|    Oct 28 Fri, 2016 9:34 pm
FLASH NEWS

ഒടുവില്‍ കൊലയാളിയുടെ മുഖം ലോകം കണ്ടു; പോലിസിനെതിരേ പരാതിയില്ലെന്ന് പ്രതി കോടതിയില്‍

Published : 1st July 2016 | Posted By: SMR

റഷീദ് മല്ലശേരി

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അമീറുല്‍ ഇസ്‌ലാമിനെ കണ്ട് ജനത്തിന് അദ്ഭുതം. പോലിസ് തയ്യാറാക്കി പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തില്‍ വെളുത്ത മുഖവും ചുരുണ്ട മുടിയും ഭീമാകാരമായ ശരീരവും പ്രതീക്ഷിച്ച് കോടതി വളപ്പില്‍ തടിച്ചു കൂടിയ ജനം പക്ഷേ, പ്രതിയെ നേരില്‍ കണ്ടപ്പോള്‍ അമ്പരന്നു. ഇവനാണോ ഇത്രയും ക്രൂരമായി ജിഷയെ കൊലപ്പെടുത്തിയ ആ പ്രതിയെന്ന ഭാവമായിരുന്നു കോടതി വളപ്പില്‍ തടിച്ചുകൂടിയ നാട്ടുകാരുടെ മുഖത്ത്.
അന്വേഷണ ഘട്ടത്തില്‍ പോലിസ് പുറത്തുവിട്ട പലതരത്തിലുള്ള രേഖാചിത്രങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത രൂപമാണ് പ്രതിയില്‍ കാണാന്‍ കഴിഞ്ഞത്. അഞ്ചടി ഉയരവും ചെറിയ ശരീരവും. 20 വയസ്സില്‍ താഴെ മാത്രം പ്രായം തോന്നിക്കുന്ന പ്രകൃതവും.
കൊലപാതകം നടന്ന ദിവസം പ്രതിയെ നേരിട്ടുകണ്ട അയല്‍വാസിയായ വീട്ടമ്മയുടെ വിവരണം അനുസരിച്ചാണ് പോലിസ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയത്. ആദ്യ അന്വേഷണ സംഘവും പുതിയ അന്വേഷണ സംഘവും പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. രണ്ടാമത്തെ അന്വേഷണ സംഘം തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുണ്ടായിരുന്ന നിരവധി പേരെ പോലിസ് പിടികൂടി ചോദ്യംചെയ്തിരുന്നു. ചിത്രവുമായി സാമ്യമുണ്ടായിരുന്ന ചിലര്‍ പോലിസിന്റെ മര്‍ദ്ദനത്തിനു വിധേയരായിരുന്നു.
മുന്‍വശത്തെ പല്ലില്‍ വിടവുള്ളയാളാണ് പ്രതിയെന്നായിരുന്നു നേരത്തേ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍, പിടിയിലായ അമീറിന്റെ പല്ലിനു വിടവില്ലെന്നാണ് അറിയുന്നത്. ഒരു പാവം പയ്യന്റെ ഭാവമായിരുന്നു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിയുടെ മുഖത്ത്. ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ ഇടക്കിടെ ഭയവും നിഴലിക്കുന്നുണ്ടായിരുന്നു.
കോടതി വളപ്പില്‍ എത്തിച്ച പ്രതിയെ വാഹനത്തില്‍ വച്ച് തന്നെ ഫോട്ടോ എടുക്കാന്‍ മാധ്യമപ്രവര്‍ത്തകരെ പോലിസ് അനുവദിച്ചു.10 മിനിറ്റോളം ഫോട്ടോക്ക് പോസ് ചെയ്യാന്‍ ഒരു മടിയും പ്രതി കാണിച്ചില്ല. തുടര്‍ന്ന് പോലിസ്‌വാനിന്റെ സീറ്റിന്റെ മുന്‍വശത്തെ കമ്പിയില്‍ കുറച്ചു നേരം തല വച്ച് കണ്ണടച്ചിരുന്നു. തുടര്‍ന്ന് കോടതിയുടെ അകത്ത് പ്രതിക്കൂട്ടില്‍ പ്രവേശിച്ചപ്പോഴും കോടതിയുടെ ഉള്‍വശവും മറ്റുള്ളവരെയും കാണാനാണ് പ്രതി കൂടുതല്‍ ശ്രമിച്ചത്. ദ്വിഭാഷി മുഖാന്തിരം ജഡ്ജി പോലിസിനെ സംബന്ധിച്ച് പരാതിയുണ്ടോയെന്ന് ആരാഞ്ഞപ്പോഴും യാതൊരു സങ്കോചവുമില്ലാതെ ഉറക്കെതന്നെ ഇല്ലെന്ന് പ്രതി ദ്വിഭാഷിയോട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day