|    Dec 11 Sun, 2016 1:27 pm
FLASH NEWS

ഓട്ടോ ഡ്രൈവര്‍ വധം; പ്രതികളുമായി സംഭവസ്ഥലത്ത് തെളിവെടുപ്പു നടത്തി

Published : 2nd November 2016 | Posted By: SMR

കോവളം: ഓട്ടോ ഡ്രൈവറായ വെട്ടുകാട് ബാലനഗര്‍ തൈവിളാകത്തു വീട്ടില്‍ രതീഷിനെ (27) കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലെ മുഖ്യപ്രതിയെയും സഹായിയെയും തിരുവല്ലം പാലപ്പൂരിലെത്തിച്ച് തെളിവെടുപ്പു നടത്തി. കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രധാന പ്രതി പാലപ്പൂര് സ്വദേശി രതീഷ്, സുഹൃത്ത് ദിലീപ് എന്നിവരെയാണ് ഇന്നലെ പ്രതികളുടെ വീട്ടിലും കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ ഉപേക്ഷിച്ച കുറ്റിക്കാട്ടിലുമെത്തിച്ച് തെളിവെടുത്തത്. ഇവരുടെ കൂട്ടുപ്രതിയായിരുന്ന രാജുവിനെ  കഴിഞ്ഞദിവസം സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പു പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ പ്രതികളായ രതീഷിനെയും ദിലീപിനെയുംതെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ വന്‍ ജനാവലി തടിച്ചുകൂടി. കൊലപാതകത്തിന് ഉപയോഗിച്ച കമ്പിപ്പാര, മൃതദേഹം കുഴിച്ചുമൂടാന്‍ കുഴിതോണ്ടിയ തൂമ്പ, ഓട്ടോ തകര്‍ത്ത വെട്ടുകത്തി എന്നിവ  ഒന്നാംപ്രതി രതീഷിന്റെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്. കൊല്ലപ്പെടുമ്പോള്‍ രതീഷ് ധരിച്ച വസ്ത്രങ്ങള്‍, ചെരിപ്പ്, ഇടിച്ച് വാരിയല്ല് പൊട്ടിക്കാനുപയോഗിച്ച സ്റ്റീല്‍വള  തുടങ്ങിയവ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു കണ്ടെടുത്തു. രതീഷിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികള്‍ അടിച്ചു തകര്‍ത്ത ഓട്ടോ ഉപേക്ഷിച്ചിരുന്ന പൂങ്കുളത്തിനു സമീപത്തെ വര്‍ക്‌ഷോപ്പിലും പ്രതികളെ എത്തിച്ച് തെളിവെടുത്തു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണു പ്രതികള്‍ പറയുന്നതെങ്കിലും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. രണ്ട് മണിക്കൂറോളം നടത്തിയ തെളിവെടുപ്പിനു ശേഷം രാത്രിയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മൊബൈല്‍ ഫോണ്‍ അടക്കമുള്ള തെളിവുകള്‍ കണ്ടെത്താനും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോ എന്ന് പരിശോധിക്കാനുമായി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൂന്തുറ സിഐ മനോജ്കുമാര്‍, വലിയതുറ എസ്‌ഐ ബി സതീഷ്‌കുമാര്‍ ക്രൈം എസ്‌ഐമാരായ രാമചന്ദ്രന്‍, സനില്‍,  എഎസ്‌ഐ സന്തോഷ്, സിപിഒമാരായ അജി, ടിനു എന്നിവരടങ്ങിയ സംഘമാണു പ്രതികളെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക