|    Dec 8 Thu, 2016 1:39 am
FLASH NEWS

ഏറെനേരം ജനങ്ങളെ ഭീതിയിലാഴ്ത്തി മലയോരത്തെ മോക്ഡ്രില്‍

Published : 29th October 2016 | Posted By: SMR

ഇരിട്ടി:  ഇന്നലെ രാവിലെ 10ഓടെ അഗ്നിശമനസേനാ വാഹനങ്ങളുടെയും ആംബുലന്‍സുകളുടെയും പരക്കം പാച്ചില്‍ ഇരിട്ടിയിലെയും മലയോര മേഖലയിലെയും ജനങ്ങളെ ഏറെനേരം ഭീതിയിലാഴ്ത്തി. സംഭവം അന്വേഷിച്ച് പോലിസ് സ്‌റ്റേഷനിലേക്കും ഫയര്‍ സ്റ്റേഷനിലേക്കും വിളിച്ചവര്‍ക്കെല്ലാം അയ്യന്‍കുന്ന് പഞ്ചായത്തിലെ കേരള-കര്‍ണാടക അതിര്‍ത്തിയായ ഉരുപ്പുംകുറ്റിയില്‍ ഉരുള്‍പൊട്ടല്‍ നടന്നതായും അഞ്ചുപേര്‍ ഒഴുക്കില്‍പ്പെട്ടെന്നുമുള്ള വിവരമാണ് ലഭിച്ചത്. ഇരിട്ടിയില്‍നിന്നും പേരാവൂരില്‍നിന്നും അഗ്‌നിശമനസേനാ വാഹനങ്ങളും അഞ്ചു ആംബുലന്‍സുകളുമാണ് ഇരിട്ടി പാലം കടന്ന് എടൂര്‍ വഴി കരിക്കൊട്ടക്കരിക്ക് അപ്പുറത്തെ മലയോര ഗ്രാമമായ ഉരുപ്പുംകുറ്റിയിലേക്ക് കുതിച്ചത്. വാഹനങ്ങളുടെ പരക്കംപാച്ചില്‍ കണ്ട് അമ്പരന്ന ജനത്തിന്  ഒടുവില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ റവന്യൂവകുപ്പ് സംഘടിപ്പിച്ച മോക് ഡ്രില്ലാണു ഇതെന്ന് ബോധ്യപ്പെട്ടതോടെയാണ് ശ്വാസം വീണത്.  മലയോരത്തു ഒരു മേഘവിസ്‌ഫോടനമോ  ഉരുള്‍ പൊട്ടലോ മറ്റു ദുരന്തങ്ങളോ ഉണ്ടായാല്‍ വിവിധ വകുപ്പുകളും ജനങ്ങളും മറ്റും എങ്ങനെയാണ് ഉണര്‍ന്നു പ്രവര്‍ത്തിക്കുക എന്നറിയാന്‍ വേണ്ടിയായിരുന്നു മോക്ക് ഡ്രില്‍. ഉരുള്‍പൊട്ടല്‍ വിവരം പരന്നതോടെ നാട്ടുകാര്‍ കിട്ടിയ വാഹനങ്ങളില്‍ സ്ഥലത്തേക്ക് കുതിച്ചു. ഈ മേഖലയിലെ പോലിസ് സ്‌റ്റേഷനുകളിലും വ്യക്തമായ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പോലിസും അയ്യന്‍കുന്ന് പഞ്ചായത്ത് അധികൃതരും  മറ്റും  സംഭവസ്ഥലത്തേക്ക് കുതിച്ചു. എല്ലാവരും സ്ഥലത്ത് എത്തിയപ്പോഴാണ് സംഭവം മോക്ക് ഡ്രില്‍ ആണെന്ന് ബോധ്യപ്പെട്ടത്. റവന്യൂ വകുപ്പ്  ഉരുപ്പുംകുറ്റി പുഴയില്‍ കെട്ടിയ താല്‍ക്കാലിക തടയണ തുറന്നുവിട്ട് അഗ്‌നിശമന സേനയേയും പോലിസിനെയും മറ്റു വകുപ്പുകളെയും വിവരമറിയിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day