|    Dec 11 Sun, 2016 3:48 am

എരഞ്ഞോളി പുഴയോരത്ത് കണ്ടലുകള്‍ നശിപ്പിച്ച് ഭൂമി കൈയേറ്റം

Published : 2nd November 2016 | Posted By: SMR

തലശ്ശേരി: എരഞ്ഞോളി പുഴയോരത്തിന്റെ ഒരു ഭാഗം മണ്ണിട്ട് നികത്തിയും കണ്ടലുകള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചും റവന്യൂ ഭൂമി കൈയേറ്റം. എരഞ്ഞോളി പഞ്ചായത്ത് അതിര്‍ത്തിയിലുള്ള കോമത്ത് പാറാല്‍ വാര്‍ഡിലാണ് വ്യാപക കണ്ടല്‍ നശീകരണവും റവന്യൂ ഭൂമി കൈയേറ്റവും നടത്തി റോഡ് നിര്‍മിക്കുന്നത്.കോമത്ത് പാറാല്‍ റോഡിനു സമീപത്തുള്ള ശ്രീ നാരായണ മഠത്തിന് എതിര്‍വശത്തെ പുഴയോരമാണ് നാലു മീറ്ററോളം വീതിയില്‍ മണ്ണിട്ട് നികത്തുന്നത്. താര്‍ റോഡില്‍ നിന്നു ഏകദേശം 300 മീറ്റര്‍ നീളത്തില്‍ ഇതിനകം നികത്തിക്കഴിഞ്ഞു. നേരത്തേ ഒറ്റയടി നടപ്പാത ഉണ്ടായിരുന്ന ഇവിടെ നിന്ന് മുറിച്ചുമാറ്റിയ തെങ്ങിന്‍ കഷ്ണങ്ങളും പുഴയ്ക്കും പുതുതായി നിര്‍മിച്ച റോഡിനും അതിര്‍ത്തി കണക്കെ ഇട്ടിട്ടുണ്ട്. റോഡ് പൂര്‍ത്തിയാവുന്ന ഭാഗത്ത് 50 സെന്റോളം സ്ഥലം ഗ്രൗണ്ടിന് സമാനമായി ഒഴിഞ്ഞുകിടക്കുകയാണ്. കൊളശ്ശേരി വാവാച്ചി മുക്കിലെ കോലാരി ക്ഷേത്രത്തിന്റെ എതിര്‍വശത്തുള്ള ഇടവഴി റോഡ് മണ്ണിട്ട് നികത്തി നാലു മീറ്റര്‍ വീതിയില്‍ റോഡ് പണിയാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിനായി കണ്ടല്‍ നശിപ്പിക്കുന്നതിന്റെ മുന്നോടിയായി പുഴയോരത്ത് മണ്ണിട്ട് നികത്താന്‍ തുടങ്ങി. എരഞ്ഞോളി പുഴയോരം തൊട്ട് വാവാച്ചി മുക്കിലെ പുഴയോരം വരെയുള്ള വിശാലമായ ഭാഗത്താണ് മൂന്നേക്കര്‍ വിസ്തൃതിയില്‍ റിസോര്‍ട്ട് പണിയാന്‍ ശ്രമം ആരംഭിച്ചിട്ടുള്ളത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിസോര്‍ട്ട് വിപുലീകരിക്കാനാണ് പുഴയോരം നികത്തി റവന്യൂ ഭൂമി കൈയേറി റോഡ് നിര്‍മിക്കുന്നത്. ഭാവിയില്‍ നക്ഷത്ര സമാനമായ റിസോര്‍ട്ട് പണിത് അതുവഴി ബാര്‍ തുറക്കാനുമുള്ള തുടക്കമാണിതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ വിപുലമായ നിര്‍മാണോദ്ദേശത്തിന്റെ ഭാഗമായി പരിസരത്തുള്ള ഭൂമികള്‍ മിക്കവാറും റിസോര്‍ട്ട് മാഫിയ ഇതിനകം വിലയ്ക്കു വാങ്ങിക്കഴിഞ്ഞിട്ടുണ്ട്. പ്രദേശവാസികളുടെ എതിര്‍പ്പിനെ മറികടക്കുകയെന്ന തന്ത്രവും റോഡ് നിര്‍മാണത്തിനു പിന്നിലുണ്ട്. സിആര്‍ഇസെഡ് നിബന്ധന പ്രകാരം കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കേണ്ടതിനാല്‍ വന്‍കിട കെട്ടിട നിര്‍മാണങ്ങള്‍ ഇവിടെ സാധ്യമല്ലെന്നിരിക്കെ പുഴയോരത്തു കൂടെ റോഡ് നിര്‍മിക്കുക വഴി സങ്കേതികമായി നിയമത്തെ മറികടക്കാനും കഴിയും. ഭൂമാഫിയ തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി റവന്യൂ ഭൂമി കൈയേറുമ്പോഴും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക