|    Dec 5 Mon, 2016 3:53 am

ഐടി മേഖലയില്‍ തൊഴില്‍ നിയമം കര്‍ശനമായി പാലിക്കണം: നിയമമന്ത്രി

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: ഐടി പാര്‍ക്കുകളിലെ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ തൊഴില്‍നിയമം കര്‍ശനമായി പാലിക്കണമെന്നു നിയമമന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ സര്‍ക്കാര്‍ ഇടപെടും. വി എസ് അച്യുതാനന്ദന്റെ സബ്മിഷന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പാര്‍ക്കുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പനികളുടെ സേവനവേതന വ്യവസ്ഥകള്‍ അതാതു കമ്പനികളുടെ വ്യവസ്ഥകള്‍ അനുസരിച്ചാണു നടപ്പാക്കിവരുന്നത്. 2002ല്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഐടി മേഖലയിലെ സ്ഥാപനങ്ങളെ കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ നിയമത്തിലെ ചില വകുപ്പുകളെ നിബന്ധനകളോടെ ഒഴിവാക്കിയിട്ടുണ്ട്.
ഇതനുസരിച്ച് ഐടി സ്ഥാപനങ്ങളില്‍ ജോലിസമയം ഷിഫ്റ്റ് സമ്പ്രദായത്തിലും ഫഌക്‌സി ടൈം വ്യവസ്ഥയിലുമാണു നിശ്ചയിച്ചിട്ടുള്ളത്. വിവരസാങ്കേതിക മേഖലയില്‍ കടുത്ത മല്‍സരമാണു നടക്കുന്നത്. പുതിയ തൊഴില്‍ മേഖലയെന്ന നിലയില്‍ ഈ മേഖല ആവശ്യപ്പെടുന്ന തരത്തിലുള്ള തൊഴില്‍ നിയമങ്ങള്‍ രൂപപ്പെടുത്തുക എന്നതാണു വികാസത്തിന് ആവശ്യം.
മല്‍സരംമൂലം ഇതിനെ അസ്ഥിരമായ തൊഴില്‍മേഖലയാക്കി മാറ്റുന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഏതുസമയത്തും പിരിച്ചുവിടല്‍ ഭീഷണി ഈ മേഖലയില്‍ നിലനില്‍ക്കുന്നു. എട്ടുമണിക്കൂര്‍ ജോലി, അവധിദിന ഒഴിവ്, ലീവ് ഓവര്‍ടൈം, അധികജോലി അലവന്‍സ് തുടങ്ങിയവയൊന്നും പൊതുവേ ലഭിക്കുന്നില്ല.
സ്ത്രീജീവനക്കാര്‍ക്കു ലഭ്യമാവേണ്ട പ്രസവാവധി പോലും ലഭ്യമാവാത്ത സാഹചര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പൊതുവില്‍ ഈ മേഖലയ്ക്കു ബാധകമാവുന്ന തരത്തിലുള്ള നിയമനിര്‍മാണമാണ് ഇക്കാര്യത്തില്‍ ആവശ്യമെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day