|    Dec 10 Sat, 2016 10:02 pm

ഏറ്റുമുട്ടല്‍ക്കൊല: ഇന്ത്യയില്‍ 10 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 1,654 പേര്‍

Published : 4th November 2016 | Posted By: SMR

ന്യൂഡല്‍ഹി: കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഓരോ രണ്ടു ദിവസവും ഒരാള്‍ എന്ന തോതില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നുവെന്ന് കണക്ക്. 2004 മുതല്‍ 2014 വരെയുള്ള 10 വര്‍ഷ കാലയളവില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ പോലിസും സൈന്യവും 1,654 പേരെ വെടിവച്ചുകൊന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. അതിര്‍ത്തികളില്‍ സായുധസേനയും അര്‍ധസൈന്യവും നടത്തുന്ന ഏറ്റുമുട്ടലില്‍ മരിച്ചവരുടെ കണക്ക് കൂടാതെയാണിത്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും പാര്‍ലമെന്റിലെയും രേഖകളിലാണ് ഈ കണക്ക് വെളിപ്പെടുത്തിയത്. 2014 മുതലുള്ള ഔദ്യോഗിക കണക്ക് ലഭ്യമല്ല. അതേസമയം, അടുത്തിടെ പാര്‍ലമെന്റിലെ ഒരു ചോദ്യത്തിന് മറുപടി പറയവെ, 2014 ഏപ്രിലിനും ജൂണിനും ഇടയിലുള്ള മൂന്നുമാസത്തിനിടെ എട്ടുപേര്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞിരുന്നു. ഇതിനൊപ്പം വ ന്‍തോതില്‍ കസ്റ്റഡിമരണങ്ങള്‍ നടന്നതായും രേഖകള്‍ പറയുന്നു. 2013-14 മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെയുള്ള കാലയളവില്‍ 470 പേരാണ് പോലിസ് കസ്റ്റഡിയില്‍ കഴിയവെ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം രാജ്യത്താകെ 55,000 കേസുകളാണ് പോലിസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നും രേഖകളിലുണ്ട്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലും നടക്കുന്ന വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ പലതും ഔദ്യോഗിക രേഖകളില്‍ പോലുമില്ല. ഈ മേഖലയിലെ വിവിധ കേസുകള്‍ നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
ആഗസ്തില്‍ കേസ് പരിഗണിക്കുന്നതിനിടെ മണിപ്പൂരില്‍ സൈന്യവും പോലിസും പങ്കാളികളായ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസുകളില്‍ സമഗ്രാന്വേഷണം വേണമെന്ന് സുപ്രിംകോടതി അഭിപ്രായപ്പെട്ടിരുന്നു.
മണിപ്പൂരില്‍ 2000-2012 കാലയളവില്‍ കൊല്ലപ്പെട്ട 1,528 പേരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജികളാണ് കോടതി മുമ്പാകെയുള്ളത്. ഇതിനു പുറമേ, നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2003-2006 കാലയളവിലുണ്ടായ 24 വ്യാജ ഏറ്റുമുട്ടല്‍ കേസും സുപ്രിംകോടതിയിലുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക