|    Dec 8 Thu, 2016 1:23 pm
FLASH NEWS

ഓട്ടോറിക്ഷ പണിമുടക്കില്‍ ജനം വലഞ്ഞു

Published : 17th November 2016 | Posted By: SMR

കോട്ടയം: കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷകള്‍ ഇന്നലെയും പണിമുടക്കിയത് ജനങ്ങളെ വലച്ചു. ഇന്നലെ ഉച്ചവരെ നടത്തുമെന്ന പ്രഖ്യാപിച്ച പണിമുടക്ക് ഇന്നലെ മൊത്തമാക്കി മാറ്റുകയായിരുന്നു. പണിമുടക്കിയ നഗരത്തിലെ തൊഴിലാളികള്‍ ഇന്നലെ കലക്ടറേറ്റിലേക്കു മാര്‍ച്ച് നടത്തി. കഴിഞ്ഞ കുറെ ദിവസങ്ങളായി നഗരത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷാ തൊഴിലാളികളുടെ അനാവശ്യ പണിമുടക്കുകളെ തുടര്‍ന്ന് ദുരിതം പേറുകയാണ്. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ റെയില്‍വേ സ്‌റ്റേഷനിലെയും നാഗമ്പടത്തെയും പ്രീപെയ്ഡ് കൗണ്ടറുകളില്‍ ആര്‍ടിഒ പുതുക്കിയ നിരക്കു രേഖപ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ പ്രതിഷേധിച്ചും നഗരത്തിലെ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ സ്ഥാപിക്കുന്നതിനെതിരെയുമാണു സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്കിയത്.അധികൃതരുടെ നടപടിക്കെതിരെ ഇന്നലെ രാവിലെ ആര്‍ടിഒ ഓഫിസിലേക്ക് സംയുക്ത തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ ഗതാഗതം തടസ്സപ്പെടുത്തുകയും അതു വഴികടന്നു വന്ന ഇരുചക്ര വാഹങ്ങള്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ഭീഷണപ്പെടുത്തുകയും ഒരു ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിക്കാന്‍ ശ്രമമുണ്ടാവുകയും ചെയ്തു. ചൊവ്വാഴ്ചയും ഓട്ടോ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. മുമ്പ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു കെഎസ്ആര്‍ടിസിയിലേക്കു പോവുന്നതിനുള്ള പ്രീപെയ്ഡ് ചാര്‍ജ് 40 രൂപയായിരുന്നു. എന്നാല്‍ പുതുതായി സ്ഥാപിച്ച ബോര്‍ഡില്‍ 40 രൂപ 30 രൂപയാക്കിയിരിക്കുകയാണ്. ഇതേപോലെ മറ്റു സ്ഥലങ്ങളിലേക്കും നിരക്കുകള്‍ പുനക്രമീകരിച്ചിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. നഗരത്തിലെ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഘടിപ്പിക്കുന്ന തീരുമാനം എടുത്ത നാള്‍ മുതല്‍ ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധത്തിലായിരുന്നു. തൊഴിലാളി സംഘടനകളുമായി ആലോചിക്കാതെ ഏകപക്ഷീയമായി കലക്ടറും ജില്ലാ പോലിസ് ചീഫും നടപടികള്‍ സ്വീകരിക്കുകയാണെന്നാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ പരാതി. വിളിച്ചു ചേര്‍ത്ത ഒരു യോഗത്തില്‍ ഒരു ചര്‍ച്ചയും ചെയ്യാതെ കലക്ടര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നുവെന്നും തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസങ്ങളില്‍ മീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരെ തൊഴിലാളികള്‍ ഉപരോധിച്ചിരുന്നു. ഇതിനെ തുടര്‍ന്നു പരിശോധന താല്‍ക്കാലികമായി നര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിര്‍ദേശത്തെ തുടര്‍ന്നാണു മീറ്റര്‍ നിര്‍ബന്ധമാക്കിയതെന്നും പുതുക്കിയ നിരക്കും സര്‍ക്കാരിന്റെ നിര്‍ദേശമാണെന്നും ഇക്കാര്യം തൊഴിലാളി സംഘടന നേതാക്കളെ അറിയിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. മീറ്റര്‍ പരിശോധനയും പുതുക്കിയ നിരക്കും കര്‍ശനമായി നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഓട്ടോറിക്ഷക്കാരുടെ നടപടിയില്‍ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day