|    Dec 6 Tue, 2016 11:34 am
FLASH NEWS

ഐഎസ്എല്‍: വമ്പന്‍ പോരാട്ടത്തില്‍ സമാസമം

Published : 14th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി ഡൈനാമോസ് അത്‌ലറ്റികോ ഡി കൊല്‍ക്കത്ത സൂപ്പര്‍ പോരാട്ടം 2-2 സമനിലയില്‍ പിരിഞ്ഞു. കൊല്‍ക്കത്തയ്ക്കുവേണ്ടി ഇയാന്‍ ഹ്യൂമും ജീവിയര്‍ ഗ്രനഡിയും വലകുലുക്കിയപ്പോള്‍ ഫ്‌ളോറന്റ് മലൂദയും മിലന്‍ സിങും ഡല്‍ഹിക്കായി വലകുലുക്കി.
മല്‍സരം തുടങ്ങി ആദ്യ മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ ഇരു ടീമും വമ്പുകാട്ടിത്തുടങ്ങി. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ഡല്‍ഹി ഡൈനാമോസ് താരങ്ങളുടെ മികച്ച മുന്നേറ്റങ്ങളെ ശക്തരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തന്‍ പ്രതിരോധനിര തളച്ചിട്ടു. പരിക്കേറ്റ ഗാഡ്‌സെക്കും കൊന്‍ഷാമിനും പകരം ബാദ്ജിയും കിംകിമയുമാണ് ഡല്‍ഹിക്കായി ഇറങ്ങിയത്. കളിയുടെ 17ാം മിനിറ്റില്‍ പ്രതിരോധത്തെ കീറിമുറിച്ച് ഇയാന്‍ ഹ്യൂം കൊല്‍ക്കത്തയ്ക്കായി ആദ്യം വലകുലുക്കി. ഇടംകാല്‍ ഷോട്ടിലൂടെ ഹ്യൂം നേടിയ മികച്ച ഗോള്‍ ഡല്‍ഹി താരങ്ങള്‍ക്ക് ഷോക്ക് നല്‍കി.
എന്നാല്‍ മല്‍സരത്തിന്റെ 34ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരത്തെ ഹ്യൂം പാഴാക്കിക്കളഞ്ഞു. പ്രതിരോധത്തില്‍നിന്നു ലഭിച്ച ലോങ്‌ബോള്‍ പിടിച്ചെടുക്കാന്‍ ഹ്യൂമിന് കഴിഞ്ഞില്ല. 38ാം മിനിറ്റില്‍ ഗോള്‍ മടക്കാനുള്ള മാഴ്‌സെലീന്യോയുടെ മികച്ച മുന്നേറ്റം കൊല്‍ക്കത്തന്‍ പ്രതിരോധനിര തടുത്തിട്ടു. ഇടത് വിങ്ങില്‍നിന്ന് മെലൂദ നല്‍കിയ ക്രോസ് ഹെഡ് ചെയ്യാനാവാതെ കൈകൊണ്ട് തടുത്ത ഡല്‍ഹി താരം ബാദ്ജിക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചു.
രണ്ടാം പകുതിയിലും മികച്ച മുന്നേറ്റമാണ് കൊല്‍ക്കത്ത കാഴ്ചവച്ചത്. 49ാം മിനിറ്റില്‍ വലതു വിങ്ങില്‍നിന്ന് ലഭിച്ച ക്രോസ് ബോള്‍ ഇയാന്‍ ഹ്യൂം പാഴാക്കി. സമനില ഗോളിനായി ഡല്‍ഹി താരങ്ങള്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഗോളിലേക്കെത്തിക്കാനായില്ല. 60ാം മിനിറ്റില്‍ മാഴ്‌സെലീന്യോ ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് ഡല്‍ഹിക്ക് ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ മെലൂദയ്ക്കായില്ല. കൊല്‍ക്കത്തന്‍ ഗോള്‍ കീപ്പര്‍ മജുംദാറിന്റെ തകര്‍പ്പന്‍ സേവാണ് ടീമിന് കരുത്തായത്. പെനല്‍റ്റി നഷ്ടപ്പെടുത്തി മിനിറ്റുകള്‍ക്കുള്ളില്‍ ഡല്‍ഹി സമനില ഗോള്‍ സ്വന്തമാക്കി. മിലാന്‍ സിങിന്റെ തകര്‍പ്പന്‍ ഷോട്ടാണ് ഡല്‍ഹിക്ക് സമനില ഗോള്‍ സമ്മാനിച്ചത്.
സമനില ഗോളോടെ മല്‍സരം കൂടുതല്‍ കടുത്തു. 71ാം മിനിറ്റില്‍ ജാവീര്‍ ഗ്രന്‍ഡി വലകുലുക്കി കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ഫ്‌ളോറന്റ് മലൂദയിലൂടെ ഡല്‍ഹി വീണ്ടും ഗോള്‍ നേടിയപ്പോള്‍ മല്‍സരം 2-2 സമനിലയിലേക്ക് മുന്നേറി. കളി മുഴുവന്‍ സമയം പൂര്‍ത്തിയായപ്പോള്‍ 2-2 ന്റെ സമനിലയോടെയാണ് ഇരു ടീമുകളും കളം വിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day