|    Dec 6 Tue, 2016 9:31 pm
FLASH NEWS

ഒരു ലക്ഷം രൂപയും അരക്കിലോ സ്വര്‍ണവുമായി ഏഴുപേര്‍ പിടിയില്‍

Published : 2nd December 2016 | Posted By: SMR

തൊടുപുഴ: കട്ടപ്പനയില്‍ വന്‍ കള്ളപ്പണവേട്ട.അരക്കിലോ സ്വര്‍ണവും ഒരു ലക്ഷം രൂപയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മല്‍പ്പിടിത്തത്തിലൂടെയാണു പ്രതികളെ കീഴടക്കിയത്. കട്ടപ്പന പോലിസ് നടത്തിയ നീക്കത്തിലാണ് കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി എത്തിച്ച സ്വര്‍ണവും ഒരു ലക്ഷം രൂപയും പിടിച്ചെടുത്തത്. കട്ടപ്പന കേന്ദ്രീകരിച്ചു കള്ളപ്പണം വെളുപ്പിക്കുന്നതായി കഴിഞ്ഞ ദിവസം പോലിസിനു വിവരം ലഭിച്ചിരുന്നു. ചെറുതോണിയിലെ സ്വര്‍ണക്കടയുടമ അടക്കം ഏഴു പേരാണ് ടൗണിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് ഇന്നലെ രാത്രിയോടെ പിടിയിലായത്. പത്തനംതിട്ട കലഞ്ഞാര്‍ സ്വദേശി രംഗനാഥന്‍, കോന്നി മയൂരത്തില്‍ മധു, ഏരുമേലി നന്ദിക്കാട്ട് ഷാജി തോമസ്, തൃശൂര്‍ സ്വദേശികളായ മടത്തോലില്‍ ബാബു പരമേശ്വരന്‍, മാവേലിമറ്റം രമേശ് നാരായണന്‍, പാവമേല്‍ ഉണ്ണികൃഷ്ണന്‍, ചെറുതോണി സ്വദേശി ബാബു ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.ഒരു ലക്ഷം രൂപയുടെ പഴയ നോട്ടിന് 70,000 രൂപയുടെ പുതിയ നോട്ട് നല്‍കുന്നതാണ് സംഘത്തിന്റെ രീതി. ഇതിനെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കട്ടപ്പന സിഐയും സംഘവും ഇവരെ സമീപിക്കുന്നത്. തുടര്‍ന്ന് നടന്ന കൂടികാഴ്ചകള്‍ക്കു ശേഷം ഒരു കോടിയുടെ പണവും ഒരു കോടിയുടെ സ്വര്‍ണവും നല്‍കണമെന്ന് ആവശ്യവുമാണ് പോലിസ് സംഘവുമായി ബന്ധപ്പെട്ടത്. പിന്നീടത് 20 ലക്ഷമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ സംഘം പണവുമായി കഴിഞ്ഞ ദിവസം എത്തി.രണ്ടാമത്തെ സംഘം 23.5 ലക്ഷം രൂപയുടെ സ്വര്‍ണവുമായി എത്തുമെന്ന് അറിയിച്ചു. തുടര്‍ന്നു ലോഡ്ജില്‍ മുറിയെടുത്ത് കൊടുത്ത് അതി വിദഗ്ധമായാണ് പോലിസ്് കെണിയൊരിക്കിയത്. 13.75 ലക്ഷം രൂപയാണ് പിടിച്ചെടുത്ത 467 ഗ്രാം സ്വര്‍ണത്തിന് മൂല്യം. 2000 രൂപയുടെ പുതിയ നോട്ടുകളാണ് പിടിച്ചെടുത്തത്. ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം കട്ടപ്പന സിഐ വി എസ് സുനില്‍കുമാര്‍, എസ്‌ഐ ടി സി മുരുകന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സ്വര്‍ണ ബിസിനസിലെ പ്രധാനി ചെറുതോണിയിലെ കടയുടമാണെന്നും പോലിസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നു കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day