|    Dec 6 Tue, 2016 5:40 pm
FLASH NEWS

‘ എല്ലാവരെയും കൊന്നേക്ക്’ , സിമി തടവുകാരെ കൊലപ്പെടുത്താനുള്ള വയര്‍ലെസ് സന്ദേശം പുറത്ത്

Published : 3rd November 2016 | Posted By: Navas Ali kn

simi

ന്യൂഡല്‍ഹി: ഭോപ്പാല്‍ തടവുകാരെ കൊലപ്പെടുത്താന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കുന്ന വയര്‍ലെസ് സന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പുകള്‍ പുറത്ത്. അച്ചാര്‍പുര ഗ്രാമത്തില്‍ ഇവരെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് പോലിസ് നടത്തിയ വയര്‍ലെസ് ആശയ കൈമാറ്റമാണ് പുറത്തായത്. എല്ലാവരെയും കൊന്നു കളയാന്‍ ചൗഹാന്‍ സാഹബ് നിര്‍ദ്ദേശിച്ചുവെന്ന് വയര്‍ലെസിലൂടെ കണ്‍ട്രോള്‍ റുമില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ ഓഡിയോ ക്ലിപ്പില്‍ വ്യക്തമാണ്. പോലിസിന് ഇവരെ അറസ്റ്റ് ചെയ്യാന്‍ യാതൊരു ഉദ്ദേശമുണ്ടായിരുന്നില്ലെന്നും ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്നും സന്ദേശത്തില്‍ നിന്ന് വ്യക്തമാണ്. പ്രദേശത്തേക്ക് ആംബുലന്‍സ് വിളിക്കുന്നത് സംബന്ധിച്ച ഒരു തര്‍ക്കവും കേള്‍ക്കാം. ആരെങ്കിലും വെടിവയ്പ്പില്‍ കൊല്ലപ്പെടാതിരുന്നാല്‍ അവരെ ആശുപത്രിയിലെത്തിക്കാനാണ് ആംബുലന്‍സ്. എന്നാല്‍ ആംബുലന്‍സ് ആവശ്യമില്ലെന്നും അതിനും സര്‍ക്കാര്‍ പണം ചിലവാക്കേണ്ടേ എന്നുമാണ് ചില പോലിസുകാര്‍ പറയുന്നത്.
ഒരു മിനിറ്റും 24 സെക്കന്റും, 9 മിനിറ്റും 22 സെക്കന്റും ദൈര്‍ഘ്യം വരുന്ന രണ്ടു ക്ലിപ്പുകളാണ് പുറത്തു വന്നത്. മൊബൈല്‍ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവയാണ് ക്ലിപ്പുകള്‍. ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് ആരെയും അടുപ്പിക്കരുതെന്നും വ്യാജഏറ്റുമുട്ടല്‍ വേണ്ടി വന്നാല്‍ അത് തടസ്സമാകുമെന്നും ഒരു ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. എല്ലാവരെയും കൊല്ലേണ്ടെന്നും ഒരാളെ കൊല്ലാതെ ബാക്കിയാക്കാമെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെടുന്നു. ഒരാള്‍ ചിരിക്കുന്ന ശബ്ദത്തോടെയാണ് ക്ലിപ്പ്  തുടങ്ങുന്നത്. അഞ്ചു തടവുകാരും ഒന്നിച്ച് ഓടിപ്പോകുന്നുണ്ടെന്ന് അയാള്‍ പറയുന്നു. അവരെ വളയാനും രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും മറുവശത്ത് നിന്ന് നിര്‍ദ്ദേശം വരുന്നു. അവരിങ്ങോട്ട് വെടിവയ്ക്കാതെ അങ്ങോട്ട് വെടിവയ്‌ക്കേണ്ടതില്ലെന്ന് ഇതിനിടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശം നല്‍കുന്നത് കേള്‍ക്കാം.
ചൗഹാന്‍ സാബ് അവര്‍ വെടിവയ്പ്പ് തുടങ്ങി എന്നാണ് ഇതിനുള്ള മറുപടി. എല്ലാവരെയും കൊന്നു കളയാനാണ് സാഹബ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ഉടന്‍ നിര്‍ദ്ദേശം വരുന്നു. ഇതിനിടെ മറ്റൊരു ശബ്ദം ഞങ്ങള്‍ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണെന്നും എല്ലാവരെയും ഇന്ന് കൊല്ലണമെന്നും പറയുന്നുണ്ട്. എല്ലാം തീര്‍ന്നു, വരേണ്ടെന്നാണ് ഇതിനുള്ള മറുപടി. എസ്.പി അവിടേയ്ക്ക് വരുന്നുണ്ടെന്നും സന്ദേശത്തിലുണ്ട്. അഞ്ചു പേരെ കണ്ട ഉടനെ വെടിവച്ചുകൊന്നുവെന്നും മുന്നുപേര്‍ വ്യത്യസ്ഥ ഭാഗത്തേക്ക് ഓടിയെങ്കിലും അവരെയും കൊന്നുവെന്നും മറ്റൊരു ശബ്ദം പറയുന്നു. സിമി പ്രവര്‍ത്തകരെ വെടിവെച്ചു കൊന്നതിനു ശേഷം പോലിസുകാര്‍ പരസ്പരം അഭിനന്ദിക്കുന്നതും ഓഡിയോ ക്ലിപ്പില്‍ വ്യക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,711 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day