|    Dec 3 Sat, 2016 11:11 pm
FLASH NEWS

ഒരു റാങ്ക് ഒരു പെന്‍ഷന്‍ സമരം: ജന്തര്‍ മന്ദറില്‍ മുന്‍ സൈനികന്‍ ജീവനൊടുക്കി; ആശുപത്രി സന്ദര്‍ശിക്കാനെത്തിയ രാഹുലിനെ കസ്റ്റഡിയിലെടുത്തു

Published : 3rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ സമരക്കാരിലൊരാളായ വിരമിച്ച സൈനികന്‍ ജന്തര്‍ മന്ദറില്‍ ജീവനൊടുക്കി. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവര്‍ഷത്തിലേറെയായി സമരം നടത്തുന്ന മുന്‍ സൈനികരിലൊരാളായ രാംകിഷന്‍ ഗ്രെവാളാ(69)ണ് കേന്ദ്രസര്‍ക്കാര്‍ വിമുക്തഭടന്മാരോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ വിഷം കഴിച്ചത്. ഹരിയാന ഭിവാനി ജില്ലയിലെ ബുംല സ്വദേശിയായ രാംകിഷന്‍ സൈന്യത്തില്‍നിന്ന് സുബേദാറായി വിരമിച്ചയാളാണ്.
പ്രതിഷേധക്കാര്‍ക്കൊപ്പം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെ സന്ദര്‍ശിക്കാനായി കാത്തിരിക്കുന്നതിനിടെയാണ് രാംകിഷന്‍ വിഷം കഴിച്ചത്. അതേസമയം, സൈനികന്റെ ബന്ധുക്കളെ കാണാന്‍ ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാംകിഷന്റെ മകന്‍ ജസ്വന്ത് ഗ്രെവാള്‍ എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു.
ഉച്ചയോടെയാണ് രാഹുല്‍ ആശുപത്രിയിലെത്തിയത്. മടങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതു വകവയ്ക്കാതിരുന്ന രാഹുലിനെ ഗേറ്റിനു മുന്നില്‍ പോലിസ് തടഞ്ഞു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ മന്ദിര്‍മാര്‍ഗ് പോലിസ് സ്‌റ്റേഷനിലേക്കു മാറ്റി. ജീവനൊടുക്കിയ ഒരു സൈനികന്റെ മകനെ തടവിലാക്കാന്‍ നിങ്ങള്‍ക്കു നാണമില്ലേയെന്ന് പോലിസിനോട് രാഹുല്‍ ചോദിച്ചു. രാഹുലിനെ പോലിസ് തടഞ്ഞുവച്ച വാര്‍ത്തയറിഞ്ഞ് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി. രണ്ടുമണിക്കൂറിനുശേഷം അദ്ദേഹത്തെ വിട്ടയച്ചു. വൈകീട്ട് ആറിന് കുടുംബാംഗങ്ങളെ വീണ്ടും സന്ദര്‍ശിക്കാന്‍ ശ്രമിച്ച രാഹുലിനെയും കെജ്‌രിവാളിനെയും പോലിസ് കസ്റ്റഡിയിലെടുത്തു.  പ്രതിഷേധം ശക്തമായതോടെ ഏറെ നേരത്തിന് ശേഷം വിട്ടയക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, അജയ് മാക്കന്‍ എന്നിവരെയും രാഹുലിനൊപ്പം കസ്റ്റഡിയിലെടുത്തിരുന്നു. രാജ്യത്തെ സേവിച്ച ജവാന്‍ സ്വന്തം അവകാശത്തിനുവേണ്ടി ആത്മഹത്യ ചെയ്തത് ദുഃഖകരമാണെന്നും പദ്ധതിയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരെ വഞ്ചിക്കുകയാണെന്നും കെജ്‌രിവാള്‍ പ്രതികരിച്ചു. രാഹുലിനെതിരായ നടപടി ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്തുവന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day