|    Dec 9 Fri, 2016 10:51 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

എയ്ഡ്‌സ് രോഗിയുടെ രക്തം കുത്തിവച്ച കേസ്: വിചാരണ അടുത്തമാസം

Published : 28th October 2016 | Posted By: SMR

ജിദ്ദ: ചികില്‍സക്കിടെ അബദ്ധത്തില്‍ എയ്ഡ്‌സ് രോഗിയുടെ രക്തം പെണ്‍കുട്ടിക്ക് കുത്തിവച്ചതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രാലയത്തിനെതിരേ ചുമത്തിയ കേസില്‍ അടുത്തമാസം വിചാരണ തുടങ്ങും. നവംബര്‍ 21നാണ് കേസ് പരിഗണിക്കുക. ഗുരുതര വീഴ്ചവരുത്തിയ ആരോഗ്യമന്ത്രാലയം അഞ്ചു കോടി റിയാല്‍ നഷ്ടപരിഹാരം നല്‍കമെന്ന് ആവശ്യപ്പെട്ടാണ് രിഹാം അല്‍ ഹികമി എന്ന പെണ്‍കുട്ടിയുടെ രക്ഷിതാവ് പരാതി നല്‍കിയിരുന്നത്.
പെണ്‍കുട്ടിയിലേക്ക് എയ്ഡ്‌സ് രോഗം പടര്‍ന്നിട്ടില്ലെന്ന് പിന്നീട് പരിശോധനയില്‍ വ്യക്തമായെങ്കിലും ഭാവിയെ പോലും ബാധിക്കുന്ന വിധത്തില്‍ മകള്‍ക്കും കുടുംബത്തിനുമുണ്ടായ ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് പിതാവിന്റെ ആവശ്യം.
ജിസാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്നു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. അരിവാള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയ്‌ക്കെത്തിയ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന രിഹാമിന് എയ്ഡ്‌സ് രോഗിയുടെ രക്തം ആശുപത്രി ജീവനക്കാര്‍ അബദ്ധത്തില്‍ കുത്തിവയ്ക്കുകയായിരുന്നു. ചികില്‍സയ്ക്കു ശേഷം ആശുപത്രി വിട്ട രിഹാമിന്റെ വീട്ടുകാരെ ആശുപത്രി അധികൃതര്‍ എയ്ഡ്‌സ് ബാധിച്ച രക്തമാണ് കുത്തിവച്ചതെന്ന് വിളിച്ചറിയിക്കുകയാണുണ്ടായത്. ഇതേത്തുടര്‍ന്ന് രിഹാമിനെ കിങ് ഫഹദ് സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യമന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ ബ്ലഡ്ബാങ്കില്‍ സൂക്ഷിച്ചിരുന്ന രക്തത്തില്‍ എയ്ഡ്‌സ് ബാധ ഉണ്ടായിരുന്നെന്ന് കണ്ടെത്തി. വേണ്ടത്ര പരിശോധനകള്‍ കൂടാതെ രക്തം സൂക്ഷിക്കുകയായിരുന്നു. രക്ത ബാങ്കില്‍ അവസാനമായി രക്തം ഇറക്കുമതി ചെയ്തത് 1985ലാണ്. കുത്തിവച്ച രക്തം ഇറക്കുമതി ചെയ്തതല്ലെന്നും സൗദിയിലുള്ള രക്തദാതാവില്‍ നിന്നു സ്വീകരിച്ചതാണെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഇതേ തുടര്‍ന്ന് ആശുപത്രി ഡയറക്ടര്‍ ജനറലിനെയും മെഡിക്കല്‍ ഡയറക്ടറെയും ചികില്‍സിച്ച ഡോക്ടറെയും ബ്ലഡ് ബാങ്ക് ഡയറക്ടേഴ്‌സിനെയും മന്ത്രാലയം പിരിച്ചുവിടുകയുണ്ടായി. രക്തബാങ്ക് താല്‍ക്കാലികമായി അടച്ചുപൂട്ടാനും നിര്‍ദേശം നല്‍കിയിരുന്നു. രക്തം മാറി കുത്തിവച്ച സംഭവവും രിഹാമിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും ഗള്‍ഫ് തേജസ് നേരത്തേ റിപോര്‍ട്ട് ചെയതിരുന്നു. റിഹാമിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച അന്നത്തെ ആരോഗ്യമന്ത്രി അബ്ദുല്ല അല്‍ റബീഅ പെണ്‍കുട്ടിക്ക് ഐപാഡ് സമ്മാനമായി നല്‍കിയാണ് മടങ്ങിയത്.
വിദഗ്ധ ചികില്‍സയ്ക്ക് വിധേയമാക്കിയ പെണ്‍കുട്ടിയുടെ രക്തം പലപ്പോഴായി മൂന്നുതവണ പരിശോധിച്ചപ്പോഴും എയ്ഡ്‌സ് മുക്തമാണെന്ന് കണ്ടെത്തിയതായി ഡോ.സമി അല്‍ ഹജ്ജാര്‍ പറഞ്ഞു. റിഹാമിന്റെ ശരീരത്തിലുള്ള എയ്ഡ്‌സ് വൈറസുകള്‍ നിര്‍ജീവമാണെന്ന് ഹാവഡ് യൂനിവേഴ്‌സിറ്റിയിലെ അമേരിക്കന്‍ ഡോക്ടര്‍ രക്തസാംപിള്‍ പരിശോധനയ്ക്കു ശേഷം വ്യക്തമാക്കിയതായും ഹജ്ജാര്‍ കൂട്ടിച്ചേര്‍ത്തു. രിഹാമിന് അഞ്ചു ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ 2015 മെയില്‍ ആരോഗ്യ മന്ത്രാലയത്തിലെ ലീഗല്‍ സമിതി ഉത്തരവിട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day