|    Dec 6 Tue, 2016 5:32 pm
FLASH NEWS

ഒരുമനയൂര്‍ ലോക്ക് അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യം

Published : 15th November 2016 | Posted By: SMR

ചാവക്കാട്: ബ്ലോക്ക് പഞ്ചായത്തിന്റ പരിധിയില്‍പ്പെട്ട ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കുകയും ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരുമനയൂര്‍ ലോക്ക് അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമാവുന്നു. കനോലി കനാലിന്റെ തൃശൂര്‍, മലപ്പുറം ജില്ലകളുടെ തീരത്ത് താമസിക്കുന്ന ആയിരങ്ങളെ ബാധിക്കുമെന്നതിനാല്‍ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പ്. ലോക്ക് അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എംഎ അബൂബക്കര്‍ ഹാജി തിരുവനന്തപുരം ഇറിഗേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ചീഫ് എന്‍ജിനീയര്‍ക്ക് നിവേദനം നല്‍കി. ചേറ്റുവ അഴിമുഖം, ചേറ്റുവ പുഴ എന്നിവയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരുമനയൂര്‍ ലോക്ക് കനോലി കനാലിലാണ് സ്ഥിതി ചെയ്യുന്നത്. കടലില്‍ നിന്നും വെള്ളം കയറുമ്പോഴും ഇറങ്ങുമ്പോഴും ലോക്കിന്റെ ചീര്‍പ്പ് താഴ്ത്തിയും ഇറക്കിയുമാണ് ഉപ്പുവെള്ളത്തില്‍ നിന്നും പ്രദേശവാസികളെ സംരക്ഷിക്കുന്നത്. ശുദ്ധജലക്ഷാമം മൂലം ഏറെ ദുരിതമനുഭവിക്കുന്ന ഇരുപഞ്ചായത്തുകളിലെയും ആയിരങ്ങള്‍ക്ക് ആശ്രയമാവുന്നതു പോലെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കും ലോക്ക് ആശ്വാസമാണ്. കനോലി കനാലിന് തീരത്ത് കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകളിലേക്ക് ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കുന്ന ലോക്ക് കാലകാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ നാശോന്മുഖമാവുകയാണ്. ലോക്കിന്റെ ഷട്ടറുകളില്‍ തുളകള്‍ വീണ് വെള്ളം കയറുന്ന സ്ഥിതിയും നിലവിലുണ്ട്. ജലഅതോറിറ്റിയുടെ പൈപ്പ് വെള്ളം ആശ്രയിച്ചാണ് പ്രദേശവാസികള്‍ ദാഹമകറ്റുന്നത്. എന്നാല്‍ പൈപ്പില്‍ വെള്ളം ലഭിക്കാതെയാവുമ്പോള്‍ പണം നല്‍കിയാണ് ടാങ്കര്‍ ലോറികളില്‍ കൊണ്ടുവരുന്ന വെള്ളം ജനങ്ങ ള്‍ ഉപയോഗിക്കുന്നത്. ഒരുമനയൂര്‍ ലോക്കിന്റെ അറ്റകുറ്റപ്പണി നടത്തി പ്രദേശവാസികളെ ഉപ്പുവെള്ള ഭീക്ഷണിയില്‍ നിന്നും രക്ഷപ്പെടുത്തണമെന്നും നിവേദനത്തില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day