|    Oct 25 Tue, 2016 7:29 pm

എല്‍ബിഡബ്ല്യു നാളെ റിലീസ് ചെയ്യും; കഠിനാധ്വാനത്തിന്റെ മികവില്‍ ഒരു സിനിമയുടെ പിറവി

Published : 25th August 2016 | Posted By: SMR

തിരുവനന്തപുരം: കഠിനാധ്വാനത്താല്‍ സ്വരൂപിച്ച പണം കൊണ്ട് കൂട്ടുകാര്‍ നിര്‍മിച്ച സിനിമയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്. തിരുവനന്തപുരത്തെ കലാകാരന്‍മാരായ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് പൂര്‍ത്തിയാക്കിയ എല്‍ബിഡബ്ല്യു എന്ന സിനിമയാണു സമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ചാനലുകളിലെ കോമഡി പരിപാടികളില്‍ പങ്കെടുത്തും കൂലിപ്പണി ചെയ്തും സ്വരൂപിച്ച കാശു കൊണ്ടാണ് ഒരു കൂട്ടം യുവാക്കള്‍ സിനിമാമോഹം സഫലമാക്കിയത്.
വെള്ളിയാഴ്ച കേരളത്തിലെ 20 പ്രമുഖ തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ് എല്‍ബിഡബ്ല്യു. നവാഗത സംവിധായകന്‍ ബി എന്‍ ഷജീര്‍ ഷാ ആണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് ശിവയുടെ ഐന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ മുസ്തഫ, മലയാള സിനിമയില്‍ നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശ്രീകുമാര്‍ എന്നിവരാണു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം മറ്റു വേഷങ്ങള്‍ ചെയ്തിരിക്കുന്നത് ഷബീര്‍, ദീപു, പ്രമോദ് ദാസ്, പ്രശാന്ത്, ഏക് ത, സിദ്ധാര്‍ഥ്, നീതു ലാല്‍, വന്ദന, നിതീഷ്, അബ്ദുല്‍ കലാം, വിന്ധുജ എന്നിങ്ങനെ തലസ്ഥാനത്തെ യുവനിരയാണ്. കഥയും തിരക്കഥയുമെല്ലാം തയ്യാറായിട്ടും ഷൂട്ടിങ് തുടങ്ങാന്‍ പണമില്ലാതെ വിഷമിച്ച യുവാക്കള്‍ക്ക് ഉണ്ണികൃഷ്ണനെന്ന സുഹൃത്തിന്റെ കൈത്താങ്ങാണു തുണയായത്.
വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്‍ തന്റെ ശമ്പളവും മറ്റുപലരില്‍ നിന്നു കടം വാങ്ങിയ പണവും സിനിമയ്ക്കു വേണ്ടി ചെലവഴിച്ചതോടെ യുവാക്കളുടെ സിനിമാമോഹം പൂവണിഞ്ഞു. ഓരോ മാസവും ദുബയില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ അയച്ചു കൊടുത്ത പണം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പല ഘട്ടങ്ങളിലായി നടന്നത്. ഒടുവില്‍ ഒമ്പതു മാസത്തെ പ്രയത്‌നത്തിനൊടുവില്‍ സിനിമ റിലീസിനൊരുങ്ങുകയാണ്.
പ്രണയത്തിന്റെ മൂന്നു വ്യത്യസ്ത ഭാവങ്ങളാണ് എല്‍ബിഡബ്ല്യുവിന്റെ പ്രമേയം. രഞ്ജിത്ത് മുരളിയെന്ന 21കാരനാണു ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് സുഹാസ് രാജേന്ദ്രനും. ദുബയിലെ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായ ഷാഹിദ എന്‍ ബഷീറാണ് ചിത്രത്തിനു ഗാനമെഴുതിയത്. ഷാ ബ്രദേഴ്‌സ് സംഗീതവും ചന്തു മിത്ര പശ്ചാത്തല സംഗീതവും ഒരുക്കി. അദൈ്വത് ക്രിയേഷന്‍സിന്റെ ബാനറിലാണു ചിത്രം തിയേറ്ററിലെത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day