|    Dec 5 Mon, 2016 8:05 pm
FLASH NEWS

എരുമേലി വിമാനത്താവള പദ്ധതി നഷ്ടപ്പെടുമോയെന്ന് ആശങ്ക

Published : 19th November 2016 | Posted By: SMR

എരുമേലി: ആറന്മുളയില്‍ സംഭവിച്ചതു പോലെ എരുമേലിയില്‍ വിമാനത്താവള പദ്ധതി വിവാദങ്ങളില്‍ കുരുങ്ങി നഷ്ടപ്പെടുമോയെന്ന് നാട്ടുകാരില്‍ ആശങ്ക ഉണര്‍ന്നു. ആറന്മുളയില്‍ പൈതൃക ഗ്രാമവും പരിസ്ഥിതി പ്രശ്‌നങ്ങളുമാണ് കാരണമായതെങ്കില്‍ എരുമേലിയില്‍ ഈ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്് എരുമേലി വിമാനത്താവളത്തിനായി തിരഞ്ഞെടുത്ത ചെറുവള്ളി എസ്റ്റേറ്റാണ്. എസ്റ്റേറ്റിനെ ചൊല്ലി സര്‍ക്കാരും ബിലീവേഴ്‌സ് ചര്‍ച്ചും തമ്മിലുള്ള ഉടമസ്ഥാവകാശ തര്‍ക്കമാണ് പ്രശ്‌നം. കൂടാതെ പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലിയുണ്ടായിരിക്കുന്ന തര്‍ക്കങ്ങളും വിവാദം നിറയ്ക്കുന്നു. ഇവ രണ്ടും പദ്ധതിയെതന്നെ ഇല്ലാതാക്കിയേക്കുമെന്നാണ് ആശങ്ക. പി സി ജോര്‍ജ് എംഎല്‍എ പദ്ധതിയെ സ്വന്തംനേട്ടമാക്കി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ഇടതുപക്ഷത്തും ബിജെപിയിലും അസ്വസ്തകള്‍ രൂക്ഷമാണ്. സ്ഥലം എംപിയായ ആന്റോ ആന്റണി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടുനല്‍കാന്‍ ബിലീവേഴ്‌സ് ചര്‍ച്ച് തയ്യാറാണ്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പദ്ധതിയില്‍ ചര്‍ച്ചിനു ലഭിക്കുന്ന ഓഹരി പങ്കാളിത്തത്തിന്റെ നിരക്കില്‍ ധാരണയായാല്‍ ഔദ്യോഗിക അറിയിപ്പ് പുറത്തുവരും. എസ്റ്റേറ്റ് അനധികൃത ഭൂമിയാണെന്നാണ് ഇതുവരെ കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.  ചര്‍ച്ചുമായി ധാരണയായാല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലിരിക്കുന്ന ഉടമസ്ഥാവകാശ തര്‍ക്ക കേസില്‍ സര്‍ക്കാരിന് ഇതുമാറ്റി പറയേണ്ടിവരും. അങ്ങനെ തര്‍ക്കം തീര്‍പ്പായാല്‍ വിമാനത്താവള പദ്ധതിക്കു തുടക്കമാവും. എന്നാല്‍ അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന് സര്‍ക്കാര്‍ തന്നെ പറഞ്ഞിരിക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ചിന് ഒടുവില്‍ ഉടമസ്ഥാവകാശം നല്‍കിയും ഓഹരിപങ്കാളിത്തവും അനുവദിച്ച് കൂട്ടുനിന്നെന്ന സര്‍ക്കാരിനെതിരേ പരാതികളും ആരോപണങ്ങളും ഉയരും. ഇത്  ഒഴിവാക്കണമെങ്കില്‍ ബിലീവേഴ്‌സ് ചര്‍ച്ചിനെ നിരുപാധികമായി ഒഴിപ്പിച്ച് എസ്റ്റേറ്റ് കണ്ടുകെട്ടി സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇത് സാധ്യമാക്കണമെങ്കില്‍ കോടതിയിലിലെ തര്‍ക്കം തീര്‍പ്പാക്കി അന്തിമ വിധി സര്‍ക്കാരിന് അനുകൂലമായി ഉണ്ടാവണം. ഇതിനായി വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കവും കേസും ഉടനെയെങ്ങും തീര്‍പ്പാവുമെന്ന് ഉറപ്പില്ലാത്തതിനാല്‍ വിമാനത്താവള പദ്ധതി എങ്ങുമെത്താതെ നീണ്ടുപോവും. ബിലീവേഴ്‌സ് ചര്‍ച്ചിനെ ഉള്‍പ്പെടുത്തി എസ്റ്റേറ്റ് വിമാനത്താവളമാക്കാനുള്ള പദ്ധതിയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. തുടക്കത്തില്‍ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day