|    Oct 23 Sun, 2016 8:41 am
FLASH NEWS

ഒളിംപിക്‌സ് വീറും വിറയലും

Published : 24th August 2016 | Posted By: SMR

മുസ്തഫ കൊണ്ടോട്ടി

വീറോടെ വയനാട്ടിലേക്കു പോയി, വിറയലോടെ തിരിച്ചുവരുകയെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. ഈ ഉപമ ഒളിംപിക്‌സിനു പോയ ഇന്ത്യന്‍ കായികസംഘത്തിന് ശരിയായി ചേരും. വീറോടെ പോയി, വിറയലോടെ തിരിച്ചുവരുകയും ചെയ്തു. ഇന്ത്യന്‍ ടീം കളികളില്‍ പിന്നില്‍നിന്നെങ്കിലും നമ്മുടെ ഒരു മന്ത്രി കളിക്കളത്തില്‍ മറ്റാരെക്കാളും നന്നായി ഇറങ്ങിക്കളിച്ചത് അഭിമാനത്തോടെ ഓര്‍ക്കണം.
ബാഡ്മിന്റണില്‍ സിന്ധു വീറു കാണിച്ച് വെള്ളി നേടിയപ്പോള്‍ ഗുസ്തിയില്‍ നര്‍സിങ് യാദവ് വൃത്തികേടും കാണിച്ചു. വനിതാ ഗുസ്തിയില്‍ സാക്ഷി മാലിക് ഇടിച്ചു തകര്‍ത്ത് വെങ്കലം നേടിയത് നേട്ടമായെങ്കിലും പുരുഷ ഗുസ്തിയില്‍ യോഗേശ്വര്‍ ദത്തിന് ഗോദയില്‍ ഒന്ന് നേരെ നില്‍ക്കാന്‍ പോലും യോഗം കിട്ടിയില്ല. രാജ്യത്തെ രക്ഷിച്ചെടുക്കാന്‍ സ്ത്രീകള്‍ തന്നെ മുമ്പോട്ടുവരണമെന്ന് ഈ ഒളിംപിക്‌സും തെളിയിച്ചു. മതത്തിലും മൂര്‍ത്തിയിലും മാതൃഭാഷയിലും മന്ത്രിയിലുമൊക്കെ വ്യത്യസ്ത വിചാരമാണെങ്കിലും ഒളിംപിക്‌സ് മെഡലിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഒറ്റ വിചാരമേയുണ്ടായിരുന്നുള്ളൂ, പരമാവധി നേടണം.
എന്നാല്‍, മൊത്തത്തില്‍ പടയ്ക്കുപോയ പക്കമേളക്കാരെപ്പോലെയായിരുന്നു ഒളിംപിക്‌സിനു പോയ ഇന്ത്യന്‍ സംഘം. പ്രതീക്ഷിച്ചത് ആരവവും ആര്‍പ്പുവിളിയും അട്ടിമറിയുമൊക്കെയായിരുന്നുവെങ്കിലും ഉയര്‍ന്നുകേട്ടത് ആര്‍ത്തനാദവും അലറിക്കരച്ചിലും അലമുറയിടലും. പുന്നശ്ശേരി നമ്പി പണ്ട് മഹാകവി വള്ളത്തോളിനോട് പഠിച്ചിട്ട് വരാന്‍ പറഞ്ഞില്ലേ, ഏതാണ്ട് അതുപോലെ 130 കോടി ഇന്ത്യക്കാരുടെ പ്രതിനിധികളായി പോയവരോട് ഒളിംപിക്‌സ് സംഘാടകര്‍ മനസ്സില്‍ പറഞ്ഞുകാണണം, പോയി പഠിച്ചുവരൂ ഇന്ത്യക്കാരെ എന്ന്. മെഡല്‍ കിട്ടാന്‍ എങ്ങനെയാണ് പഠിക്കേണ്ടതെെന്നങ്കിലും മനസ്സിലാക്കാനായെങ്കില്‍ അതു തന്നെ വേണ്ടുവോളം. മാത്രവുമല്ല, വിവരണംകൊണ്ടുള്ള അറിവ് പരിചയംകൊണ്ടുള്ള അറിവായി മാറ്റാനും കഴിഞ്ഞല്ലോ.
മുംബൈയില്‍ ടൈലറായിരുന്ന കൊച്ചുണ്ണി എന്ന ഒരയല്‍വാസി ലീവിന് വന്ന കാലത്ത് ടൈറ്റ് പാന്റ്‌സ് ധരിച്ച് ചായകുടിക്കാന്‍ കടയില്‍ വന്നതിനെപ്പറ്റി അശോകന്‍ ചരുവില്‍ എഴുതിയിട്ടുണ്ട്. ഇത്രയും മുറുകിയ പാന്റ്‌സെന്ന ഈ കളസം കൊച്ചുണ്ണി എങ്ങനെ ഇട്ടെന്നായിരുന്നു ചെമ്പുപണിക്കാരനായിരുന്ന കോസറ ലോനച്ചേട്ടന് അറിയേണ്ടിയിരുന്നത്. ഇട്ടകാര്യം അവിടെ കിടക്കട്ടെ, രാത്രിയിലെങ്കിലും അതെങ്ങനെ അവന്‍ ഊരുമെന്നായി ചിലര്‍. അതിന് ഉത്തരം വന്നത് ഇങ്ങനെയായിരുന്നു: ”എന്തിന് ഊരണം. അവന്‍ കല്യാണം കഴിച്ചിട്ടില്ലല്ലോ.” പാന്റ്‌സ് ഇടുകയല്ലാതെ അത് ഊരേണ്ട കാര്യം ടൈലര്‍ കൊച്ചുണ്ണിക്കില്ലെന്ന് നാട്ടുകാര്‍ വിധിച്ചപോലെ ഇന്ത്യന്‍ ടീമിന് ഒളിംപിക്‌സില്‍ പങ്കെടുത്താല്‍ പോരേ, മെഡല്‍ വാങ്ങേണ്ട കാര്യമുണ്ടോ എന്ന് നമുക്കും വിധികല്‍പിക്കാം. പിന്നെ നാട്ടിലേക്കു വരാനും നാണക്കേട് വേണ്ട. നാലുകൊല്ലം മുമ്പും നാണക്കേടുകൊണ്ട് നാട്ടിലേക്ക് വരാതിരുന്നിട്ടില്ലല്ലോ. ബലാല്‍സംഗത്തില്‍നിന്നു രക്ഷകിട്ടില്ലെന്നു വരുകില്‍ കിടന്നുകൊടുത്ത് അതാസ്വദിക്കുകയാണ് നല്ലതെന്ന് പണ്ട് കണ്‍ഫ്യൂഷസ് പറഞ്ഞിട്ടുണ്ടല്ലോ. അതുപോലെ വിജയം സുനിശ്ചിതമല്ലെങ്കില്‍ പിന്നെ പരാജയം അറിഞ്ഞാസ്വദിക്കുകയല്ലേ നല്ലത്. അത് ഇന്ത്യന്‍ ടീം കൃത്യമായി ചെയ്തു. എപിക്യൂറിയന്‍ തത്ത്വം അനുസരിച്ച് ഇന്ത്യന്‍ ടീം തിന്നു, കുടിച്ചു, തിമിര്‍ത്തു. തകര്‍ക്കുക മാത്രം ചെയ്തില്ല.
എന്തൊക്കെയായിരുന്നു പ്രതീക്ഷകളും വാചകമടികളും. ജിംനാസ്റ്റിക്‌സില്‍ ജിജ്ഞാസ വേണ്ട. ഹോക്കി മൂലം ഇന്ത്യക്കാര്‍ക്ക് ഒരു ഹോളി കൂടി. അത്‌ലറ്റിക്‌സില്‍ അജയ്യത. ഷൂട്ടിങില്‍ ശങ്കയ്ക്കിടമില്ല. ട്രാക്കിലും ടെന്നിസിലും ട്രാജഡി വരില്ല. ബാഡ്മിന്റണും ബോക്‌സിങും ബാലികേറാമലയല്ല. മൊത്തത്തില്‍ എല്ലാം ശുഭം. അങ്ങനെ രാഹുവും ഗുളികനും ലഗ്നവും കേതുവും ഒക്കെ നോക്കി, വീരസ്യവും പ്രകടിപ്പിച്ച് ഇന്ത്യന്‍ ടീം റിയോ ഡി ജനയ്‌റോയിലേക്കു വണ്ടികയറി. പുത്തരിയങ്കം ജയിച്ചുവന്നാല്‍ ഉണ്ണിയാര്‍ച്ച ചന്തുവിന് നല്‍കാമെന്നേറ്റ ഓഫറിനേക്കാളും വലിയ ഓഫറുകളും ഇന്ത്യന്‍ ടീമിന് കിട്ടി.
എല്ലാം കഴിഞ്ഞു. ഇനി മടക്കം. ഉപനിഷത്തിലെ ശ്വേതകേതുവിന്റെ കൊട്ടാരത്തിലേക്കുള്ള വരവുപോലെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ ഒളിംപിക്‌സ് നഗരിയായ റിയോ ഡി ജനയ്‌റോയിലേക്കുള്ള പോക്കെങ്കില്‍, കൊട്ടാരത്തില്‍നിന്നുള്ള ശ്വേതകേതുവിന്റെ തിരിച്ചുപോക്കുപോലെയായിരിക്കും ഇന്ത്യന്‍ ടീമിന്റെ വരവ്. ഒച്ചയുമില്ല, അനക്കവുമില്ല, ആരവവുമില്ല. ആരും അറിയുന്നുപോലുമില്ല. വീരരസവുമായി വണ്ടികയറിയവര്‍ ശാന്തമെന്ന മുഖരസവുമായി വണ്ടി ഇറങ്ങുന്നു.
ഇന്ത്യന്‍ ടീം പോയപ്പോഴേ ഇന്ത്യക്കാരന് അദ്ഭുതമില്ലായിരുന്നു. അതുകൊണ്ടുതന്നെ കാര്യമായൊന്നും നേടാതെ വരുമ്പോഴും രൗദ്രവും ബീഭല്‍സവും ഭയാനകവുമൊന്നും ഇന്ത്യക്കാരനില്‍നിന്നു പ്രതീക്ഷിക്കേണ്ടതില്ല. ഇന്ത്യന്‍ ടീമിനോട് ശാന്തവും കരുണവും മാത്രമേയുള്ളൂ. പിന്നെ മടങ്ങുന്നവരില്‍ എല്ലാവരും അട ഇല്ലാത്ത ഇലയെപ്പോലെയല്ലല്ലോ. സിന്ധുവും സാക്ഷിയും കൂടെയുണ്ടല്ലോ. അടപ്രഥമനില്‍ അണ്ടിപ്പരിപ്പ് കടിക്കുന്നപോലെ ഇവരുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖമുണ്ട്.
എതിരാളിക്ക് തന്നെക്കാള്‍ വോട്ട് കിട്ടിയത് മൂലമാണ് താന്‍ ചാലക്കുടിയില്‍ തോറ്റതെന്ന് പണ്ട് പനമ്പിള്ളി ഗോവിന്ദമേനോന്‍ പറഞ്ഞിരുന്നു. ഇതുപോലെ തോല്‍വിക്ക് ഒരു കാരണം കണ്ടെത്തുക. അടുത്ത ഒളിംപിക്‌സ് വരെ ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ചയാവാം. ചര്‍ച്ച കഴിഞ്ഞ് ചേര്‍ച്ചയായിട്ടു മതി മറ്റു കാര്യങ്ങള്‍. പിന്നെ ആനയെ മറയ്ക്കുന്ന തിളങ്ങുന്ന നെറ്റിപ്പട്ടം പോലെ തോല്‍വി മറക്കാനും ഓര്‍ക്കാതിരിക്കാനും സിന്ധുവും സാക്ഷിയും ഉണ്ടല്ലോ. അതുമതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day