|    Dec 4 Sun, 2016 11:35 am
Home   >  Pravasi  >  Gulf  >  

ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റിന്റെ പേരില്‍ വന്‍തുക തട്ടി മലയാളികള്‍ മുങ്ങിയതായി പരാതി

Published : 25th November 2016 | Posted By: SMR

 എം ടി പി റഫീക്ക്

ദോഹ: ഖത്തറിലെ സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ജോലി ലഭിക്കുമെന്ന് മോഹിപ്പിച്ച് ഓണ്‍ലൈന്‍ ജോബ് വെബ്‌സൈറ്റിന്റെ പേരില്‍ രണ്ട് മലയാളികള്‍ വന്‍തുക തട്ടി മുങ്ങിയതായി പരാതി. ഖത്തര്‍ ഹയര്‍ എന്ന വെബ്‌സൈറ്റിന്റെ പേരിലാണ് നൂറുകണക്കിന് പേരില്‍ നിന്ന് തുക കൈപ്പറ്റിയതെന്ന് തട്ടിപ്പിനിരയായവരില്‍ ഒരാള്‍ ഗള്‍ഫ് തേജസിനോട് പറഞ്ഞു. സ്ഥാപനത്തിന്റെ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ എന്ന് പരിചയപ്പെടുത്തിയ തൃശൂര്‍ സ്വദേശിയായ ഫഹദ്, സിഇഒ എന്ന് പരിചയപ്പെടുത്തിയ അശോക് എന്നിവരാണ് മുങ്ങിയതെന്നറിയുന്നു.
ജോലി ആഗ്രഹിക്കുന്നവര്‍ ഖത്തര്‍ ഹയര്‍ എന്ന വെബ്‌സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. വെബ്‌സൈറ്റിലേക്ക് ബയോഡാറ്റ അപ്‌ലോഡ് ചെയ്യുന്നതിന് മാത്രം 200 റിയാലാണ് ഈടാക്കിയിരുന്നത്. എന്നാല്‍, വെബ്‌സൈറ്റില്‍ വിവിധ കാലയളവിലേക്ക് വ്യത്യസ്ത തുകകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആറ് മാസത്തേക്ക് പരമാവധി തുക 128 റിയാലാണെന്നും വെബ്‌സൈറ്റില്‍ കാണുന്നു. തങ്ങളുടെ വെബ്‌സൈറ്റുമായി ബന്ധപ്പെടുന്ന സ്വകാര്യ കമ്പനികള്‍ ഈ ബയോഡാറ്റകള്‍ പരിശോധിച്ച് റിക്രൂട്ട്‌മെന്റ് നടത്തുമെന്നാണ് അവകാശവാദം. ഇതിന് വേണ്ടി സോഷ്യല്‍ മീഡിയകള്‍ വഴി വ്യാപകമായ പ്രചരണവും നടത്തിയിരുന്നു. അതോടൊപ്പം സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ വന്‍തുക തട്ടിയിരുന്നതായും പറയപ്പെടുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തങ്ങള്‍ക്ക് സ്വാധീനമുണ്ടെന്നും ഖത്തറിലെ പകുതിയോളം റിക്രൂട്ട്‌മെന്റുകള്‍ തങ്ങളുടെ വെബ്‌സൈറ്റ് വഴിയാണ് നടക്കുന്നതെന്നുമാണ് ഇവര്‍ വിശ്വസിപ്പിച്ചിരുന്നത്.
സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ പെറ്റ്‌സി എന്ന പേരിലുള്ള മുംബൈ സ്വദേശിനിയെന്നു പറയുന്ന യുവതിയാണ് ബന്ധപ്പെട്ടിരുന്നത്. ഇവരാണ് ബയോഡാറ്റ അപ്‌ലോഡ് ചെയ്യുന്നതിനുള്ള 200 റിയാല്‍ സ്വീകരിച്ചിരുന്നത്.
വെസ്റ്റ്‌ബേയിലെ ആഡംബര സൗധങ്ങളായ അല്‍ഫര്‍ദാന്‍ ടവര്‍, പാം ടവര്‍ എന്നിവിടങ്ങളിലാണ് തങ്ങളുടെ ഓഫിസ് എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ഈ രീതിയില്‍ പണം നല്‍കാന്‍ അല്‍ഫര്‍ദാന്‍ ടവറിലെത്തിയ മലയാളി യുവാവിനോട് പെറ്റ്‌സി ലോബിയില്‍ വന്നാണ് പണം വാങ്ങിയത്. ഓഫിസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ പണിനടക്കുകയാണ് എന്നാണ് അറിയിച്ചതത്രെ. ഇവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം വിളിച്ച് വെബ്‌സൈറ്റിന്റെ ചുമതലയുള്ള മലയാളികള്‍ മുങ്ങിയതായി അറിയിച്ചതും. ഇതുമായി ബന്ധപ്പെട്ട് പലരും അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പെറ്റ്‌സി അറിയിച്ചു.
എന്നാല്‍, പിന്നീട് അവരുടെ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ചോഫായിരുന്നു. വെബ്‌സൈറ്റില്‍ ബന്ധപ്പെടുന്നതിന് വേണ്ടി നല്‍കിയിട്ടുള്ള ഫഹദിന്റെ നമ്പറും സ്വിച്ചോഫാണ്. തട്ടിപ്പ് സംബന്ധിച്ച് ഡാന എന്ന യുവതി വെന്‍, വേര്‍ ആന്റ് ഹൗ ദോഹ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിപ്പിനിരയായ പലരും പോലിസില്‍ പരാതി നല്‍കിയതായി അതില്‍ പറയുന്നു. ഇവരില്‍ നിന്ന് തട്ടിപ്പ് സംഘം 1000 റിയാലാണ് ഈടാക്കിയത്.
90 ദിവസത്തിനകം ജോലി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ആറ് മാസം കഴിഞ്ഞിട്ടും വിവരമൊന്നുമില്ല. ഇവര്‍ക്ക് നല്‍കിയ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഔട്ട് ഓഫ് സര്‍വീസാണ്.
പോസ്റ്റ് ഓഫിസ് റൗണ്ട് എബൗട്ടിലുള്ള ഓഫിസില്‍ വച്ചാണ് ഇവരോട് പണം വാങ്ങിയത്. ഒരു മാസത്തെ ശമ്പളം അവര്‍ക്കു നല്‍കാമെന്ന് ലെറ്റര്‍ ഹെഡ്ഡില്‍ കരാറും ഒപ്പിട്ടു വാങ്ങിയിരുന്നു.
അതേ സമയം, ഖത്തറില്‍ റിക്രൂട്ട്‌മെന്റിന് ഫീസ് ഈടാക്കുന്നത് നിയമ വിരുദ്ധമാണ്. വേറെയും ജോബ് വെബ് സൈറ്റുകള്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 93 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day