|    Oct 23 Sun, 2016 11:38 pm
FLASH NEWS

എല്‍ഡിഎഫ്+ നയവ്യതിയാനം = കിഫ്ബി

Published : 27th September 2016 | Posted By: SMR

14ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്റെ ആദ്യദിനം സ്വാശ്രയവും കിഫ്ബിയും കൈയടക്കി. സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്ന മാണി ഗ്രൂപ്പും നടപടിക്രമങ്ങളില്‍ പങ്കാളികളായി. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഭേദഗതി ബില്ല്, കേരള അടിസ്ഥാനസൗകര്യ നിക്ഷേപനിധി ഭേദഗതി(കിഫ്ബി) ബില്ല് എന്നിവയും ചര്‍ച്ചയ്‌ക്കെടുത്തു. ചോദ്യോത്തരവേളയ്ക്ക് ശേഷം പ്രതീക്ഷിച്ചതുപോലെ സ്വാശ്രയ കരാറിനെ ചൊല്ലിയുള്ള ബഹളത്തോടെയാണ് സഭാനടപടികള്‍ ആരംഭിച്ചത്.
പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നതോടെ സഭാനടപടികള്‍ സ്തംഭിച്ചു. ഇതിനിടെ ഞാനൊന്നുമറിഞ്ഞില്ല രാമാനാരായണ എന്ന മട്ടില്‍ കെ എം മാണി സഭയില്‍ നിന്നിറങ്ങിപ്പോയി. സ്തംഭനാവസ്ഥ ഉടലെടുക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളിലേതുപോലെ നടപടികള്‍ വേഗത്തിലാക്കി സഭ വേഗത്തില്‍ പിരിയുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചെങ്കിലും പ്രതിപക്ഷനേതാവ് സമാധാനപ്രിയന്റെ റോളിലേക്ക് മാറിയതോടെ അത്രനേരം കുത്തിയിരുന്ന പ്രതിപക്ഷ എംഎല്‍എമാര്‍ നിരാശയോടെ സീറ്റിലേക്കു മടങ്ങി. മുഖ്യമന്ത്രിയുടെ വാചകക്കസര്‍ത്തും കൂടിയായതോടെ യുഡിഎഫ് നേതാക്കള്‍ സംതൃപ്തരായി.
സ്വാശ്രയത്തില്‍ കത്തിജ്വലിച്ച പ്രതിപക്ഷരോഷം വളരെ പെട്ടെന്ന് കെട്ടടങ്ങി. വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങളെ ബാങ്ക് ഉദ്യോഗസ്ഥരും റിലയന്‍സ് കമ്പനിയും റവന്യുവകുപ്പ് ഉദ്യോഗസ്ഥരും പീഡിപ്പിക്കുകയാണെന്ന് സബ്മിഷനിടെ പിസി വൈകാരികമായി അറിയിച്ചു. അണമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് ഈ ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും പിസി പറഞ്ഞു.
ചേര കടിക്കാനായി പുറപ്പെടേണ്ടതില്ലെന്നും ഈ കാര്യങ്ങളില്‍ നടപടിയുണ്ടാവുമെന്നും പിസിയെ മുഖ്യമന്ത്രി സാന്ത്വനിപ്പിച്ചു. തുടര്‍ന്നു പരിഗണനയ്‌ക്കെടുത്ത ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടെങ്കിലും പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും മന്ത്രിമാര്‍ക്ക് അടിപതറി.
മദ്യഉല്‍പാദനമോ വിപണനമോ ആയി ബന്ധമുള്ളവര്‍ക്ക് ദേവസ്വം ബോര്‍ഡ് അംഗത്വത്തിനുള്ള നിലവിലെ അയോഗ്യത നീക്കിയുള്ള ഭേദഗതി ആരെയോ ലക്ഷ്യംവച്ചാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഈ ചര്‍ച്ച നടക്കുമ്പോള്‍ ഏതോ സൗഭാഗ്യന്‍ ഗുഹയിലിരുന്ന് ചിരിക്കുകയാണ്. ദൈവത്തിന്റെ മേലുള്ള മദ്യത്തിന്റെ അധിനിവേശം ഒഴിവാക്കി ദൈവത്തെയെങ്കിലും വെറുതേവിടൂവെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
നിയമസഭയെ ബൈപാസ് ചെയ്താണ് കേരള അടിസ്ഥാനസൗകര്യ നിക്ഷേപനിധി (കിഫ്ബി) ഭേദഗതി ബില്‍ നടപ്പാക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അടുത്തടുത്ത മണ്ഡലമായിട്ടുപോലും പൊതുമരാമത്ത് മന്ത്രിയുടെ കഴുത്തില്‍ കോടാലി വയ്ക്കുകയാണ് ധനമന്ത്രി. കിഫ്ബി നടപ്പാവുന്നതോടെ പണമൊന്നും ചെലവഴിക്കാനില്ലാതെ കൈയിലൊന്നുമില്ലാത്ത വകുപ്പായി പൊതുമരാമത്ത് മാറുമെന്നും മറ്റു വകുപ്പുകളും ഇതുപോലെയാവുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
കിഫ്ബിയിലൂടെ എല്‍ഡിഎഫിന് നയപരമായ വ്യതിയാനമുണ്ടായി. സ്വകാര്യ, പൊതുമേഖലാ സംരംഭങ്ങളെ രൂക്ഷമായി വിമര്‍ശിച്ച സിപിഎം ഏറെ വൈകാതെ അതിനെയെല്ലാം അംഗീകരിച്ചതിനു തെളിവാണ് കിഫ്ബിയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ ബജറ്റിന്റെ പ്രഖ്യാപനത്തില്‍ കുതിപ്പിന്റെ കുളമ്പടിയെന്ന് പ്രഖ്യാപിച്ച കെഎം മാണി ഇന്ന് കുതിരയുടെ ചവിട്ടേറ്റ് കിടക്കുകയാണെന്നായിരുന്നു പ്രതിപക്ഷ ആരോപണങ്ങളെ ചെറുക്കവേ ജോണ്‍ ഫെര്‍ണാണ്ടസ് സൂചിപ്പിച്ചത്. വിത്തെടുത്ത് കുത്തി കഞ്ഞിവച്ച് മുടിഞ്ഞ കാരണവരെ പ്പോലെയായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വഴി പദ്ധതികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ എല്ലാ മണ്ഡലങ്ങളെയും പരിഗണിക്കുമോ എന്നായിരുന്നു അടുത്തിടെവരെ യുഡിഎഫ് പാളയത്തിലായിരുന്ന മോന്‍സ് ജോസഫിന്റെ സംശയം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day