|    Oct 28 Fri, 2016 11:17 pm
FLASH NEWS

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റ് എട്ടിന്; സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ നൂതനപദ്ധതികള്‍

Published : 4th July 2016 | Posted By: SMR

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഈ മാസം എട്ടിന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് അവതരിപ്പിക്കും. രൂക്ഷമായ സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിനായി ധനസമാഹരണത്തിന് ബജറ്റില്‍ നൂതനപദ്ധതികള്‍ നിര്‍ദേശിക്കും. ഹ്രസ്വകാല- ദീര്‍ഘകാല പദ്ധതികളാവും ആവിഷ്‌കരിക്കുക.
ആദ്യ ബജറ്റായതിനാല്‍ പുതിയ നികുതി നിര്‍ദേശങ്ങളൊന്നുമുണ്ടാവില്ലെങ്കിലും നികുതി വെട്ടിപ്പ് തടയാന്‍ പ്രത്യേക മാര്‍ഗങ്ങള്‍ അവലംബിക്കും. കേന്ദ്രസര്‍ക്കാരിന്റെ വായ്പാനിയന്ത്രണം മറികടക്കാനുള്ള ആശയങ്ങളും ബജറ്റിലുണ്ടാവും. സംസ്ഥാനത്തിന്റെ ധനസ്ഥിതി വിശദീകരിച്ച് കഴിഞ്ഞദിവസം ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രം കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധിയുടെ നേര്‍രേഖയായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നികുതിപിരിവ് താളംതെറ്റിയെന്നാണ് ധവളപത്രം കുറ്റപ്പെടുത്തിയത്. നികുതിപിരിവിലെ വളര്‍ച്ച 17.4 ശതമാനത്തില്‍നിന്ന് 12 ശതമാനത്തിലേക്ക് താഴ്ന്നത് റവന്യൂവരുമാനത്തെ കാര്യമായി ബാധിച്ചു. അശാസ്ത്രീയമായ നികുതികള്‍ പുനക്രമീകരിക്കുന്നതുള്‍െപ്പടെയുള്ള ചില പൊടിക്കൈകളുള്‍പ്പെടുന്നതാവും ബജറ്റ്. അതേസമയം, ജനക്ഷേമകരമായ പദ്ധതികള്‍ തുടരാനുള്ള പ്രഖ്യാപനമൊഴികെ പുതിയ പദ്ധതി പ്രഖ്യാപനങ്ങള്‍ കാര്യമായുണ്ടാവാന്‍ സാധ്യതയില്ല. പണമില്ലാതെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് ധനകാര്യമാനേജ്‌മെന്റിലുള്ള പാളിച്ചയാണെന്ന് ധവളപത്രത്തില്‍ത്തന്നെ ധനമന്ത്രി സൂചിപ്പിച്ചിരുന്നു. അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിച്ച് നികുതി ചോര്‍ച്ച തടയാനുള്ള നീക്കവും ബജറ്റിലുണ്ടാവും. നികുതി വരുമാനത്തില്‍ 20-25 ശതമാനം വളര്‍ച്ചയാണ് തോമസ് ഐസക് ലക്ഷ്യംവയ്ക്കുന്നത്. ഇതിനായി കടകള്‍ കയറി പരിശോധിച്ച് കച്ചവടക്കാരെ ബുദ്ധിമുട്ടിക്കാതെ സാങ്കേതികവിദ്യയുടെ സഹായം ഉപയോഗപ്പെടുത്തിയുള്ള പദ്ധതിക്കാണ് നീക്കം.
ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ നടപ്പാക്കിയ ലക്കിവാറ്റ് മാതൃകയിലുള്ള സമ്മാനപദ്ധതിയാണ് ഇതിലൊന്ന്. ഉപഭോക്താക്കള്‍ ബില്ലുവാങ്ങി മൊബൈലില്‍ ഫോട്ടോയെടുത്ത് പ്രത്യേക ആപ്പുവഴി നികുതിവകുപ്പിന്റെ സര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യുക. കിട്ടുന്ന ബില്ലുകളുടെ ഒരുശതമാനം കംപ്യൂട്ടര്‍തന്നെ തിരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കും. ബില്ലുവാങ്ങുന്ന ശീലം ഉപഭോക്താക്കളിലുണ്ടാക്കി നികുതി സമാഹരണം സുഗമമാക്കുകയാണ് ലക്ഷ്യം. വ്യാപാരികള്‍ അവരെഴുതുന്ന ബില്ലുകള്‍ തല്‍സമയംതന്നെ നികുതിവകുപ്പിന് അപ്‌ലോഡ് ചെയ്യണം. കംപ്യൂട്ടര്‍ ബില്ലിങുള്ള വ്യാപാരികള്‍ക്കാവും ആദ്യം ഇത് നിര്‍ബന്ധമാക്കുക.
ചെക്ക്‌പോസ്റ്റുകള്‍ ആധുനികവല്‍ക്കരിച്ച് നികുതി ചോര്‍ച്ച തടയാനുള്ള നിര്‍ദേശവും ബജറ്റില്‍ മുന്നോട്ടുവയ്ക്കും. വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഐസക്ക് തന്നെ മുന്‍കൈയെടുത്ത് നടപ്പാക്കിയ അഴിമതിരഹിത വാളയാറിന്റെ പരിഷ്‌കരിച്ച പതിപ്പ് എല്ലാ ചെക്ക്‌പോസ്റ്റുകളിലും നടപ്പാക്കും.
മൂലധനചെലവിന് വിപണിയില്‍നിന്ന് ഫണ്ട് സമാഹരിക്കാന്‍ ബജറ്റില്‍തന്നെ വ്യവസ്ഥ ചെയ്യും. പിന്നീട് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍സ് രൂപീകരിച്ച് നിക്ഷേപം സമാഹരിക്കുകയാണ് ലക്ഷ്യം. നേരത്തേ ധനമന്ത്രിയായപ്പോള്‍ സാമ്പത്തിക മാന്ദ്യവിരുദ്ധപാക്കേജ് എന്ന നിലയില്‍ സമാനമായ നിര്‍ദേശം ബജറ്റിലൂടെ ഐസക്ക് മുന്നോട്ടുവച്ചിരുന്നു. റോഡ് വികസനം, പാലങ്ങള്‍, വിമാനത്താവളങ്ങളുടെ വികസനം, റെയില്‍വേ, ഐടി തുടങ്ങിയ മേഖലകളിലെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്തി ധനസമാഹരണം നടത്താനും പദ്ധതിയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day