|    Oct 28 Fri, 2016 3:44 pm
FLASH NEWS

എസ് എ ആര്‍ ഗീലാനിക്ക് ജാമ്യം

Published : 20th March 2016 | Posted By: SMR

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു, മഖ്ബൂല്‍ ഭട്ട് അനുസ്മരണത്തിനിടെ പ്രസ് ക്ലബ്ബില്‍ മുദ്രാവാക്യം വിളിച്ചെന്ന കേസില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഗീലാനിക്കു ജാമ്യം. അരലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണു പട്യാല ഹൗസ് കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജി ദീപക് ഖാര്‍ഗ് ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷയെ ഇന്നലെയും ഡല്‍ഹി പോലിസ് ശക്തമായി എതിര്‍ത്തു. പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത് രാജ്യത്തിന്റെ ആത്മാവിനു നേരെയുള്ള ആക്രമണമാണെന്നും കോടതിയലക്ഷ്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കശ്മീര്‍. എന്നാല്‍ സുപ്രിംകോടതി വിധിപ്രകാരം വധശിക്ഷയ്ക്കിരയായ അഫ്‌സല്‍ ഗുരുവിനെയും മഖ്ബൂല്‍ ഭട്ടിനെയും മഹത്വവല്‍കരിക്കുകയാണ്. ഇതു ജനങ്ങള്‍ക്കിടയില്‍ ഇരുവര്‍ക്കും വീരപരിവേഷം ഉണ്ടാവാന്‍ സാധ്യതയുണ്ട്. നേരത്തെ ജെഎന്‍യുവില്‍ സംഭവിച്ചതിന്റെ മറ്റൊരു പതിപ്പാണ് ഡല്‍ഹി പ്രസ് ക്ലബ്ബില്‍ നടന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഗീലാനി രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുകയോ മുദ്രാവാക്യം വിളിക്കാന്‍ ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ അഡ്വ. സതീഷ് താംതെ വാദിച്ചു. കോടതി വിധികളെ വിമര്‍ശിക്കുന്നത് കോടതിയലക്ഷ്യമല്ല. വിവാദ മുദ്രാവാക്യം വിളിച്ചവരെ പ്രസ് ക്ലബ്ബ് അധികൃതര്‍ ഇടപെട്ടു തടഞ്ഞെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഹാളില്‍ നിന്ന് പുറത്തുപോവാനുള്ള പ്രസ് ക്ലബ്ബ് ഭാരവാഹികളുടെ നിര്‍ദേശം സംഘാടകര്‍ അനുസരിച്ചു. കശ്മീര്‍ വിഷയം ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത ബൗദ്ധിക സംവാദമായിരുന്നു അത്. രാഷ്ട്രീയത്തടവുകാരുടെ മോചനം സംബന്ധിച്ച സമിതിയുടെ ദേശീയ ഉപാധ്യക്ഷനെന്ന നിലയില്‍ പരിപാടിയുടെ സംഘാടകരില്‍ ഒരാളാണ് ഗീലാനി. പ്രോസിക്യൂഷന്‍ ആരോപിക്കുന്ന വിധത്തിലുള്ള സംഘര്‍ഷാവസ്ഥയോ കലാപത്തിന് ആഹ്വാനംനല്‍കുന്ന പ്രസംഗമോ അവിടെയുണ്ടായില്ല.
ഫെബ്രുവരി 10നാണ് പ്രസ് ക്ലബ്ബില്‍ വിവാദ പരിപാടി നടന്നത്. 16ന് ഗീലാനിയെ പോലിസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഒരുമാസത്തോളം ജയിലിലായിരുന്നു. കേസന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായിരിക്കാനാണു സാധ്യത. അതിനാല്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ഗീലാനിക്ക് കഴിയില്ലെന്നും ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും താംതെ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day