|    Dec 7 Wed, 2016 6:02 pm
FLASH NEWS

എറണാകുളം പ്രീമെട്രിക് പഴയഹോസ്റ്റല്‍വിസ്മൃതിയിലേയ്ക്ക്

Published : 9th November 2016 | Posted By: SMR

കൊച്ചി: തിരുകൊച്ചിയുടെ പ്രതാപകാല സ്മരണകളുമായി കൊച്ചി കായലിനു മുന്‍പില്‍തല ഉയര്‍ത്തി നിന്നിരുന്ന എറണാകുളത്തെ ആദ്യ പ്രീമെട്രിക് ഹോസ്റ്റല്‍ വിസ്മൃതിയിലേയ്ക്ക്്്. ഹോസ്റ്റല്‍ പുതിയ കെട്ടിടത്തിലേക്ക് മാറിയതിനു പിന്നാലെ പഴയ കെട്ടിടം പൊളിച്ചു നീക്കുകയാണ് അധികൃതര്‍. ഇതോടെ രാജ്യത്തിന്റെ സ്വാതന്ത്ര ചരിത്രത്തോളം പഴക്കമുള്ള കെട്ടിടമാണ് ഓര്‍മ്മയാവുന്നത്. രാഷ്ട്രീയ സാമൂഹിക രംഗത്തുള്‍പ്പെടെ നിരവധി പ്രമുഖരുടെ വാസസ്ഥലമായിരുന്നു ഒരുകാലത്ത്് എറണാകുളം പ്രമീമെട്രിക് ഹോസ്റ്റല്‍. എറണാകുളം ജില്ല രൂപീകരിക്കുന്നതിനു മുന്‍പേ തുടങ്ങുന്നതാണ് ഹോസ്റ്റലിന്റെ ചരിത്രം. കൊച്ചി രാജ്യത്തെ നിരവധി ദലിത് പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളി ആയിരുന്ന കെ പി വള്ളോന്റെ ശ്രമഫലമാണ് പിന്നാക്ക വിഭാഗങ്ങള്‍ക്കായി 1938ല്‍ എറണാകുളത്ത് ഹോസ്റ്റല്‍ ആരംഭിച്ചത്. അക്കാലത്ത് തിരുകൊച്ചിയുടെ അഭിമാനമായിരുന്നു ഹോസ്റ്റല്‍. നഗരത്തിലെ പ്രമുഖ കോളജുകളിലെയും മറ്റും വിദ്യാര്‍ഥികളായിരുന്നു ഹോസ്റ്റലിലെ താമസക്കാര്‍. പില്‍കാലത്ത് വിവിധ സര്‍ക്കാരുകള്‍ മാറി മാറി വന്നെങ്കിലും ഹോസ്റ്റലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രം നടന്നില്ല. കുറെയേറെ വരകളും ചിത്രങ്ങളുമായി ഹോസ്റ്റല്‍ കെട്ടിടം നിലകൊണ്ടു. കാലപ്പഴക്കം കൊണ്ട് ഹോസ്റ്റല്‍ കെട്ടിടം ജീര്‍ണാവസ്ഥയിലുമായി. ഇതോടെ ഹോസ്റ്റല്‍ പൊളിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാല്‍ പകരം കെട്ടിടം അനുവദിക്കാതെ പഴയ കെട്ടിടം പൊളിക്കാനാവില്ലെന്ന് ദലിത് സംഘടനകള്‍ ശക്തമായ നിലപാടെടുത്തു. ഇതെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ മുന്‍പ് പുതിയ കെട്ടിടത്തിനു സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. പഴയ ഹോസ്റ്റല്‍ കെട്ടിടത്തിനു പിന്നിലായി കോണ്‍ക്രീറ്റ് കെട്ടിടം ഉയര്‍ന്നുവെങ്കിലും പഴയ കെട്ടിടം കായലിനു മുന്നില്‍ തന്നെ നിലകൊണ്ടു. ഇവിടം പിന്നീട് സാമൂഹിക വിരുദ്ധര്‍ താവളമാക്കുകയും ചെയ്തു. ഇതോടെ ഹോസ്റ്റലിലെ കുട്ടികള്‍ക്ക് സുരക്ഷയും മറ്റ് സംവിധാനങ്ങളും ഒരുക്കാനാണ് പഴയ കെട്ടിടം പൊളിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day