|    Dec 4 Sun, 2016 11:52 pm
FLASH NEWS

എല്ലാ നോട്ടുകളും കൂടുതല്‍ സുരക്ഷിതമായി പുറത്തിറക്കുമെന്ന് കേന്ദ്രം

Published : 11th November 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: 1000 രൂപയുടേതടക്കം എല്ലാ നോട്ടുകളും പുതിയ രൂപത്തില്‍ കൂടുതല്‍ സുരക്ഷിതമായി അധികം വൈകാതെ തന്നെ പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. പുതിയ നോട്ടുകള്‍ എത്രയും പെട്ടെന്ന് ബാങ്കുകളിലെത്തുമെന്ന് ഉറപ്പുവരുത്തുമെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. നിലവിലുള്ള 1000 രൂപ നോട്ടുകളെല്ലാം അസാധുവാക്കിയിട്ടുണ്ട്.
ഇതിനു പകരം പുതുക്കിയ മാതൃകയില്‍ 1000 രൂപ നോട്ടുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും പുറത്തിറക്കും. ഇപ്പോള്‍ പ്രാബല്യത്തിലുള്ള മറ്റു നോട്ടുകളും പുതുക്കി ഇറക്കാനാണ് തീരുമാനം. റിസര്‍വ് ബാങ്ക് അതിനുള്ള നടപടികള്‍ സ്വീകരിക്കും. 100 രൂപ, 50 രൂപ, 20 രൂപ, 10 രൂപ നോട്ടുകളും സമീപഭാവിയില്‍ തന്നെ പുതിയ ഡിസൈനോടെ പുറത്തിറക്കുമെന്നും ധനകാര്യ സെക്രട്ടറി അറിയിച്ചു.
തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചുവെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെട്ടു. എല്ലാ തീരുമാനങ്ങളും കൂടിയാലോചനകള്‍ക്കു ശേഷമാണ് കൈക്കൊണ്ടത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യദിവസങ്ങളില്‍ തന്നെ നോട്ടുകള്‍ മാറാന്‍ എല്ലാവരും ബാങ്കിലേക്കു പോവേണ്ടതില്ല. നോട്ടുകള്‍ മാറാന്‍ ആവശ്യത്തിന് സമയമുണ്ട്. ഇടപാടുകാര്‍ക്ക് പ്രയാസമില്ലാതിരിക്കാന്‍ റിസര്‍വ് ബാങ്ക് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി വാരാന്ത്യങ്ങളില്‍ ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം പരിഗണിക്കുമ്പോള്‍ വലിയ ഇടപാടുകള്‍ക്ക് വലിയ നോട്ടുകള്‍ ആവശ്യമാണ്. അതിനാലാണ് 2,000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്. ബാങ്കുകള്‍ പരമാവധി തുറന്നിരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ബാങ്ക് ചെക്ക് വഴി കൂലി നല്‍കുന്ന ശീലം വളര്‍ത്തിയെടുക്കണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം ജനങ്ങളുടെ ചെലവാക്കാനുള്ള ശീലത്തില്‍ പ്രതിഫലിക്കും. കണക്കില്‍പ്പെടാത്ത വലിയ തുക കൈയില്‍ സൂക്ഷിച്ചിരിക്കുന്നവര്‍ക്കേ ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതുതായി പുറത്തിറക്കിയ 2000 രൂപ നോട്ടുകളില്‍ സിഗ്നല്‍ പ്രതിഫലിപ്പിക്കുന്ന ഏതെങ്കിലും ചിപ്പുകള്‍ ഘടിപ്പിച്ചിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. നോട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതാണെന്നും ഇക്കാര്യത്തില്‍ സംശയത്തിന് ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പുറത്തിറങ്ങിയ വാര്‍ത്ത വന്നതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രചാരണങ്ങള്‍ വ്യാപകമായി നടന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day