|    Dec 7 Wed, 2016 5:54 pm
FLASH NEWS

ഏക സിവില്‍കോഡ്: അഭിപ്രായം തേടി നിയമ കമ്മീഷന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു

Published : 27th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച ചോദ്യാവലിയോടുള്ള നിലപാട് അറിയിക്കണമെന്ന് സംസ്ഥാനങ്ങളോടും രാഷ്ട്രീയപ്പാര്‍ട്ടികളോടും ദേശീയ നിയമ കമ്മീഷന്‍. ഇക്കാര്യം അറിയിച്ച് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ദേശീയ-സംസ്ഥാനപദവിയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും കമ്മീഷന്‍ കത്തയച്ചു.
മതസംഘടനകള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ (എന്‍ജിഒ), വനിതാ സംഘടനകള്‍, വിവിധ രാഷ്ട്രീയ കക്ഷികള്‍, പൗരാവകാശ സംഘടനകള്‍ എന്നിവയുടെ അഭിപ്രായങ്ങള്‍ പരമാവധി തേടണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് ബി എസ് ചൗഹാന്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ആരെയും മുറിപ്പെടുത്താതിരിക്കാനും എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്നതിനും അഭിപ്രായം അറിയുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നു കമ്മീഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ബിഎസ്പി അധ്യക്ഷ മായാവതി എന്നീ ദേശീയകക്ഷി നേതാക്കള്‍ക്കും മുസ്‌ലിംലീഗ് അധ്യക്ഷന്‍ ഇ അഹമ്മദ്, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി തുടങ്ങിയവര്‍ക്കുമാണ് കത്ത് അയച്ചിരിക്കുന്നത്. അടുത്ത മാസം 21നു മുമ്പായി നിലപാട് അറിയിക്കാനാണ് കത്തിലെ നിര്‍ദേശം.
കമ്മീഷന്‍ ചെയര്‍മാന്റെ കത്തിനൊപ്പം ചോദ്യാവലിയുടെ പകര്‍പ്പും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പട്ടികയിലെ ചോദ്യങ്ങള്‍ക്കു പുറമേ മറ്റേതെങ്കിലും അഭിപ്രായമോ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏകീകൃത വ്യക്തിനിയമം കൊണ്ടുവരേണ്ടതുണ്ടോ, നിലവിലെ വ്യക്തിനിയമം തന്നെ തുടരണോ, ഏക സിവില്‍കോഡ് ലിംഗനീതി ഉറപ്പാക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ അടങ്ങിയ പട്ടിക ഈ മാസം 7നാണ് നിയമ കമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day