|    Oct 21 Fri, 2016 2:45 pm
FLASH NEWS

ഒഞ്ചിയം എന്ന കഴുതനാട്

Published : 30th December 2015 | Posted By: SMR

മുഖ്യധാരാ ചരിത്രകാരന്‍മാരുടെ അവഗണനയുടെ ദുഃഖഭാരം മനസ്സിലൊതുക്കി കേരള ചരിത്രത്തില്‍ ഒരിത്തിരി ഇടം നേടാന്‍ ഇന്നും പാടുപെടുന്ന ഒരു പഴയ നാട്ടുരാജ്യദേശമാണ് കടത്തനാട്. കോലത്തിരി കുടുംബവുമായും പൊറളാതിരി കുടുംബവുമായും രക്തബന്ധമുള്ള ഒരു രാജവംശമായിരുന്നു കടത്തനാട്. ഇന്നത്തെ വടകര താലൂക്കില്‍ മയ്യഴി(മാഹി)പ്പുഴയ്ക്കും മൂരാട്പുഴയ്ക്കും (ഇരിങ്ങല്‍പ്പുഴ, കോട്ടപ്പുഴ) ഇടയിലുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു കടത്തനാട്. ക്രി.ശേ. 15ാം ശതകത്തിന്റെ അവസാന ദശകങ്ങളില്‍ യൂറോപ്യന്‍മാര്‍ കോഴിക്കോട്ടെത്തുന്നതുവരെ കടത്തനാടിന്റെ തലസ്ഥാനം ഒഞ്ചിയം പ്രദേശത്തായിരുന്നുവെന്നു സൂചനയുണ്ട്.
മധ്യകാലത്ത് യോഗം, യോഗി, യോഗിതിരി എന്നൊക്കെ വിളിക്കുന്ന ഗ്രാമപ്രതിനിധികള്‍ അടങ്ങിയ സമിതികളായിരുന്നു ഭരണം നടത്തിയിരുന്നത്. ഒഞ്ചിയത്ത് അഞ്ചു പേരുള്ള സമിതി ഉണ്ടായിരുന്നിരിക്കാം. ‘അഞ്ചു യോഗം’ ലോപിച്ചാവാം ഒഞ്ചിയം എന്ന പേരുണ്ടായത്. തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലുണ്ടായ രാഷ്ട്രീയ-സൈനിക അസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് തലസ്ഥാനം കുറ്റിപ്പുറം, ആയഞ്ചേരി, വട്ടോളി, പുറമേരി തുടങ്ങിയ സ്ഥലങ്ങളിലേക്കു മാറ്റുകയായിരുന്നു. രാജവംശത്തില്‍ വിവിധ ശാഖകള്‍ ഉരുത്തിരിഞ്ഞുവന്നതോടെ ഇത്തരം തലസ്ഥാനമാറ്റങ്ങള്‍ അനിവാര്യമായി. കുറ്റിപ്പുറത്തും പുറമേരിയിലും 19ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ കടത്തനാട്ട് കോവിലകങ്ങള്‍ ഉണ്ടായിരുന്നതായി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട് (കേരളോല്‍പത്തി).
യൂറോപ്യന്‍ രേഖകളില്‍ വാഴുന്നവര്‍ (ബയ്‌നോര്‍) എന്നാണ് കടത്തനാട്ടു രാജാവിനെ പരാമര്‍ശിക്കുന്നത്. ഉണ്ണിയാടിചരിതത്തില്‍ പുഴയിടനാട്ടിലെ ഒരു ഇളമാന്‍കുളം എന്ന തരുണീമണിയെക്കുറിച്ചു പറയുന്നുണ്ട്. ഈ നാട് മൂരാടുപുഴയ്ക്കും മയ്യഴിപ്പുഴയ്ക്കും ഇടയിലെ കടത്തനാടാവാം. ക്രി.ശേ. 1550ല്‍ എഴുതിയ ട്രാവല്‍സ് ഓഫ് ഗിയാന്‍ ബതിസ്ത റമൂസിയോ എന്ന പോര്‍ച്ചുഗീസ് ഗ്രന്ഥത്തിന്റെ ഒന്നാം വാല്യത്തില്‍ സൊമ്മാറിയോ എന്ന അധ്യായത്തില്‍ കടത്തനാട്ടിലെ മയ്യഴി (മുലരിയം), ചോമ്പാല്‍ (ചംബോ), പുതുപ്പട്ടണം (പുതുപ്പട്ടണം, പുതിപടന) എന്നീ തുറമുഖങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.
കേരളോല്‍പത്തി എന്ന ചരിത്ര ഐതിഹ്യഗ്രന്ഥം കേരളത്തിലെ 32 പ്രാചീന നമ്പൂതിരി ഗ്രാമങ്ങളുടെ ഒരു പട്ടിക നല്‍കുന്നുണ്ട്. പെരുമ്പുഴയ്ക്കും കരുമാപ്പുഴയ്ക്കും ഇടയില്‍ 10ഉം കരുമാപ്പുഴയ്ക്കും ചൂര്‍ണിക്കുമിടയില്‍ 12ഉം ചൂര്‍ണിക്കും കന്യാകുമാരിക്കുമിടയില്‍ 10ഉം ഗ്രാമങ്ങള്‍ സ്ഥിതിചെയ്യുന്നതായാണ് പരാമര്‍ശം. ഈ ഗ്രാമങ്ങളില്‍ ഒന്നിന്റെ പേര് കഴുതനാട് എന്നാണ്. ഈ ഗ്രാമമൊഴികെ മറ്റെല്ലാം ഏറക്കുറേ തിരിച്ചറിഞ്ഞിട്ടുണ്ട്.
പണ്ടത്തെ ഓരോ നമ്പൂതിരി ഗ്രാമത്തിനും അതിന്റേതായ ഗ്രാമക്ഷേത്രമുണ്ടായിരുന്നു. ചൊവ്വരയിലെ തൃപ്രയാര്‍ ശിവക്ഷേത്രമാവാം കഴുതനാടിന്റെ ഗ്രാമക്ഷേത്രമെന്നാണ് കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ അഭിപ്രായം. കേസരി ബാലകൃഷ്ണപിള്ള കഴുതനാട് കൊടുങ്ങല്ലൂരിലെ മേത്തലയോ ചേന്ദമംഗലമോ ആവാമെന്ന അഭിപ്രായക്കാരനായിരുന്നു. ഡോ. വെളുത്താട്ട് കേശവന്‍ പറയുന്നത് കഴുതനാട് വേടനാട് അഥവാ കീഴ്‌നാട് ആണെന്നാണ്. 1991ല്‍ ഇതെഴുതുന്ന ആള്‍ കേരള പുരാവസ്തു വകുപ്പ് തിരുവനന്തപുരത്തു സംഘടിപ്പിച്ച സെമിനാറിലാണ്, കഴുതനാട് ഒഞ്ചിയം പ്രദേശമാവാമെന്ന് ഒരു പ്രബന്ധത്തിലൂടെ അഭിപ്രായപ്പെട്ടത്.
കഴുതനാട് എന്ന നാടോ ഗ്രാമമോ ഇന്നു കേരളത്തില്‍ ഒരിടത്തും കാണാനില്ല. കഴുതനാട് എന്നതുകൊണ്ട് കേരളോല്‍പത്തിക്കാരന്‍ എന്താണ് അര്‍ഥമാക്കുന്നത്? ഒഞ്ചിയമാണ് കഴുതനാടെന്ന വാദത്തിന് എന്താണ് അടിസ്ഥാനം? എന്തായിരുന്നു ഐതിഹ്യക്കാരന്റെ ലക്ഷ്യം?
ആദ്യം ഒഞ്ചിയം ദേശത്തിന് എന്തുകൊണ്ട് കഴുതനാട് എന്നു പേരിട്ടു എന്നു നോക്കാം. കുതിരയുടെ വര്‍ഗത്തില്‍പ്പെട്ട ഒരു മൃഗമാണ് കഴുത. പണ്ടുപണ്ടേ മനുഷ്യന്‍ ഭാരം ചുമക്കാന്‍ കഴുതയെ ഉപയോഗിച്ചിട്ടുണ്ട്. ഒരു മൃഗമെന്നതിലുപരി കഴുത എന്ന പദത്തിനു മൂഢന്‍, ഒന്നിനും കൊള്ളാത്തവന്‍, ഭാരം ചുമക്കുന്നവന്‍ എന്നീ അര്‍ഥങ്ങളും നിഘണ്ടുക്കള്‍ നല്‍കുന്നുണ്ട് (മൊയന്ത് എന്നും നാട്ടുപ്രയോഗം). കഴുതയ്ക്ക് സംസ്‌കൃതത്തില്‍ ഖരം എന്നാണ് പര്യായം. അതായത് ഖരനാട് കഴുതനാടാവും. ഖരം എന്ന വാക്കിനു ബാലേയം എന്നും പേരുണ്ട്. അങ്ങനെ കഴുതനാടിനു ബാലേയം എന്നു പേരു വരും.
പക്ഷേ, ഒഞ്ചിയത്തിനു ബാലേയം എന്നു പേരു വരാന്‍ കാരണമെന്ത്? വാസ്തുവിന്റെ വായുകോണിനു ഖരയോനി എന്നു പറയും. ഇതു വടക്കുപടിഞ്ഞാറേ മൂലയാണ്. ഈ കോണിന്റെ അധിപതിയാണ് കഴുത. ഖരയോനി പൊതുവേ അശുഭയോനി ആയിട്ടാണ് കരുതുന്നത്. യോനി എന്നാല്‍ വംശം, ജാതി, വര്‍ഗം എന്നൊക്കെ അര്‍ഥമുണ്ട്. അശുഭജാതിയില്‍പ്പെട്ട സ്ത്രീകളും പുരുഷന്‍മാരും ഈ ഗ്രാമത്തിലുണ്ടെന്നാവണം പുരാവൃത്തക്കാരന്‍ ഉദ്ദേശിച്ചത്. വേശ്യകളെ കണികാണുന്നത് ഐശ്വര്യമായി ഉന്നതകുലജാതര്‍ മുന്‍കാലങ്ങളില്‍ കരുതിയിരുന്നു. അപ്പോള്‍ പൊതുവേ ദേവദാസി പശ്ചാത്തലമുള്ള ജനങ്ങളെയാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്നു വ്യക്തം. ഏതാണ് ഈ ജനവര്‍ഗമെന്നു പരിശോധിക്കുന്നതിനു മുമ്പ് കഴുതയെന്ന വര്‍ഗത്തിന്റെ പ്രാധാന്യം ഒന്നുകൂടി സൂചിപ്പിച്ചുകൊള്ളട്ടെ.
പ്രാചീന ഇന്ത്യയുടെ രാഷ്ട്രമീമാംസാ പാരമ്പര്യമനുസരിച്ച് പൊതുജനങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റുകളുടെ നീണ്ട പട്ടിക അഗ്നിപുരാണം 168ാം അധ്യായത്തില്‍ കാണാം. അതില്‍ ഒട്ടകം, സിംഹം, ആട്, കരിയാട്, മല്‍സ്യം, സര്‍പ്പം, കീരി എന്നീ മൃഗങ്ങളോടൊപ്പം കഴുതയെയും കൊല്ലുന്നത് കടുത്ത പാപമാണെന്നു പറയുന്നു. അതായത് മേല്‍പറഞ്ഞ മൃഗങ്ങള്‍ക്കൊപ്പം സംരക്ഷിക്കപ്പെടേണ്ട ഒരു മൃഗമാണ് കഴുതയെന്നു കാണാം.
ഇവിടെ നാം മനസ്സിലാക്കേണ്ടത് ഒഞ്ചിയം പ്രദേശത്ത് യഥാര്‍ഥത്തില്‍ കഴുതകള്‍ ഉണ്ടായിരുന്നില്ലെങ്കിലും കഴുതകളെപ്പോലെത്തന്നെ ഭാരിച്ച ജോലി ചെയ്യുന്ന ഒരു ജനവിഭാഗം ഇവിടെയുണ്ടായിരുന്നു എന്നാണ്. പുരാണങ്ങളില്‍ കഴുതയ്ക്കുള്ള പ്രാധാന്യം മുന്‍നിര്‍ത്തിക്കൊണ്ട്, കഴുതകളെപ്പോലെ ജീവിക്കുന്ന ജനപദത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നു പ്രതീകാത്മകമായി സൂചിപ്പിക്കുകയാണ് പുരാവൃത്തക്കാരന്‍ ചെയ്യുന്നത്. ഏതാണീ ജനവര്‍ഗം? കൊട്ടാരങ്ങളിലും പ്രഭുകുടുംബങ്ങളിലും മഞ്ചല്‍ ചുമന്നും സേവിച്ചും ജീവിതം നയിച്ചുപോന്ന മുകയര്‍ ആണ് പരാമര്‍ശിക്കപ്പെടുന്നതെന്നു വ്യക്തമാണ്. പുഴയിലും കടലിലും മീന്‍പിടിത്തത്തിനു പുറമേ പുഴകളില്‍ തോണികടത്തും ഇവരുടെ പ്രധാന ഉപജീവനമാര്‍ഗമായിരുന്നു.
അപ്പോള്‍ ഒഞ്ചിയം പ്രദേശത്തിനു കഴുതനാട് എന്നു പേരിടാന്‍ കാരണം ഇവിടെ മുകയര്‍ എന്ന ജനങ്ങള്‍ അധിവസിച്ചിരുന്നതുകൊണ്ടാണെന്ന് ഊഹിക്കാന്‍ കഴിയും. ഒഞ്ചിയം എന്ന നമ്പൂതിരിഗ്രാമം മുന്‍കാലങ്ങളില്‍ ഇന്നത്തെ ഒഞ്ചിയം, അഴിയൂര്‍, ഏറാമല, ചോറോട് എന്നീ ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു. ഒഞ്ചിയത്തെ മൊയ്‌ലം വിഷ്ണുക്ഷേത്രമായിരിക്കാം (ഇപ്പോള്‍ ജീര്‍ണിച്ചു) ആ ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രം. ഇന്ദേശ്വരന്‍കോത ക്രി.ശേ. 955ലെ ചെമ്പ്രലിഖിതം മാഹിപ്പുഴയുടെ തെക്കേക്കരയിലുള്ള ഒഞ്ചിയം എന്ന കഴുതനാടിന്റെയും മാഹിപ്പുഴയുടെ വടക്കേക്കരയിലെ ഏടന്നൂര്‍ ഗ്രാമത്തിന്റെയും കഥ പറയുന്നു. ഒരുപക്ഷേ, ഏടന്നൂര്‍ നമ്പൂതിരിഗ്രാമവും ഒഞ്ചിയം നമ്പൂതിരിഗ്രാമവും ഇരട്ടഗ്രാമങ്ങളാകാന്‍ സാധ്യതയുണ്ട്. മേല്‍പറഞ്ഞ ലിഖിതം ചെമ്പ്ര സുബ്രഹ്മണ്യക്ഷേത്രത്തിന്റെ ഭരണവും നിത്യച്ചെലവുകളും ഗ്രാമഭരണവും മറ്റും സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കുന്നു. രണ്ടാമത്തെ ലിഖിതത്തില്‍ വര്‍ഷവും ഗ്രാമത്തിന്റെ പേരും പറയുന്നില്ലെങ്കിലും ഒഞ്ചിയം ഗ്രാമമാണ് അതെന്ന് ഊഹിക്കാം.
കഴുതനാട് എന്ന പേര് ഒഞ്ചിയത്തിന് ഉണ്ടായിരുന്നുവെന്നു പറയുമ്പോള്‍ ഇവിടെ പണ്ടുകാലത്തുതന്നെ മുകയര്‍ ജീവിച്ചിരുന്നുവെന്ന് തെളിയിക്കേണ്ടതുണ്ട്. ദക്ഷിണേന്ത്യന്‍ ചരിത്രപശ്ചാത്തലത്തില്‍ സംഘകാലത്ത് വമ്പ-മോരിയര്‍ (മുകഅരയര്‍) എന്ന ജനവിഭാഗത്തെക്കുറിച്ച് സംഘംപാട്ടുകളില്‍ പരാമര്‍ശം കാണാം. സംഘകാലത്തുതന്നെ ഒരു ചേരരാജാവ് മൂകന്‍ എന്ന രാജാവിനെ തൊണ്ടിയില്‍ വച്ചു വധിച്ചതായും കാണുന്നു. ഈ ഗോത്രവര്‍ഗത്തിന്റെ പിന്‍തലമുറയില്‍ പെട്ടവരാണ് കോലത്തിരി രാജവംശവും പുറൈകിഴാര്‍ രാജവംശവും (വടക്കന്‍ കോട്ടയം) നീലേശ്വരം രാജവംശവും കടത്തനാട് രാജവംശവും. സാമൂതിരി രാജവംശം ഇതേ പ്രാചീന ഗോത്രത്തില്‍പ്പെട്ടതാണെന്ന് ഏറ്റവും പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നുണ്ട്. കോലത്തിരികളുടെ വംശനാമം രാമകുടമൂവര്‍ എന്നായിരുന്നു. അതുലന്റെ മൂഷികവംശകാവ്യം എന്ന സംസ്‌കൃതകൃതി രാമകുടമൂവര്‍ (മുകവര്‍, മുകയര്‍) രാജാക്കന്മാരുടെ കഥയും ചരിത്രവുമാണ്. തമിഴ്‌നാട്ടിലെ സേലം പ്രദേശത്തു നിന്നു വന്ന അതികമാന്‍ (അടിഗമൂകന്‍) വംശക്കാരാണ് അള്ളര്‍ഇടം എന്ന നീലേശ്വരം രാജവംശം.
നേരേത്ത സൂചിപ്പിച്ച ചെമ്പ്ര ലിഖിതത്തിലാണ് (ക്രി.ശേ. 955) മുകയരെപ്പറ്റിയുള്ള ഏറ്റവും പഴക്കമുള്ള പരാമര്‍ശം കാണുന്നത്. മുകയര്‍ എന്നു നേരിട്ട് പറയുന്നില്ല. അന്നു കര്‍ണാടകയിലും തമിഴ്‌നാട്ടിലും പ്രചാരത്തിലുള്ള പേരാണ് കാണുന്നത്. ലിഖിതത്തിലെ സാക്ഷികളില്‍ ഒരാളുടെ പേര് കലിദുഷ്ടം വിജയന്‍ എന്ന പടയുള്‍പാടര്‍ ആണ്. ഇത് കലിതുട്ടം ആണോ എന്ന് ഡോ. എം ആര്‍ രാഘവവാര്യര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ‘പടൈ ഉള്‍പാടര്‍ എന്നതുകൊണ്ട് നിവേദ്യപ്പടയുടെ ചുമതലയുള്ള ആളെത്തന്നെയാണ് കുറിക്കുന്നത്’ എന്ന് അദ്ദേഹം ന്യായമായും ഊഹിക്കുന്നു.
കലിതുട്ടം എന്ന പദം ഇപ്പോള്‍ കാസര്‍കോട് ജില്ലയില്‍ കല്ലട്ടറ എന്ന പേരില്‍ കുടുംബപ്പേരായി നിലനില്‍ക്കുന്നുണ്ട്. കല്ലട്ടറ ഹാജിയുടെ കുടുംബം ഓര്‍ക്കുക. കലിതുട്ടം അറ എന്ന പദമാണ് കല്ലട്ടറ ആയത്. അറകള്‍ മുകയരുടെ ആരാധനാരീതിയില്‍ പ്രാധാന്യമുള്ളതാണ്. കര്‍ണാടകയില്‍ മുകയരുടെ ആവാസകേന്ദ്രങ്ങള്‍ ഉണ്ടെന്നും അവര്‍ കല്ലൊഡ്ഡറു എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും ഡോ. എ എം ശ്രീധരന്‍ പറയുന്നു.
ഒഞ്ചിയം ഗ്രാമത്തില്‍ ഒരു ‘കല്ലാ’കോവില്‍ ഉണ്ടായിരുന്നതായി ഐതിഹ്യമുണ്ട്. കല്ലാമല കോവിലകം എന്നായിരുന്നു പേര്. കലമുകയര്‍ ആയിരുന്നത്രേ ഇതിന്റെ അധിപര്‍. ഈ കോവിലില്‍ നിന്നാണ് ഇവിടെ കല്ലാമല എന്ന സ്ഥലനാമമുണ്ടായത്. കൊല്ലറോത്ത്, കല്ലാച്ചേരി, കല്ലാപ്പള്ളി, കല്ലാകൈനിലം, കല്ലറക്കല്‍, കൊലാറൊടികുനി തുടങ്ങിയ തറവാട്ടുപേരുകളും സ്ഥലനാമങ്ങളും ഒഞ്ചിയത്തും പരിസരത്തും അനേകമുണ്ട്. ഇന്നും ഈ പ്രദേശത്ത് മുകയരുണ്ട്. പക്ഷേ, പഴയകാല മുകയര്‍ അല്ല. ഇപ്പോള്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ള മുകയര്‍ നാലുകുലം മുകയര്‍ ആണ് (ചാത്തനത്ത് കുലം, പടത്തനത്ത് കുലം, ദായനത്ത് കുലം, കുറുമ്പനത്ത് കുലം).
തൈമുകയര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഒഞ്ചിയം ഗ്രാമത്തിലെ ആരാധനാലയമായ മുകയരുടെ അറക്കല്‍ ക്ഷേത്രത്തിലെ പൂരം ഉല്‍സവത്തിന് എഴുന്നള്ളത്തിനോടനുബന്ധിച്ച് വെളിച്ചപ്പാടന്‍മാര്‍ വാളേന്തി ഉറഞ്ഞുതുള്ളുമ്പോള്‍ ക്ഷേത്രത്തിന്റെ വായുകോണിലേക്കു നോക്കി പ്രാര്‍ഥിക്കുന്നതു കാണാം. ഒഞ്ചിയം ഗ്രാമത്തിലെ വടക്കേടത്ത് മുകയ തറവാട്ടില്‍ 1950കളുടെ തുടക്കത്തിലും രണ്ടു പേരെ ചുമന്നുകൊണ്ടുപോകാവുന്ന മഞ്ചലുണ്ടായിരുന്നു.
കര്‍ണാടകയിലും മഹാരാഷ്ട്രയിലും മുകയര്‍ കൂടുതലും അറിയപ്പെടുന്നത് ബോവിമുകയര്‍ എന്നാണ്. സാരഥി എന്നര്‍ഥമുള്ള തുളുശബ്ദമാണ് ബോവി. കര്‍ണാടകയില്‍ കലമുകയരും ഫലമുകയരും ഉണ്ട്. കര്‍ണാടകയില്‍ മധ്യകാല ഗ്രാമഭരണത്തില്‍ ബോവികളായ സേനബോവ എന്ന ഉദ്യോഗസ്ഥര്‍ ഹെര്‍ഗഡെ തുടങ്ങിയ ഉദ്യോഗസ്ഥരെ സഹായിച്ചിരുന്നു. ക്രി.ശേ. 1197ല്‍ ചിറ്റൂര്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രനിര്‍മാണത്തിനും അതിന്റെ മേല്‍നോട്ടത്തിനും ആ ഗ്രാമത്തിലെ രണ്ടു സേനബോവമാര്‍ സംഭാവന നല്‍കിയതായി രേഖകളുണ്ട്. ഇങ്ങനെ മധ്യകാല കര്‍ണാടകയിലെ എത്രയോ ബോവി സംഭാവനകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കര്‍ണാടകയിലെ കലമുകയ ക്ഷേത്രങ്ങളുടെ ബൃഹത്തായ പഠനത്തിന് വസുന്ധര ഫിലോസാത്തും പീര്‍ സില്‍വെയ്ന്‍ ഫിലോസാത്തും എഴുതിയ കലമുക ടെംപിള്‍സ് ഓഫ് കര്‍ണാടക എന്ന ഗ്രന്ഥം വിലപ്പെട്ടതാണ്.
ഇന്ത്യാ ചരിത്രത്തില്‍ ഉടനീളം ബ്രാഹ്മണവര്‍ഗത്തിനു ഭൂമിയും മറ്റും ദാനം ചെയ്യുക എന്നത് ഒരു പുണ്യമായാണ് കരുതിപ്പോന്നത്. ഓരോ തരം ദാനത്തിനും നിശ്ചിത കീഴ്‌വഴക്കങ്ങള്‍ പുരാണങ്ങളില്‍ പറയുന്നതു കാണാം. ബ്രാഹ്മണര്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ദാനങ്ങള്‍ ലഭിച്ചിരുന്നത് മുകയര്‍ക്കാണ്. കര്‍ണാടക ചരിത്രം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. മൊഗ്രാല്‍പുത്തൂരില്‍ മുകയര്‍ക്ക് ഒരു രാജാവ് ആ ഗ്രാമത്തിലെ മുഴുവന്‍ നികുതികളും ഒഴിവാക്കിക്കൊടുത്തതായി രേഖയുണ്ട്.
ബോവികുലത്തിലെ സ്ത്രീകളെ 10 കുലത്തിലെ മഗന്‍മാര്‍ വിവാഹം ചെയ്തുവെന്നാണ് ഭവിഷ്യപുരാണം പറയുന്നത്. ഈ മഗന്‍മാരാണത്രേ മുകയര്‍. മല്‍സ്യഗന്ധിയായ സത്യവതി മല്‍സ്യഗന്ധിയല്ലാതായെന്നും അവരുടെ സന്തതിപരമ്പരകളാണ് തങ്ങളെന്നും മുകയര്‍ വിശ്വസിക്കുന്നു. വായില്ലാക്കുന്നിലപ്പന്റെ പാരമ്പര്യവും അവര്‍ അവകാശപ്പെടുന്നു. വായില്ലാത്തവന്‍ മൂകനാണ്. അതായത് മുകയനാണ് (ബൈബിളില്‍ ഇവര്‍ മുഗവായര്‍ ആണ്). ഋേഗ്വദത്തിലെ ദാസ, ദാസ്യ ശബ്ദങ്ങളെ സെന്ത് അവസ്ഥയില്‍ ദാഹ, ദാഹ്യു എന്നാണ് പറയുന്നത്. അര്‍ഥം മറ്റേ ജനങ്ങളെന്നാണ്. ദാസന്‍മാരുടെ പരന്ന മൂക്കിനെപ്പറ്റി പരാമര്‍ശിക്കുന്ന വാക്ക് ഇതുപോലെ വായില്ലാത്ത ജനപദത്തെ സൂചിപ്പിക്കുന്നതാണെന്ന് ഡോ. റൊമീല ഥാപര്‍ ചൂണ്ടിക്കാണിക്കുന്നു.
ചുരുക്കത്തില്‍, മുകയര്‍ ധാരാളമായി അധിവസിച്ചിരുന്ന ഒഞ്ചിയം എന്ന നമ്പൂതിരി ഗ്രാമത്തിനു കഴുതനാട് എന്ന പേരു നല്‍കിയത് അവരെ കളിയാക്കാന്‍ വേണ്ടിയല്ല, മറിച്ച്, കഴുതകളെപ്പോലെ മഞ്ചല്‍ചുമന്ന് ഓടിത്തളര്‍ന്നു ജീവിക്കുന്ന അവരെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഓര്‍മപ്പെടുത്താന്‍ കൂടിയാണ്. ഗൗതമധര്‍മസൂത്രത്തില്‍ മുകയരെക്കുറിച്ച് ‘ബ്രാഹ്മണിതിതായ് ക്ഷത്രിയതന്തെ’ എന്നു പറഞ്ഞുകാണുന്നു. അമ്മ ബ്രാഹ്മണസ്ത്രീയും അച്ഛന്‍ ക്ഷത്രിയനുമായ കുലമാണ് മുകയരുടേത്. കേരള ചരിത്രപശ്ചാത്തലത്തില്‍ ഇവര്‍ ക്ഷത്രിയരും അവരുടെ സേവകരുമായിരുന്നു.
ദക്ഷിണ കാനറയുടെ ഭാഗമായ ഉള്ളാളം ആസ്ഥാനമാക്കി ഭരണം നടത്തിയ അബ്ബക്ക മഹാറാണിമാര്‍ (13, 16, 18ാം നൂറ്റാണ്ട്), ബല്ലാള രാജാവ്, വിട്ടല്‍ രാജാവ് എന്നിവരുടെ വിശ്വസ്ത കൊട്ടാരം സേവകരും വാഹകരുമായിരുന്നു മുകയര്‍. ഏച്ചിക്കാനം, കോടോം, മാവില തുടങ്ങിയ നായര്‍-നമ്പ്യാര്‍ തറവാടുകളിലും മുകയര്‍ വാഹകരായിരുന്നു. വിവാഹം, ഉല്‍സവം, നായാട്ട്, യാത്രകള്‍, തോണിക്കടത്ത് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അനുഷ്ഠാനപൂര്‍വം വിശ്വസ്തതയോടെ മുകയര്‍ അവരുടെ കര്‍ത്തവ്യം നിര്‍വഹിച്ചു. നീലേശ്വരം മുകയര്‍ കോലത്തിരിയുടെയും ചെറുവത്തൂര്‍, കാടങ്കോട് എന്നിവിടങ്ങളിലെ മുകയര്‍ പൊന്നന്‍തറവാട്, താഴക്കാട്ടുമന എന്നിവരുടെ വാഹകരായി സേവനമനുഷ്ഠിച്ചു.
അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു: മുകയര്‍ക്ക് തീണ്ടല്‍ ഉണ്ടായിരുന്നില്ലേ? ഇല്ലെന്നു വ്യക്തം. കാരണം, ഈ രാജവംശങ്ങളും പ്രഭുകുടുംബങ്ങളും ഉയര്‍ന്നുവന്നത് മുകയഗോത്രത്തില്‍ നിന്നുതന്നെയാണെന്നതുതന്നെ. ‘നീയെന്താടാ മുകയന്‍ കിതയ്ക്കുന്നതുപോലെ കിതക്കുന്ന്’ എന്നൊരു ചൊല്ലുണ്ട് തുളുഭാഷയില്‍. ചരിത്രവും കഴുതനാടും അതിനു മറുപടി പറയും. $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 151 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day