|    Dec 4 Sun, 2016 7:46 pm

ഏഴിമല നാവിക അക്കാദമിയിലേക്കുള്ള കുടിവെള്ളം മുട്ടും; കാക്കടവിലെ തടയണ നിര്‍മാണം ആരംഭിച്ചില്ല

Published : 21st November 2016 | Posted By: SMR

കാഞ്ഞങ്ങാട്: തുലാവര്‍ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് കാര്യങ്കോട് പുഴയിലെ ജല നിരപ്പ് താഴ്ന്നത് ഏഴിമല നാവിക അക്കാമദിയിലേയും സിആര്‍പിഎഫ് ക്യാംപിലെയും ജലവിതരണം നിലക്കാനാടിയാക്കും. വര്‍ഷം തോറും പുഴയില്‍ നിര്‍മിക്കുന്ന താല്‍ക്കാലിക തടയണക്കെതിരെ നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്. സ്ഥിരം തടയണ നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കാതെ താല്‍ക്കാലിക തടയണ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. വര്‍ഷങ്ങളായി നിര്‍മിക്കുന്ന താല്‍ക്കാലിക തടയണയുടെ പ്ലാസ്റ്റിക് ചാക്കുകള്‍ പുഴയെ മലിനമാക്കുന്നുണ്ട്. ആദ്യ മന്ത്രിസഭയുടെ കാലത്ത് തന്നെ വിഭാവനം ചെയ്ത കാക്കടവ് ഡാമിനെതിരെ എതിര്‍പ്പ് ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ കാക്കടവില്‍ മിനി ഡാം നിര്‍മിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. 10 വര്‍ഷത്തിന് മുമ്പ് രൂപം നല്‍കിയ ഈ പദ്ധതി ഇപ്പോഴും ഫയലില്‍ തന്നെയാണ്. വെള്ളം കുറഞ്ഞതോടെ  കാക്കടവിലെ തേജസ്വിനി പുഴ ദിനംതോറും മെലിഞ്ഞുവരികയാണ്. കാക്കടവ് പദ്ധതി പ്രദേശത്തു നിന്നും ഏഴിമല നാവിക അക്കാദമിയിലേക്കുള്ള കുടിവെള്ളം ഇത്തവണ നേരത്തെ മുട്ടും. ഇപ്പോള്‍ പുഴയിലെ ജലനിരപ്പ് ഇതുവരെയില്ലാത്ത രീതിയില്‍ താഴ്ന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പണി തുടങ്ങുമെന്ന് പറഞ്ഞ സ്ഥിര തടയണ നിര്‍മാണം കടലാസ് നടപടികളില്‍ ഒതുങ്ങുകയാണ്. വര്‍ഷങ്ങളായി താല്‍കാലിക തടയണ പണിതാണ് ഏഴിമലയിലേക്ക് വെള്ളം കൊണ്ടു പോകുന്നത്. ഏഴിമല നാവിക അക്കാദമി, രാമന്തളി പഞ്ചായത്ത്, പെരിങ്ങോം സിആര്‍പിഎഫ് ക്യാംപ് എന്നിവിടങ്ങളിലേക്കാണ് കാക്കടവില്‍ നിന്നും വെള്ളം കൊണ്ടു പോകുന്നത്. 50 ലക്ഷം ലിറ്റര്‍ ജലമാണ് ഒരു ദിവസം പമ്പ് ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ അവസാനത്തോടെ പുഴ വരണ്ടതിനാല്‍ കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ചിരുന്നു. പത്ത് വര്‍ഷമായി താല്‍കാലിക തടയണയെയാണ് ആശ്രയിക്കുന്നത്. മൂന്ന് മാസത്തില്‍ താഴെ ആയുസ്സുള്ള താല്‍ക്കാലിക തടയണയ്ക്ക് ഓരോ വര്‍ഷവും എട്ടുലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. മാത്രമല്ല ലോഡുകണക്കിന് കല്ലും മണ്ണുമാണ് പുഴയിലേക്കെത്തുന്നത്. ഇതു പുഴയുടെ നാശത്തിന് കാരണമാകുന്നു. കഴിഞ്ഞ വര്‍ഷം താല്‍ക്കാലിക തടയണ നിര്‍മാണം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഈ വര്‍ഷത്തോടെ സ്ഥിര തടയണ പൂര്‍ത്തിയാകമെന്ന ഉറപ്പിലാണ് പണി പൂര്‍ത്തിയാക്കിയത്. നാലര മീറ്റര്‍ ഉയരത്തില്‍ സ്ഥിര തടയണ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day