|    Oct 26 Wed, 2016 4:22 am
FLASH NEWS

ഓഹിയോ നദിയുടെ ആഴങ്ങള്‍ സാക്ഷി…

Published : 5th June 2016 | Posted By: SMR

എം എം സലാം

എന്റെ ശത്രുക്കള്‍ വെള്ളക്കാരാണ്, അല്ലാതെ വിയറ്റ്‌നാം ജനതയല്ല, വെള്ളക്കാരന്റെ അധീശത്വം നിലനിര്‍ത്താന്‍ മാത്രമായി 10,000 മൈല്‍ സഞ്ചരിക്കാനും പാവങ്ങളെ ചുട്ടെരിക്കാനും കൊന്നൊടുക്കാനും എന്നെക്കിട്ടില്ല, മാതൃദേശത്ത് എന്റെ മതവിശ്വാസങ്ങള്‍ക്കുവേണ്ടി പോലും നിലകൊള്ളാന്‍ ആഗ്രഹിക്കാത്ത നിങ്ങള്‍ക്കുവേണ്ടി ഞാന്‍ മറ്റെവിടെയോ പോയി യുദ്ധംചെയ്യണമെന്നു പറയുന്നതില്‍ ഒരു ന്യായവുമില്ല. ലോകത്തെ ഏറ്റവും ശക്തമായ ഒരു ഭരണകൂടത്തിന്റെ മുഖത്തുനോക്കി അതേ മണ്ണില്‍ നിന്നു തന്നെ ഉയര്‍ന്നു കേട്ട ഈ ഗര്‍ജനം ഭരണാധികാരികളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
വര്‍ണവിവേചനത്തിനെതിരെയുള്ള ഈ ധീരമായ വാക്കുകളിലൂടെ ഇടിക്കൂട്ടിലെ വേദനകള്‍ സഹിച്ചു താന്‍ നേടിയെടുത്ത ചാംപ്യന്‍പട്ടമാണ് അലിക്കു നഷ്ടമായത്. 1967ല്‍ അമേരിക്കന്‍ ഭരണകൂടം വിയറ്റ്‌നാമില്‍ യുദ്ധം നടത്തുന്ന കാലം. ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളും സൈനിക ശക്തികളും തങ്ങള്‍ക്കൊപ്പമുണ്ടായിട്ടും വിയറ്റ്‌നാമെന്ന ആ കൊച്ചു രാജ്യത്തെ പൂര്‍ണമായും കീഴ്‌പ്പെടുത്താന്‍ അവര്‍ക്കായില്ല. തുടര്‍ന്നു രാജ്യത്തെ ചെറുപ്പക്കാരെല്ലാം നിര്‍ബന്ധിത സൈനിക സേവനം നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. കാഷ്യസ് മാര്‍സലസ് ക്ലേ എന്ന യുവാവിനും ലഭിച്ചു തപാല്‍ ഓര്‍ഡര്‍. എന്നാല്‍ ആ ഓര്‍ഡര്‍ കൈപ്പറ്റുകപോലും ചെയ്യാതെ ഭരണകൂടത്തിന്റെ വര്‍ണവെറിയെ രൂക്ഷമായി വിമര്‍ശിച്ചും വികാരതീവ്രമായ ഭാഷയില്‍ മേല്‍പറഞ്ഞ വാചകങ്ങളോടും കൂടിയ മറ്റൊരു കത്ത് തിരിച്ചയച്ചാണ് മുഹമ്മദലി ഇതിനോടു പ്രതികരിച്ചത്.
രാജ്യത്തിന്റെ അഭിമാന താരമായിരുന്നിട്ടുകൂടി ഭരണകൂടത്തിന്റെ നിരന്തര വേട്ടയാടലുകളായിരുന്നു അലിക്ക് പിന്നീട് നേടിടേണ്ടിവന്നത്. രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യാനിറങ്ങിയില്ല എന്ന കാരണത്താല്‍ അഞ്ചുവര്‍ഷത്തെ തടവിനും 10,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. ന്യൂയോര്‍ക്ക് ബോക്‌സിങ് കമ്മീഷനും ലോക ബോക്‌സിങ് അസോസിയേഷനുമടക്കം മുഹമ്മദലിയുടെ ചാംപ്യന്‍പട്ടം തിരിച്ചെടുത്തു. ഭരണകൂടത്തിന്റെ ഇത്തരം നടപടികളെ മുഹമ്മദലിയും നിയമപരമായിത്തന്നെ ചോദ്യംചെയ്തു. മൂന്നുവര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ശിക്ഷയെല്ലാം റദ്ദുചെയ്യാനും മെഡലുകള്‍ തിരിച്ചുകൊടുക്കുവാനും അമേരിക്കന്‍ സുപ്രിംകോടതി ഉത്തരവിട്ടു. 1966ലെ അറ്റ്‌ലാന്റ ഒളിംപിക്‌സിനിടെ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി അദ്ദേഹത്തിനു പുതിയൊരു മെഡല്‍ നല്‍കുവാനും തയ്യാറായി. മുഹമ്മദലിയോട് കാണിച്ച ക്രൂരതകള്‍ക്കുള്ള ഖേദപ്രകടനമെന്ന നിലയില്‍ ഇതേ ഒളിംപിക്‌സിന്റെ ദീപശിഖ തെളിയിക്കാനും അലിക്ക് അവസരം നല്‍കി.
നിലപാടുകളില്‍ നിന്നു വ്യതിചലിക്കാത്ത മുഹമ്മദലിയുടെ ഇതേ പ്രകൃതമാണു വെള്ളക്കാരന്റെ വര്‍ണവെറിക്കെതിരേ നിരന്തരം ശബ്ദമുയര്‍ത്താനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്. തൊലിയുടെ നിറം നോക്കി തന്റെ സമൂഹത്തിലുള്ളവരെ നിരന്തരം അപമാനിക്കുന്നതും മാറ്റിനിര്‍ത്തുന്നതും മുഹമ്മദലിക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും വെവ്വേറെ വഴികള്‍, ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ തുടങ്ങി എല്ലാ മേഖലകളിലും ഈ അസമത്വം പ്രകടമായിരുന്നു. വെള്ളക്കാര്‍ക്കു മാത്രം’എന്ന ബോര്‍ഡെഴുതിവച്ച ലൂയീസ്വീലിലെ ഒരു ഹോട്ടലില്‍ ക്ലേ ഭക്ഷണംകഴിക്കാനെത്തി. എന്നാല്‍ കറുത്തവര്‍ഗക്കാര്‍ക്കിവിടെ ഭക്ഷണമില്ല എന്നായിരുന്നു ഹോട്ടലധികൃതരുടെ മറുപടി. ലോകമറിയുന്ന കായികതാരമാണ് താനെന്നറിയിച്ചു ജന്‍മനാടിനുവേണ്ടി നേടിയ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ക്ലേ ഉയര്‍ത്തിക്കാട്ടി. എന്നാല്‍ കറുത്തവര്‍ക്കു ഭക്ഷണം നല്‍കാനാവില്ലെന്നുതന്നെയായിരുന്നു വെള്ളക്കാരായ ഹോട്ടലധികൃതരുടെ മറുപടി.
തുടര്‍ന്ന് ജെഫേഴ്‌സണ്‍ കൗണ്ടി പാലത്തിനു മുകളില്‍ നിന്ന് ഊണിലും ഉറക്കത്തിലും താന്‍ അഭിമാനത്തോടെ കഴുത്തിലണിഞ്ഞു കൊണ്ടുനടന്ന ആ സുവര്‍ണമുദ്ര ഓഹിയോ നദിയിലേക്കു വലിച്ചെറിഞ്ഞു. താനടക്കമുള്ള കറുത്തവര്‍ഗത്തിനു നേരിടേണ്ടിവന്ന അപമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഈ തീരുമാനമെന്നാണ് അലി പിന്നീടിതിനെ വിശേഷിപ്പിച്ചത്. തന്റെ തീരുമാനത്തില്‍ ഒരിക്കലും കുറ്റബോധം തോന്നാതിരുന്ന അലി താന്‍ ചെയ്തതുതന്നെയായിരുന്നു ശരിയെന്നാണ് മരണംവരെ വിശ്വസിച്ചുപോന്നത്.
1964ല്‍ 26ാം വയസ്സിലാണ് കാഷ്യസ് ക്ലേ ഇസ്‌ലാംമതം സ്വീകരിച്ച് മുഹമ്മദലി ക്ലേ എന്ന പേര് സ്വീകരിച്ചത്. വര്‍ണവിവേചനത്തോടുള്ള ശക്തമായ പ്രതിഷേധംകൂടിയായിരുന്നു കാഷ്യസിന്റെ ഇസ്‌ലാം ആശ്ലേഷം. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മാധ്യമങ്ങളി ല്‍ നിന്നുമെല്ലാം കടുത്ത അവഹേളനവും ഒറ്റപ്പെടലും നേരിടേണ്ടിവന്നെങ്കിലും മരണംവരെ തന്റെ തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിച്ച ആദ്യഗുരു അലിജാ മുഹമ്മദാണ് അദ്ദേഹത്തിനു പ്രവാചകന്റെ പേരായ മുഹമ്മദ് നിര്‍ദേശിച്ചത്. മതത്തിന്റെ പ്രബോധന പ്രചാരണപ്രവര്‍ത്തനങ്ങളിലടക്കം പിന്നീട് മുഹമ്മദലി സജീവമായി. ഇസ്‌ലാം സ്വീകരിച്ചവരെ ഏറ്റവുമധികം ആകര്‍ഷിച്ച അഞ്ച് വ്യക്തികളിലൊരാളായിട്ടാണു മുഹമ്മദലിയും അറിയപ്പെടുന്നത്. പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ പിടിയില്‍പ്പെട്ട് കടുത്ത അവശതകള്‍ നേരിട്ട അവസാന കാലഘട്ടത്തിലും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ മുസ്‌ലിം വിരുദ്ധ പ്രസ്താവനകളോടു ശക്തമായ ഭാഷയില്‍ പ്രതികരിക്കാന്‍ മുഹമ്മദലി തയ്യാറായി. $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day