|    Oct 21 Fri, 2016 10:16 pm
FLASH NEWS

ഐ.എസ്.എല്‍; അത്‌ലറ്റികോ ഡി കൊല്‍ക്കത്ത 3-2ന് ചെന്നൈയ്ന്‍ എഫ്.സിയെ തോല്‍പ്പിച്ചു

Published : 4th October 2015 | Posted By: RKN

-atletico-afp

ചെന്നൈ: വിജയത്തോടെ നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത രണ്ടാമത് ഐ.എസ്.എല്ലിനെ ഗംഭീരമായി വരവേറ്റു. ഇന്നലെ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ശക്തരായ ചെന്നൈയ്ന്‍ എഫ്.സിയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കൊല്‍ക്കത്ത വിജയം ആഘോഷമാക്കിയത്. ഇരട്ട ഗോള്‍ നേടിയ മുന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം എല്‍ഡര്‍ പോസ്റ്റിഗയാണ് കൊല്‍ക്കത്തയുടെ ഹീറോ. കളിയുടെ 13, 70 മിനിറ്റുകളിലായിരുന്നു പോസ്റ്റിഗ കൊല്‍ക്കത്തയ്ക്കു വേണ്ടി വലകുലുക്കിയത്.

പകരക്കാരനായിറങ്ങിയ വാല്‍ഡോയാണ് (76ാം മിനിറ്റ്) കൊല്‍ക്കത്തയുടെ മറ്റൊരു ഗോള്‍ സ്‌കോറര്‍. ചെന്നൈക്കു വേണ്ടി ജെജെ ലാല്‍പെഖ്‌ലുവയും (31ാം മിനിറ്റ്) എലാനോ ബ്ലൂമറും (89) ഗോള്‍ മടക്കി. ആദ്യപകുതിയില്‍ ഇരു ടീമും 1-1ന് പിരിഞ്ഞെങ്കിലും രണ്ടാംപകുതിയില്‍ ആറു മിനിറ്റുകള്‍ വ്യത്യാസത്തിനിടെ രണ്ടു ഗോളുകള്‍ നിറയൊഴിച്ച്് കൊല്‍ക്കത്ത മല്‍സരം കൈക്കലാക്കുകയായിരുന്നു.

കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ചെന്നൈക്കു കോര്‍ണര്‍ കിക്കിലൂടെ മികച്ച ഗോളവസരം വീണുകിട്ടിയിരുന്നു. എന്നാല്‍, ബ്രസീലിയന്‍ സ്റ്റാര്‍ എലാനോയെടുത്ത ഫ്രീകിക്ക് ലാല്‍പെഖ്‌ലുവ പാഴാക്കി. 12ാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിനെ ചെന്നൈ താരം മെയ്ല്‍സന്‍ ഫൗള്‍ ചെയ്തു. ഇതേ തുടര്‍ന്ന് കൊല്‍ക്കത്തയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുകയും ചെയ്തു. ഇതാണ് മല്‍സരത്തിലെ ആദ്യ ഗോളിന് വഴിമരുന്നിട്ടത്. കൊല്‍ക്കത്ത താരം ബോര്‍ജ ഫെര്‍ണാണ്ടസെടുത്ത ഫ്രീകിക്ക് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ചെന്നൈ ഗോളി എഡലും ടീമംഗം മെയ്ല്‍സനും തമ്മില്‍ കുട്ടിയിടിച്ചു വീഴുകയായിരുന്നു. അവസരം കാത്തുനിന്ന പോസ്റ്റിഗ പന്ത് വരുതിയിലാക്കുകയും ചെന്നൈ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിക്കുകയുമായിരുന്നു.

ഗോള്‍ വീണതോടെ ചെന്നൈ തിരിച്ചടിക്കാനുള്ള ശ്രമമാരംഭിച്ചു. 16ാം മിനിറ്റില്‍ നേരിയ വ്യത്യാസത്തിലാണ് ഈ സീസണില്‍ ചെന്നൈയിലെത്തിയ ഫിക്രു ടെഫേരയുടെ ഗോളിനായുള്ള ഷോട്ട് പുറത്തേക്ക് പോയത്.  26ാം മിനിറ്റില്‍ കഴിഞ്ഞ  എലാനോയുടെ  ഗോളിനുള്ള ശ്രമവും പരാജയപ്പെട്ടു. 28ാം മിനിറ്റില്‍ കൊല്‍ക്കത്തയ്ക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും മലയാളി താരം റിനോ ആന്റോയുടെ മോശം ക്രോസിന് ചലനങ്ങളുണ്ടാക്കാനായില്ല. 31ാം മിനിറ്റില്‍ ചെന്നൈ ആരാധകരെ ആവേശത്തിലാക്കിയ സമനില ഗോള്‍ പിറന്നു. ലാല്‍പെഖ്‌ലൂവയാണ് ചെന്നൈയുടെ ഗോള്‍ തിരിച്ചടിച്ചത്. എലാനോയും ഫിക്രുവും ചേര്‍ന്ന് നടത്തിയ മികച്ച മുന്നേറ്റം ലാല്‍പെഖ്‌ലുവ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

70ാം മിനിറ്റില്‍ ഡിഫന്‍ഡര്‍മാരെയും ഗോളിയെയും കബളിപ്പിച്ച് പോസ്റ്റിഗ എതിരാളികളുടെ ഗോള്‍ വല ചലിപ്പിച്ചു. മിനിറ്റുകള്‍ക്കം ഹ്യൂമിന്റെ ക്രോസില്‍ വാല്‍ഡോ കൊല്‍ക്കത്തയുടെ മൂന്നാം ഗോളും നേടി. 89ാം മിനിറ്റില്‍ വിവാദ പെനല്‍റ്റിയിലൂടെയായിരുന്നു എലാനോ ചെന്നൈയുടെ രണ്ടാം ഗോള്‍ നേടിയത്. ബോക്‌സിനുള്ളില്‍വച്ച് കൊല്‍ക്കത്ത താരം ഹാന്‍ഡ് ബോളായെന്ന സംശയത്തിലാണ് റഫറി ചെന്നൈക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. പക്ഷേ, കൈയ്യില്‍ പന്ത് കൊണ്ടിട്ടില്ലെന്ന് റിപ്ലേയില്‍ വ്യക്തമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day