|    Dec 3 Sat, 2016 12:19 pm
FLASH NEWS

ഓലചുരുട്ടി രോഗം; ഏക്കര്‍കണക്കിന് നെല്‍കൃഷി നശിച്ചു

Published : 24th November 2016 | Posted By: SMR

മാനന്തവാടി: പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവില്‍ ഏക്കര്‍കണക്കിന് നെല്‍കൃഷി ഓലചുരുട്ടി രോഗം ബാധിച്ചു നശിച്ചു. വിളവെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നെല്‍ക്കതിരുകള്‍ പതിരാക്കിക്കൊണ്ട് ഓലകള്‍ ഉണങ്ങി നശിക്കുന്നത്. പുതുശ്ശേരിക്കടവ് പൂര്‍ണിമ പാടശേഖരത്തിന് കീഴിലുള്ള 50 ഏക്കറോളം നെല്‍പ്പാടത്തിലാണ് രോഗം വ്യാപിച്ചത്. പൂര്‍ണിമ പാടശേഖരത്തിനു കീഴില്‍ ഈ വര്‍ഷം 60 ഏക്കറോളം വയലിലാണ് നെല്‍കൃഷിയിറക്കിയത്. 68 അംഗങ്ങളുള്ള പാടശേഖരസമിതിയിലെ ഭൂരിഭാഗം കര്‍ഷകരും ഈ വര്‍ഷം പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെയും ബാങ്ക് വായ്പയെടുത്തും നെല്‍കൃഷിയിറക്കിയിരുന്നു. നാലുമാസം മുമ്പ് കൃഷിയിറക്കി ഏതാനും ദിവസം മുമ്പ് വരെ നല്ല വിളവെടുപ്പ് പ്രതീക്ഷിച്ചിരുന്ന പാടത്താണ് രോഗം വളരെ പെട്ടെന്നു വ്യാപിച്ചത്. കതിരിട്ടതിനാല്‍ കീടനാശിനി പ്രയോഗിക്കാനും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനോടകം തന്നെ പാടശേഖരത്തിലെ 30 ഏക്കറോളം പാടത്ത് രോഗം ബാധിച്ചുകഴിഞ്ഞു. ബാക്കി ഭാഗങ്ങളിലേക്കും രോഗം പടരുന്നുണ്ട്. കൃഷിഭവന്‍ മുഖേന ലഭിച്ച ആതിര വിത്തുപയോഗിച്ച് കൃഷി ചെയ്ത പാടങ്ങളിലാണ് കൂടുതലായി രോഗം കണ്ടുവരുന്നത്. തൊട്ടടുത്തു തന്നെ കൃഷിചെയ്ത റോസ് മട്ട, പാലക്കാടന്‍ മട്ട വിത്തുകളില്‍ രോഗബാധയില്ല. കൃഷിഭവന്‍ വഴി ലഭിക്കുന്ന വിത്തിന് നാടന്‍ നെല്‍വിത്തുകളെ അപേക്ഷിച്ചു രോഗപ്രതിരോധശേഷി കുറവായതിനാലാണ് ഇതെന്നാണ് കര്‍ഷകര്‍ കരുതുന്നത്. പുറത്തൂട്ട് സുകുമാരന്‍, ദാമോദരന്‍, കാഞ്ഞായി അബ്ദുല്ല, വള്ളിമാരി ജോണി, പനന്തോളി അന്ത്രു, പുറത്തൂട്ട് സലു, ചിരക്കാക്കുടയില്‍ ബേബി തുടങ്ങിയവരുടെ പാടങ്ങളിലാണ് രോഗബാധയേറെ. ഏക്കറിന് 30,000 രൂപയോളം ചെലവഴിച്ച് കൃഷിയിറക്കി വിളവെടുപ്പിനു മുമ്പായി രോഗം ബാധിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. ഏക്കറിന് 40 രൂപ വീതം ഇന്‍ഷുറന്‍സ് തുക കര്‍ഷകര്‍ അടയ്ക്കുന്നുണ്ടെങ്കിലും കാലവസ്ഥാ വ്യതിയാനത്തിലൂടെ കൃഷിനശിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂവെന്ന മാനദണ്ഡം മാറ്റി രോഗം ബാധിച്ച് കൃഷിനശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കൃഷിവകുപ്പ് തയ്യാറാവണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day