|    Oct 26 Wed, 2016 10:46 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യന്‍ വിജയം ആറ് വിക്കറ്റ് അകലെ

Published : 26th September 2016 | Posted By: SMR

കാണ്‍പൂര്‍: ചരിത്ര ടെസ്റ്റ് വിജയത്തോടെ ആഘോഷിക്കാന്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യക്ക് വേണ്ടത് ഇനി ആറ് വിക്കറ്റുകള്‍. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യ തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
സ്പിന്‍ കെണിയാണ് രണ്ടാമിന്നിങ്‌സിലും കിവീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഇന്ത്യ നല്‍കിയ 434 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് നാലാംദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 93 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ് രണ്ടാമിന്നിങ്‌സിലും കിവീസ് ബാറ്റിങ് മുന്‍നിരയെ കറക്കിവീഴ്ത്തിയത്.
ഒരുദിനവും ആറ് വിക്കറ്റും ബാക്കിനില്‍ക്കേ തോല്‍വി ഒഴിവാക്കാന്‍ ന്യൂസിലന്‍ഡിന് 341 റണ്‍സ് കൂടി വേണം. ഇന്നലെ കളിനിര്‍ത്തുമ്പോള്‍ ലുക്ക് റോഞ്ചിയും (38*) മിച്ചല്‍ സാന്റ്‌നറുമാണ് (8*) ക്രീസില്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (25), റോസ് ടെയ്‌ലര്‍ (17), ടോം ലാതം (2), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് ഇന്നലെ നഷ്ടമായത്.
ഇതില്‍ ടെയ്‌ലറൊഴികെ മറ്റുള്ള വിക്കറ്റുകളെല്ലാം അശ്വിനാണ് ലഭിച്ചത്. ടെയ്‌ലറിനെ ഉമേഷ് യാദവ് റണ്ണൗട്ടാക്കുകയായിരുന്നു.
ഒരു വിക്കറ്റിന് 159 റണ്‍സെന്ന നിലയില്‍ നിന്നാണ് ഇന്ത്യ ഇന്നലെ ബാറ്റിങ് പുനരാരംഭിച്ചത്. ചേതേശ്വര്‍ പുജാര (78), മുരളി വിജയ് (76) എന്നിവര്‍ക്കു പുറമേ കുറച്ചുകാലമായി ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന രോഹിത് ശര്‍മയും (68*) രവീന്ദ്ര ജഡേജയും (50*) അര്‍ധസെഞ്ച്വറി നേടിയതോടെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 377 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്യുകയായിരുന്നു.
അജിന്‍ക്യ രഹാനെ (40), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (18) എന്നിവരാണ് ഇന്നലെ പുറത്തായ മറ്റു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. 152 പന്തില്‍ 10 ബൗണ്ടറിയുള്‍പ്പെടുന്നതാണ് പുജാരയുടെ ഇന്നിങ്‌സ്.
170 പന്ത് നേരിട്ട വിജയിയുടെ ഇന്നിങ്‌സില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെട്ടിരുന്നു. 93 പന്ത് നേരിട്ട രോഹിത് എട്ട് ബൗണ്ടറി നേടി. 58 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ജഡേജയുടെ ഇന്നിങ്‌സ്.
ന്യൂസിലന്‍ഡിനായി സാന്റ്‌നറും ഇഷ് സോധിയും രണ്ട് വിക്കറ്റ് വീതവും മാര്‍ക് ക്രെയ്ഗ് ഒരു വിക്കറ്റും വീഴ്ത്തി.
അശ്വിന്‍ 200 വിക്കറ്റ് ക്ലബ്ബില്‍
കാണ്‍പൂര്‍: ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കി. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിനെ പുറത്താക്കിയാണ് അശ്വിന്‍ 200 വിക്കറ്റ് ക്ലബ്ബില്‍ ഇടംപിടിച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ഇതോടെ അശ്വിന്റെ പേരിലായി. 37 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ ഈ നേട്ടം കൈവരിച്ചത്. 46 മല്‍സരങ്ങളില്‍ നിന്ന് 200 വിക്കറ്റ് നേടിയ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെയാണ് അശ്വിന്‍ മറികടന്നത്.
അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരം കൂടിയാണ് അശ്വിന്‍. 36 ടെസ്റ്റുകളില്‍ നിന്ന് 200 വിക്കറ്റ് നേടിയ ഓസീസ് ബൗളര്‍ ക്ലാരി ഗ്രിമ്മെറ്റിന്റെ പേരിലാണ് റെക്കോഡ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 2 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day