|    Oct 27 Thu, 2016 6:34 am
FLASH NEWS

ഓപറേഷന്‍ ‘ബിഗ് ഡാഡി’ ശക്തമാക്കുന്നു

Published : 21st November 2015 | Posted By: SMR

തിരുവനന്തപുരം: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ക്കെതിരേ കേരള പോലിസ് ആരംഭിച്ച ‘ഓപറേഷന്‍ ബിഗ് ഡാഡി’ കൂടുതല്‍ ശക്തമാക്കുന്നു. കുടുംബങ്ങളിലോ സ്‌കൂളിലോ യാത്രാവേളകളിലോ പൊതുസ്ഥലങ്ങളിലോ എവിടെയായാലും കുട്ടികളുടെ പ്രശ്‌നത്തില്‍ ഇടപെടാനും സംരക്ഷിക്കാനും ബിഗ് ഡാഡി സജ്ജമാണെന്ന് ഡിജിപി ടി പി സെന്‍കുമാര്‍ അറിയിച്ചു.
ചുംബനസമര നേതാവ് രാഹുല്‍ പശുപാലനുള്‍പ്പെടുന്ന പെണ്‍വാണിഭ സംഘത്തെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമായിരുന്നു. സംസ്ഥാന പോലിസ് മേധാവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഓപറേഷന്‍ ബിഗ് ഡാഡിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഡിജിപി വിശദീകരിച്ചത്.
കുട്ടികള്‍ ഇന്റര്‍നെറ്റിന്റെ മായാലോകത്തിലൂടെ പലതരത്തിലുളള ചൂഷണങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും ഇരയാവുന്നത് തടയേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഡിജിപി പറയുന്നു. സുരക്ഷിതമെന്നും സുരക്ഷ നല്‍കുമെന്നും മാതാപിതാക്കള്‍ കരുതുന്ന പല കരങ്ങളും കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്യാനുളള സാധ്യതക്കെതിരേ ജാഗരൂകരായിരിക്കണം. ഈ ജാഗ്രതയുടെ, പോലിസിന്റെ പിതൃമുഖമാണ് ‘ഓപറേഷന്‍ ഡാഡി’. പ്രലോഭനത്തിന്റെ ചതിക്കുഴികളില്‍ വീണാലും ഒരിക്കലെങ്കിലും തിരിച്ചുവരാന്‍ ഒരു കുട്ടി ചിന്തിച്ചാലോ ആഗ്രഹിച്ചാലോ ചൂഷണത്തിന്റെ ഏതു നീരാളിക്കൈയിനെയും തകര്‍ത്ത് ആ കുട്ടിയെ ജീവിതത്തിന്റെ നന്മയിലേക്ക് കൊണ്ടുവരാന്‍ ‘ബിഗ് ഡാഡി ‘സഹായിക്കും. അണുകുടുംബങ്ങളില്‍ ഒറ്റപ്പെടുന്ന ബാല്യങ്ങള്‍ക്ക് സുരക്ഷയുടെ പ്രത്യാശയും സംരക്ഷണവും ‘ബിഗ് ഡാഡി’ ഉറപ്പാക്കും.
സ്ത്രീകളെയും കുട്ടികളെയും പ്രലോഭനങ്ങളില്‍പ്പെടുത്തി കെണിയില്‍ വീഴ്ത്തി ലൈംഗികമായും മറ്റും ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ ഓരോ കാലത്തും പുതിയ രീതികളും മേഖലകളും ഇതിനായി ഉപയോഗപ്പെടുത്താറുണ്ട്. ഓപറേഷന്‍ ഡാഡി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ ‘കൊച്ചു സുന്ദരികള്‍’ എന്ന പേരില്‍ ഫേസ്ബുക്കിലും ലോക്കാന്റോ എന്ന ഫ്രീ ക്ലാസ്സിഫൈഡ് സൈറ്റിലും സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന തരത്തില്‍ അശ്ലീല കമന്റുകളും ചിത്രങ്ങളും പരസ്യപ്പെടുത്തിയ 5 പേരെ ഒരു മാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ പോലിസും പ്രത്യേക സംഘവും നടത്തിയ തുടരന്വേഷണത്തിലാണ് ഇത്തരമൊരു ഓണ്‍ലൈന്‍ വാണിഭ സംഘത്തെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
കൃത്യമായ നിരീക്ഷണത്തിലൂടെയും അന്വേഷണത്തിലൂടെയും അപഗ്രഥനത്തിലൂടെയും പോലിസിന്റെ പ്രത്യേക സംഘത്തിന്റെ അറസ്റ്റിലായവര്‍ ഒരു ചൂണ്ടുപലകയാണ്. കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നതിന്റെ തെളിവും ഒപ്പം തിരുത്തല്‍വേണ്ട ഒരുവശം സമൂഹത്തിനുണ്ടെന്നുമുളള ഓര്‍മപ്പെടുത്തലുമാണെന്നും ഡിജിപി പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 98 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day