. സ്വന്തം മനസ്സാക്ഷിക്ക് ശരിയെന്നു തോന്നിയാല്‍ പിന്നെ ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല അത് സ്വന്തം പാര്‍ട്ടിയുടെ പ്രസിഡന്റായാല്‍ പോലും. ഉമ്മന്‍ചാണ്ടി എന്ന ഉറക്കമില്ലാത്ത രാഷ്ട്രീയക്കാരന്‍ കേരള ജനതയെ കഴിഞ്ഞ കുറച്ചുകാലമായി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയപാഠം ഇതാണ്. സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട അടിയും തടയുമൊക്കെ കോണ്‍ഗ്രസ്സില്‍ സര്‍വസാധാരണമാണെങ്കിലും ഇത്തവണ മന്ത്രിമാരായ അടൂര്‍ പ്രകാശിനും കെ ബാബുവിനും വേണ്ടി ഉമ്മന്‍ചാണ്ടി നടത്തിയ പോരാട്ടം അനന്യസാധാരണമെന്ന വിഭാഗത്തില്‍പ്പെടുത്തേണ്ടതാണ്. ബാബുവിന് വേണ്ടിയും അടൂര്‍ പ്രകാശിനു വേണ്ടിയും മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്ന ശരിയുടെ പക്ഷം ഏതെന്നതാണു ചോദ്യം. ബാര്‍ കോഴ ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചാണ് കെ ബാബുവിന്റെ നില്‍പ്പെങ്കില്‍, നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി സര്‍ക്കാര്‍ നടത്തിയ ആയിരക്കണക്കിനേക്കര്‍ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളുടെ തലപ്പത്താണ് അടൂര്‍ പ്രകാശിന്റെ സ്ഥാനം. കളങ്കിതര്‍ എന്ന നിലയില്‍ ഇരുവരും മല്‍സരരംഗത്തുനിന്നു മാറിനില്‍ക്കണമെന്നു പറഞ്ഞത് പ്രതിപക്ഷമല്ല, കെപിസിസിയുടെ പ്രസിഡന്റാണ്. കടുത്ത ഉമ്മന്‍ചാണ്ടി ഭക്തര്‍ ഒഴികെയുള്ള സകലമാന സാധാരണക്കാരുടെയും യുക്തിക്ക് ശരിയെന്നു തോന്നുന്ന ധാര്‍മികബോധമാണ് വി എം സുധീരനിലൂടെ പ്രകടമായത്. എന്നാല്‍, സ്വന്തം സ്ഥാനാര്‍ഥിത്വംകൊണ്ട് വിലപേശിയ ഉമ്മന്‍ചാണ്ടി, അവരില്ലെങ്കില്‍ താനും ഇല്ലെന്ന് പറയുന്നതിലൂടെ രണ്ടു മന്ത്രിമാരും ചെയ്തുകൂട്ടിയതിന്റെയൊക്കെ കൂട്ടുത്തരവാദിത്തം സ്വയം ഏറ്റെടുത്തുകൊണ്ടാണ് എതിരാളികളുടെ നാവടച്ചത്. എല്ലാവിധമായ ധാര്‍മികബോധങ്ങള്‍ക്കുമപ്പുറം തന്റെ ശരികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. അധികാരം നിലനിര്‍ത്തുക എന്ന രാഷ്ട്രീയ അനിവാര്യതയ്ക്കായി, തന്റെ വഴിയേ പാര്‍ട്ടിനേതൃത്വത്തെ കൊണ്ടെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നുവെന്നു പറയുന്നതാവും കൂടുതല്‍ ഉചിതം. എ കെ ആന്റണിയും വി എം സുധീരനുമടക്കമുള്ള കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആദര്‍ശക്കുപ്പായക്കാര്‍ വോട്ടുതേടി കോന്നിയിലും തൃപ്പൂണിത്തുറയിലും പാലായിലും എത്തുന്ന രാഷ്ട്രീയക്കാഴ്ചകള്‍ക്കാവും ഇനിയുള്ള ദിനങ്ങള്‍ സാക്ഷ്യംവഹിക്കുക.
മറുവശത്ത് എല്ലാം ശരിയാക്കാനിറങ്ങിത്തിരിച്ചിരിക്കുന്ന ഇടതുമുന്നണി ആദ്യം വിശദീകരിക്കേണ്ടത്, ആര്‍ ബാലകൃഷ്ണപ്പിള്ളയും മകന്‍ കെ ബി ഗണേഷ്‌കുമാറും എന്നുമുതലാണ് തങ്ങള്‍ക്ക് സ്വീകാര്യരായതെന്നാണ്. മുന്നണിനേതാക്കള്‍ യുഡിഎഫ് സര്‍ക്കാരിന്റെ ദുഷിച്ചുനാറിയ അഴിമതിക്കഥകള്‍ വിശദീകരിക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണവേദികളില്‍, ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപ്പിള്ളയുടെ പാര്‍ട്ടിക്കൊടിയും ബാര്‍ കോഴക്കേസില്‍ ഇന്നലെ വരെ കെ എം മാണിയെ ന്യായീകരിച്ച ആന്റണി രാജുവിന്റെ പാര്‍ട്ടിക്കൊടിയും ഇനിമുതല്‍ പാറിക്കളിക്കുന്നുണ്ടാവും. പിള്ളയ്‌ക്കെതിരേ സുപ്രിംകോടതി വരെ വി എസ് അച്യുതാനന്ദന്‍ എന്ന അഴിമതിവിരുദ്ധ പോരാളി നടത്തിയ വിട്ടുവീഴ്ചയില്ലാത്ത നിയമയുദ്ധത്തിന്റെ നാള്‍വഴി ഈ തിരഞ്ഞെടുപ്പുകാലത്ത് ഇനി മുഴങ്ങിക്കേള്‍ക്കില്ലെന്നും ഉറപ്പാണ്. സോളാര്‍ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ബിജുരാധാകൃഷ്ണന്‍ തന്റെ ഭാര്യയുമായുള്ള അവിഹിതബന്ധത്തിന്റെ പേരില്‍ യുഡിഎഫിലെ ഒരു മുന്‍മന്ത്രിയെ വീട്ടില്‍ കയറി തല്ലിയ സംഭവത്തിനുമേലും എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കത്രിക വീഴും. വിഎസിനെ കാമഭ്രാന്തനെന്ന് പൊതുവേദിയില്‍ ആക്ഷേപിച്ചതിനെതിരേ കെ ബി ഗണേഷ്‌കുമാറിനെതിരേ നല്‍കിയ പരാതി പിന്‍വലിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ പുതിയ ബാന്ധവങ്ങള്‍ക്ക് പത്തനാപുരത്തെ സഖാക്കള്‍ ചുവപ്പുപരവതാനി വിരിച്ചത്. മാറിമറിഞ്ഞ മുന്നണി സമവാക്യങ്ങളെ പ്രത്യയശാസ്ത്ര വിശകലനങ്ങളിലൂടെയും താത്വികമായ അവലോകനങ്ങളിലൂടെയും മറികടന്ന മുന്‍കാല കമ്മ്യൂണിസ്റ്റ് തന്ത്രങ്ങള്‍ ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടേക്കാം. യുഡിഎഫിനെ അധികാരത്തില്‍നിന്നിറക്കുക എന്ന രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി ആരെയും ഒപ്പം കൂട്ടേണ്ടിവരുമെന്നാണ് സഖാവ് ആനത്തലവട്ടം ആനന്ദന്‍ ഇത്തരം കൂട്ടുകെട്ടുകളെ ന്യായീകരിച്ചത്. ലളിതമായി പറഞ്ഞാല്‍, സിപിഎമ്മിനെ അധികാരത്തിലേറ്റുകയും പിണറായി മുഖ്യമന്ത്രിയാവുകയും വേണം. അതിനുവേണ്ടി ഇടതുപക്ഷ മൂല്യങ്ങളില്‍ ഏതളവില്‍ വെള്ളം ചേര്‍ക്കാനും സിപിഎം തയ്യാറാണെന്നു ചുരുക്കം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day