|    Oct 26 Wed, 2016 12:49 am
FLASH NEWS

ഓര്‍മകളുണ്ടായിരിക്കണമെന്ന് ഓര്‍മിപ്പിച്ച് ഒരു വയോജനകേന്ദ്രം

Published : 1st August 2016 | Posted By: SMR

തലശ്ശേരി: വാര്‍ധക്യം അരുതാത്ത കുറ്റമാണെന്ന ബോധത്തിലേക്ക് പുതുതലമുറയും ന്യൂക്ലിയര്‍ കുടുംബങ്ങളും മാറിയതിന്റെ ദയനീയ ചിത്രങ്ങള്‍ നമ്മുടെ മുന്നില്‍ എത്രയെങ്കിലുമുണ്ട്. എന്നാല്‍, കതിരൂര്‍ വിന്നേഴ്‌സ് ലൈബ്രറി രൂപം നല്‍കിയ വയോജന കേന്ദ്രം കാലത്തിന്റെ മുന്നില്‍ തുറന്നുവച്ച പുസ്തകവും കണ്ണാടിയുമാവുകയാണ്.
70 പിന്നിട്ട വയോജനങ്ങള്‍ തങ്ങള്‍ കടന്നുവന്നതും മുറിച്ചുകടന്നതുമായ കാലത്തിലെ നവോത്ഥാന പ്രക്രിയകളിലെ പങ്കാളിത്തം, അതിന്റെ സാമൂഹിക രൂപങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിന് കൈയെഴുത്ത് മാസിക പുറത്തിറക്കി. ‘ഉറി’ എന്നയാരുന്നു ആദ്യ കൈയെഴുത്ത് പ്രതിയുടെ പേര്. പിന്നാലെ ഇറക്കിയ രണ്ടാം ഭാഗത്തിന്റെ പേര്‍ ‘ഉറവ’. ചോരതുടിക്കും ചെറുകൈയുകളെ പേറുക വന്നീ പന്തങ്ങള്‍ എന്ന വൈലോപ്പള്ളിയുടെ പ്രശസ്ത കവിത പകര്‍ന്നു നല്‍കിയ ഊര്‍ജവും സ്ഥൈര്യവും ഓര്‍മിപ്പിച്ച് ഒരു ഗ്രാമത്തിലെ പഴയ തലമുറ പുതിയ തലമുറയ്ക്കായി പകര്‍ന്നു നല്‍കുന്ന അമൂല്യ അനുഭവങ്ങളാണ് ഉറിയിലും ഉറവയിലും അക്ഷരങ്ങളായി പടര്‍ന്നു കിടക്കുന്നത്. ഒരു ലൈബ്രറിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇത്തരം ഒരു സംരംഭം ഒരു പക്ഷേ ഇതാദ്യമായിരിക്കും. വയോജനങ്ങളുടെ അനുഭവങ്ങള്‍ മൂശയില്‍ നിന്ന് എങ്ങനെ ഗ്രാമത്തിന്റെ കാവലാളുകള്‍ ആവുന്നുവെന്ന ഓര്‍മപ്പെടുത്തല്‍. അതു പുതുതലമുറയുടെ ചിന്തയിലും കണ്ണുകളിലെയും പുതുവെളിച്ചമാവുന്നു.
മനുഷ്യ-ജന്തു-വൃക്ഷ ലതാദികളുടെ ജീവിത പരിണാമ പ്രക്രിയകളിലെ ഒരു ഘട്ടമാണ് വാര്‍ധക്യമെന്നും ഈ ഘട്ടത്തിലൂടെ നാം ഓരോരുത്തരും മറ്റു ജീവജാലങ്ങളെപ്പോലെ കടന്നുപോയേ മതിയാവൂ എന്നും ഇവര്‍ എഴുതിയ കുറിപ്പുകള്‍, ലഘു നോവലുകള്‍, കവിതകള്‍, ലേഖനങ്ങള്‍ വ്യക്തമാക്കുന്നു. ‘ഉറി’- 104 പേജുള്ള കൈപ്പുസ്തകമാണ്. 2015 മെയ് 17ന് പാട്യം വിശ്വനാഥന്‍ പ്രകാശനം ചെയ്ത് ലൈബ്രറി സെക്രട്ടറി ബിനേഷ് പാലശ്ശേരി ഏറ്റുവാങ്ങിയ പുസ്തകം കതിരൂരിലെ മുഴുവന്‍ വീടുകളിലും വായനയാക്കായി എത്തിച്ചു നല്‍കി. വായിച്ചവരില്‍ നിന്ന് കുറിപ്പ് എഴുതിവാങ്ങാന്‍ പ്രത്യേക പുസ്തകവും ഇതോടൊപ്പം നല്‍കുന്നുണ്ട്. 2016ല്‍ ‘ഉറവ’ പുറത്തിറങ്ങി. രണ്ട് ഭാഗങ്ങളായാണ് ഇത് പ്രകാശനം ചെയ്തത്. ആദ്യഭാഗത്ത് 11 കവിതകള്‍, 5 കഥകള്‍, 5 ലേഖനങ്ങള്‍, 1 ലഘു നോവല്‍, കാര്‍ട്ടൂണ്‍, ചിത്രപുസ്തകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ഉറവയുടെ രണ്ടാംഭാഗം പൂര്‍ണ ചിത്രപുസ്തകമാണ്. ‘പല നേരങ്ങളില്‍ ഒരിടം’ എന്നു നാമകരണം ചെയ്യപ്പെട്ട പുസ്തകത്തില്‍ ഹിമാലയം യാത്രാനുഭവം അപൂര്‍വാനുഭവ ചിത്രങ്ങളായി ഡിജിറ്റല്‍ പെയിന്റിങിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ചിത്രകാരനുമായ കെ എം ശിവകൃഷ്ണന്‍ മാസ്റ്റര്‍. ഉറിയും  ഉറവയുടെയും കവറുകള്‍ ഡിസൈന്‍ ചെയ്തതും ഇദ്ദേഹം തന്നെ.
ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കുന്നതിന് മുമ്പ് കതിരൂര്‍ സൂര്യനാരായണ ക്ഷേത്രകുളത്തില്‍ വിലക്ക് ലംഘിച്ച് മുങ്ങിക്കുളിച്ച കോട്ടായി വാസു, ‘ബ്രിട്ടനെ പിടിക്കണം, ഓട്ടിലിട്ടു വറക്കണം, ഉരലിലിട്ട് പൊടിക്കണം, അറബിക്കടലില്‍ മുക്കണം’ എന്ന് 1947 ല്‍ കവിതയെഴുതിയ കുട്ടിശങ്കരന്‍ മാസ്റ്റര്‍, ഭ്രാന്തിലേക്കിനിയില്ല ദൂരം എഴുതിയ എം പി വിനോദ്, ഇന്നു ഞാന്‍ നാളെ നീ (സൗജത്ത് ടീച്ചര്‍), വിദ്യാഭ്യാസ ചിന്തകള്‍, ഡോ. പി എം കെ നായരുടെ ആരോഗ്യ രംഗം, കേന്ദ്രസര്‍ക്കാരിന്റെ മികച്ച കൃഷി ഓഫിസര്‍ക്കുള്ള അവാര്‍ഡ് ജേതാവ് തുളസി ചെറിയാട്ട് ഇവയെല്ലാം ഏറെ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്ന സൃഷ്ടികളുമാണ്.
1977ലാണ് വിന്നേഴ്‌സ് ലൈബ്രറി സ്ഥാപിക്കപ്പെടുന്നത്. ലോക ക്ലാസിക്കുകള്‍, റഫറന്‍സ് ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ 15,680 പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പഞ്ചായത്ത് ലൈബ്രറിയുമാണ് വിന്നേഴ്‌സ് ലൈബ്രറി. റഫറന്‍സ് ലൈബ്രറിയില്‍ ‘ദാമോദരന്‍ മാസ്റ്റര്‍ കോര്‍ണറും’ പ്രവര്‍ത്തിച്ചുവരുന്നു. അധ്യാപക അവാര്‍ഡ് ജേതാവായ കെ കെ കുമാരന്‍ മാസ്റ്ററാണ് കൈയെഴുത്ത് പ്രതികളുടെ പത്രാധിപര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day